ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസത്തിലും തുടരുന്നു. ഇന്നത്തോടെ പരിശോധന അവസാനിച്ചേക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ 10.30 ന് ആരംഭിച്ച പരിശോധനയാണ് തുടരുന്നത്. അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2012 മുതലുള്ള സാമ്പത്തിക രേഖകളാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ മാത്രം ഓഫീസിലെത്തിയാല്‍ മതിയെന്നും ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി തുടരാനും ബിബിസി നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയ ബിബിസി, വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും നിര്‍ദേശിച്ചു. അതെസമയം, ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ ഡല്‍ഹി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചതോടെ ഓഫീസിന് മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചു.