Sat. Nov 23rd, 2024
adivasi-youth-viswanathan

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോഷണം നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചതിനെ തുടര്‍ന്ന് ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ നിര്‍ണായക സൂചന ലഭിച്ചെന്ന് പൊലീസ്. വിശ്വനാഥന്‍ ആശുപത്രി പരിസരത്ത് നില്‍ക്കുന്നതിന്റെയും നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വിശ്വനാഥനെ ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്ത ആള്‍ക്കൂട്ടത്തിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. അതേസമയം, മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ തടഞ്ഞ നാലുപേരില്‍ രണ്ടുപേരെ കുറിച്ച് പൊലീസിന് ഇതിനോടകം വിവരം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നവരെ തിരിച്ചറിയുന്നതിനായി വിശദമായ അന്വേഷണം നടക്കുകയാണ്.

വാക്കേറ്റം നടക്കുന്നതിന്റെയും വിശ്വനാഥന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിസ്സഹായനായി നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. വിശ്വനാഥന്റെ മരണത്തില്‍ പട്ടികവിഭാഗ പീഡന നിരോധന നിയമം കൂടി പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ കൂട്ടിരുപ്പുകാരുടെ ഉള്‍പ്പടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 11-ാംതീയതിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പ്രവേശിപ്പിച്ച ഭാര്യയെ പരിചരിക്കാനെത്തിയ വിശ്വനാഥനെ ആശുപത്രി പരിസരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം