വെല്ലിങ്ങ്ടണ്‍: ഗബ്രിയേല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂസിലാന്റില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആഞ്ഞുവീശിയ ചുഴലിക്കാറ്റ് രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത് നാശനഷ്ടങ്ങളാണ് വിതച്ചത്. പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിലാണ് എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രി കീറന്‍ മക്അനുള്‍ട്ടി അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്. കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് ഏതാണ്ട് 46000 വീടുകളിലെ വൈദ്യുതി ബന്ധം ഇല്ലാതായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മണ്ണിടിച്ചിലിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരമായ ഓക്കലന്‍ഡിന് സമീപമുള്ള നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായി. ഗിസ്ബോണ്‍ തീരപ്രദേശം, തൈരാവിത്തി തുടങ്ങിയ ചില ജനവിഭാഗങ്ങള്‍ വൈദ്യുതിയോ മൊബൈല്‍ നെറ്റ്വര്‍ക്കുകളോ റോഡ് സൗകര്യമോ ഇല്ലാതെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.
വടക്കന്‍ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശത്തും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി റോഡുകള്‍ തകര്‍ന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ദുരന്തം ന്യൂസിലന്റുകാരുടെ ജീവിത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഇന്ന് കൂടുതല്‍ മഴയും കാറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രി മക്അനുള്‍ട്ടി പറഞ്ഞു. കൂടുതല്‍ മഴയും കാറ്റും ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും.