Mon. Dec 23rd, 2024
isrel

ഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ ഹാക്കിംഗും അട്ടിമറികളും വ്യാജപ്രചാരണവും നടത്തി ലോകമെമ്പാടുമായി നടന്ന 30 ലധികം തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാട്ടിയ ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ദി ഗാര്‍ഡിയന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ ഇസ്രായേലി സംഘം ഇന്ത്യയിലും പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യത്തില്‍ ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങള്‍ ലക്ഷ്യം നേടിയെന്നും ഈ സംഘത്തത്തെ രൂപീകരിച്ച ത്അല്‍ ഹനാന്‍ അവകാശപ്പെടുന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് സംഘത്തെ സമീപിച്ചത്. നുണപ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെന്ന് സംഘത്തിന്റെ തലവനായ ത്അല്‍ ഹനാന്‍ തന്നെ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇന്ത്യയില്‍ ഒരു വലിയ കമ്പനിക്ക് വേണ്ടി വ്യവസായ തര്‍ക്കത്തില്‍ ഇടപെട്ടെന്നും ഹനാന്‍ വ്യക്തമാക്കുന്നത് വീഡിയോയില്‍ കാണാം.

ടീം ഹൊഹെ എന്നാണ് ഗൂഢസംഘത്തിന്റെ പേര്. പണം നല്‍കിയാല്‍ ആര്‍ക്കുവേണ്ടിയും എന്തും സമൂഹ മാധ്യമങ്ങളിലൂടെ ഹൊഹെ ചെയ്തു നല്‍കും. വമ്പന്‍ കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തുകയും ലക്ഷക്കണക്കിന് വ്യാജ അകൗണ്ടുകളിലൂടെ നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും ഫെയ്‌സ്ബുക്കും ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നത്. പ്രത്യേക സോഫ്റ്റ്വേര്‍ വഴി അയ്യായിരത്തോളം ബോട്ടുകള്‍ ഉണ്ടാക്കിയായിരുന്നു പ്രചാരണം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം