Wed. Dec 18th, 2024

വൈപ്പിന്‍ മാലിപ്പുറം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രണ്ടര ഏക്കറോളം വരുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി ഭൂമാഫിയ. നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ അലൈന്റ്‌മെന്റിന് തൊട്ടടുത്തുള്ള പ്രദേശമായതിനാല്‍ ഹൈവെ യാഥാര്‍ത്ഥ്യമാവുമ്പോള്‍ ഈ സ്ഥലത്തിന് കിട്ടിയേക്കാവുന്ന കോടികളിലാണ് ഭൂമാഫിയയുടെ കണ്ണ്. രണ്ടു പ്രളയകാലത്തും മുങ്ങിപ്പോയ പ്രദേശമായതിനാല്‍ നിലവിലുള്ള തണ്ണീര്‍ത്തടങ്ങള്‍ കൂടി നികത്തിക്കഴിഞ്ഞാല്‍ ഭാവി എന്താകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പച്ചയായ ലംഘനമാണ് എളങ്കുന്നപുഴ പഞ്ചായത്തില്‍ നടക്കുന്നത്. തണ്ണീര്‍ത്തടങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശം ആയതുകൊണ്ട് തന്നെ നികത്തല്‍ പൂര്‍ണമാവുമ്പോള്‍ പ്രദേശമാകെ വെള്ളത്തിനടിയിലായി ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കൈവരുമെന്ന് ഉറപ്പാണ്.

2018 ലേയും 2019ലേയും വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ സ്ഥലമായതിനാല്‍ കനത്ത ഒരു മഴ പെയ്താല്‍ തന്നെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം ഒഴുകിപ്പോകുന്ന തണ്ണീര്‍ത്തടങ്ങളും കൈത്തോടുകളും നികത്തപ്പെടുന്നതോടെ പ്രദേശം കുടിയൊഴിക്കല്‍ ഭീഷണി നേരിടും. മാത്രമല്ല മത്സ്യബന്ധത്തെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങള്‍ പട്ടിണിയിലുമാകും.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.