Wed. Dec 18th, 2024
adani

മുംബൈ: ലോക സമ്പന്നരുടെ പട്ടികയില്‍ 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. രണ്ട് മാസം മുന്‍പ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ രണ്ടാം സ്ഥാനത്തായിരുന്ന അദാനിയാണ് 24 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അദാനി ഇപ്പോള്‍ 24-ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറിലേക്കെത്തി. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച നേരിട്ടു. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നേരിട്ട തിരിച്ചടിയില്‍ നിന്നും പുറത്ത് കടക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിന്റെ ഓഹരികളിലെ വിപണി പ്രവര്‍ത്തനങ്ങളും ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി സുപ്രീം കോടതിയെ അറിയിച്ചു. ഓഹരി മൂല്യം ഉയര്‍ത്തി കാണിച്ച് അദാനി ഗ്രൂപ്പ് വഞ്ചന നടത്തിയെന്ന ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജികളടക്കം അദാനി ഗ്രൂപ്പിനെതിരെ എത്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം