ഇസ്താംബൂള്‍: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ 128 മണിക്കൂറിന് ശേഷം രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. ഹതായില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ രണ്ടു വയസ് പ്രായമുള്ള പെണ്‍കുട്ടിയും, ആറു മാസം ഗര്‍ഭിണിയായ സ്ത്രീയും, 70 വയസുള്ള മറ്റൊരു സ്ത്രീയും അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നുവെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും വന്‍ ദുരിതമാണ് വിതച്ചത്. അതിശൈത്യമായിട്ടും ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 33,000 ത്തോളം പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. കടുത്ത തണുപ്പും പട്ടിണിയും മൂലം ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആറായിരത്തോളം കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. ഈ നൂറ്റാണ്ടില്‍ ലോകത്തിലുണ്ടായ ഏറ്റവും മാരകമായ ഏഴാമത്തെ പ്രകൃതി ദുരന്തമായാണ് തുര്‍ക്കി ഭൂകമ്പത്തെ കണക്കാക്കുന്നത്.