അപകടത്തില്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദ വുഡ്സ് ഹോള്‍ ഓഷ്യാനിക് ഇന്‍സ്റ്റിറ്റ്യൂട്ട്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ദൃശ്യങ്ങളൊന്നും എഡിറ്റ് ചെയ്യാതെ പശ്ചാത്തലം സംഗീതം മാത്രം നല്‍കിയാണ് പുറത്തുവിട്ടത്. 1986ല്‍ നടത്തിയ ഡൈവിങ് പര്യവേഷണത്തിനിടെയാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. 1985 സെപ്റ്റംബറിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ദ വുഡ്സ് ഹോള്‍ ഓഷ്യാനിക് ഇന്‍സ്റ്റിറ്റ്യൂട്ടും ഒരു ഫ്രഞ്ച് സ്ഥാപനവും സംയുക്തമായാണ് അന്ന് പര്യവേഷണം നടത്തിയത്. ഡോ. റോബര്‍ട്ട് ബല്ലാര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. 1912 ലാണ് ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍ അപകടത്തില്‍പ്പെടുന്നത്. ആദ്യ യാത്ര പോലും പൂര്‍ത്തിയാക്കാനാവാതെയാണ് ടൈറ്റാനിക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നാമാവശേഷമായത്. 2,223 യാത്രക്കാരില്‍ 1,517 പേര്‍ മരിച്ചു.