ഇക്വാറ്റോറിയല്‍ ഗിനിയയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന മാരക വൈറസാണ് മാര്‍ബര്‍ഗ്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്താണ് മാര്‍ബര്‍ഗ് വൈറസ്
ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണ് മാര്‍ബര്‍ഗ്. അവയവങ്ങളെ ബാധിക്കുന്ന വൈറസ് രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകല്‍ പറയുന്നത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. എബോള വൈറസ് രോഗത്തിന് കാരണമാകുന്ന അതേ വൈറസ് കുടുംബത്തിലാണ് മാര്‍ബര്‍ഗ് വൈറസും ഉള്‍പ്പെടുന്നത്. മറ്റ് വൈറസ് രോഗങ്ങളില്‍ നിന്നും മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പഴംതീനി വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലില്‍ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാല്‍ അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അതിവേഗത്തിലായിരിക്കും പകരുക. രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം.
വൈറസിന്റെ ലക്ഷണങ്ങള്‍
കടുത്ത പനി, കഠിനമായ തലവേദന, ദേഹാസ്വാസ്ഥ്യം, ഛര്‍ദി, അടിവയര്‍ വേദന, ശരീര വേദന എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം രണ്ട് മുതല്‍ 21 ദിവസം വരെയാണ്. ടൈഫോയിഡ്, മലേറിയ എന്നിവയ്ക്ക് സമാനമായതിനാല്‍ ചിലരില്‍ രോഗം തുടക്കത്തില്‍ കണ്ടെത്താന്‍ പ്രയാസകരമായേക്കും. രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴു ദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ബാധിച്ചാണ് മരണം സംഭവിക്കുന്നത്.
ചികിത്സ രീതി
നിലവില്‍ ഈ വൈറസിന് വാക്‌സിനുകളോ ആന്റിവൈറല്‍ ചികിത്സകളോ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ക്ക് അനുയോജിച്ച ചികിത്സയാണ് നല്‍കുക. അതായത് സപ്പോര്‍ട്ടീവ് കെയര്‍ വഴിയോ ഓറല്‍ അല്ലെങ്കില്‍ ഇന്‍ട്രാവണസ് ദ്രാവകങ്ങള്‍ ഉപയോഗിച്ചുള്ള റീഹൈഡ്രേഷന്‍ വഴിയോ പ്രത്യേക രോഗലക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സ വഴിയോ വൈറസിനെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുകയുള്ളു. പല വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.