ഡല്‍ഹി: ആര്‍.ബി.ഐ വായ്പാ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ ബാങ്കുകളും വായ്പാ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കും [പി.എന്‍.ബി] ബാങ്ക് ഓഫ് ബറോഡയുമാണ് വായ്പാ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ഒമ്പത് ശതമാനമാക്കിയതായി പി.എന്‍.ബി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നേരത്തെ 8.75 ശതമാനമായിരുന്ന വായ്പാ നിരക്കാണ് ഇപ്പോള്‍ 9 ശതമാനമായി ഉയര്‍ത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ എം.സി.എല്‍.ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് 5 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഈ മാസം 12 മുതല്‍ നിലവില്‍ വരുമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചു.
അടിസ്ഥാന പണപ്പെരുപ്പം ചൂണ്ടിക്കാട്ടി കഴിഞ്ഞ ബുധനാഴ്ചയാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കിയത്. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക് എന്നത്. ആര്‍.ബി.ഐ പണനയസമിതി യോഗത്തിനു ശേഷം ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് റീപ്പോ നിരക്ക് വര്‍ധിപ്പിച്ചുവെന്ന് അറിയിച്ചത്. അതേസമയം, റിപ്പോ നിരക്ക് ഉയര്‍ന്നതോടെ വാഹന, ഭവന വായ്പകളുടെ പലിശ നിരക്കും വര്‍ധിക്കും.