Mon. Jan 27th, 2025
Rajeev Chandrasekhar

ഡല്‍ഹി: കൃത്യമായ കാരണം വ്യക്തമാക്കിയില്ലെങ്കില്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലിങ്ങ് സമയത്ത് കടക്കാര്‍ അനാവശ്യമായി മൊബൈല്‍ നമ്പര്‍ വാങ്ങുന്നതിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ഡല്‍ഹി വിമാനത്താവളത്തിനുള്ളിലെ കടയില്‍ നിന്നും ച്യൂയിങ്ങ് ഗം വാങ്ങിയപ്പോള്‍ കടക്കാരന്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഠാക്കൂറിന്റെ ട്വീറ്റിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. ച്യൂയിങ്ങ് ഗം വാങ്ങുന്നതിന് മൊബൈല്‍ നമ്പര്‍ എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ മൊബൈല്‍ നമ്പര്‍ വേണമെന്നായിരുന്നു കടയിലെ മാനേജരുടെ മറുപടി. ഇതേ തുടര്‍ന്നായിരുന്നു ഠാക്കൂറിന്റെ ട്വീറ്റ്. ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം