ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചതിന് ശേഷമാണ് ഇന്ധനവില വര്‍ധിച്ചത്. രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് ഇന്ധനവില ഉയര്‍ന്നിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 22.20 രൂപ വര്‍ധിപ്പിച്ച് 272 രൂപയും അതിവേഗ ഡീസലിന്റെ വില 17.20 വര്‍ധിപ്പിച്ച് ലിറ്ററിന് 280 രൂപയാക്കിയതായി ധനകാര്യ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. മണ്ണെണ്ണയുടെയും ലൈറ്റ് ഡീസല്‍ എണ്ണയുടെയും വില യഥാക്രമം 12.90 രൂപയും 9.68 രൂപയുമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡോളറിനെതിരെ പാകിസ്ഥാന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമെന്നാണ് ധനകാര്യ വിഭാഗം പറയുന്നത്.