Tue. Nov 26th, 2024

 

മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 10  കോടി രൂപയാണ് 2023- 24 ലെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സാനിറ്ററി നാപ്കിനുകൾക്കു പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ബദൽ മാർഗം എന്ന നിലയിൽ മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ അറിയിച്ചിരുന്നു. ആർത്തവം അശ്ലീലമാണെന്നും അത് മൂടിവെക്കാനുള്ളതാണെന്നുമുള്ള കാഴ്ചപ്പാട് പുലർത്തിപ്പോരുന്ന സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. സർവകലാശാലകളിൽ ആർത്തവ അവധി നൽകിയതും ഇതിനോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. 

എന്നാൽ ഇത് ശരിക്കും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം  വെക്കുന്ന തീരുമാനമാണോ?  അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാതെ പുരോഗമന രീതി പിന്തുടരുകയാണെന്ന് വാദിച്ചിച്ചിട്ട് എന്താണ് കാര്യം. സ്ത്രീ സമൂഹത്തിന്റെ പ്രത്യേകിച്ചും ദിവസക്കൂലിക്കായും മറ്റും തൊഴിലെടുക്കുന്ന അസംഘടിത മേഖലയിലെ സ്ത്രീകളുടെ ആവശ്യങ്ങളിലൊന്ന് സുരക്ഷിതവും വൃത്തിയുള്ളതുമായ മൂത്രപ്പുരകളാണ്. കേരളത്തിന്റെ പ്രധാന നഗരങ്ങളിലൂടെ യാത്ര ചെയ്താൽ മനസ്സിലാകും സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മൂത്രപ്പുരകൾ വിരളമാണെന്ന്. ഉള്ളതിൽ മിക്കതുമാവട്ടെ  പൂട്ടിയിട്ടിരിക്കുന്ന നിലയിലും. പദ്ധതിയുടെ ഉദ്‌ഘാടനത്തിനു കാണിക്കുന്ന ആവേശം അത് ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്നുണ്ടോ എന്ന് അന്വേഷിച്ചിക്കാൻ അധികൃതർ കാണിക്കുന്നില്ല. നഗരങ്ങളിലെ കടകളിൽ ജോലിചെയ്യുന്നവരിൽ അധികവും സ്ത്രീകളാണ്.  രാവിലെ ആരംഭിക്കുന്ന ജോലി വൈകിട്ടായിരിക്കും അവസാനിക്കുന്നത്. ചിലപ്പോൾ അത് നീണ്ടുപോകും. ഇതിനിടയിൽ അത്യാവശ്യ ഘട്ടങ്ങളിൽ പോലും മൂത്രപ്പുര തേടി പോകുന്നവർക്ക് അത് ലഭ്യമാകാത്ത സാഹചര്യമാണ്. എല്ലായിടത്തും പെട്രോൾ പമ്പുകളില്ലേ അവിടെല്ലാം ശൗചാലയങ്ങളും  ഇല്ലേ എന്ന ചോദ്യങ്ങളും ഉന്നയിക്കുന്നവരുണ്ട്. പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ ഇതിലും ഭയാനകമാണ്. പലപ്പോഴും ഭക്ഷണം കഴിക്കാനെന്ന വ്യാജേന ഹോട്ടലുകളിലും മറ്റും ശൗചാലയം തേടി പോകേണ്ട അവസ്ഥയാണ് പലർക്കും ഉള്ളത്. മെൻസ്ട്രുൽ കപ്പുകൾ ഉപയോഗിക്കുന്നവർ മിക്കപ്പോഴും കൂടുതൽ വൃത്തിയുള്ള ശൗചാലയങ്ങളാണ് തിരഞ്ഞെടുക്കുക. എന്നാൽ വൃത്തിഹീനമായതും പൂട്ടികിടക്കുന്നതുമായ ശൗചാലയങ്ങൾ ഉള്ളപ്പോൾ എങ്ങനെയാണ് മെൻസ്ട്രുൽ കപ്പുകളുടെ ഉപയോഗം കൂടുതൽ പേരിലേക്ക് എത്തുന്നത്. അത്തരം സാഹചര്യങ്ങൾ  ഉള്ളതുകൊണ്ട് കൂടിയാണ് മിക്ക സ്ത്രീകളും ആർത്തവ സമയത്ത് സാനിറ്ററി നാപ്കിനുകൾ തിരഞ്ഞെടുക്കുന്നത്. അങ്ങനെയെങ്കിൽ മെൻസ്ട്രുൾ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി സർക്കാർ നീക്കിവെക്കുന്ന  തുകയും തീരുമാനവും അപ്രായോഗികമാവില്ലേ.

ഉപയോഗിച്ച സാനിറ്ററി പാഡുകൾ ശരിയായ രീതിയിൽ നിർമാർജനം ചെയ്യാനുള്ള അസൗകര്യങ്ങൾ വരെ പൊതു ശൗചാലയങ്ങളിലുണ്ട്. ഇത്തരം സാഹചര്യങ്ങൾ നിലനിക്കെയാണ് സർക്കാർ, സ്ത്രീകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും പരിഗണിക്കാതെ വിദൂര ഭാവിയിൽ പ്രയഗോഗികമായേക്കാവുന്ന മെൻസ്ട്രുൾ കപ്പ് പോലെയുള്ള പദ്ധതികൾക്ക് വേണ്ടി തുകകൾ വകയിരുത്തുന്നത്.  മെൻസ്ട്രുൾ കപ്പുകളുടെ ഉപയോഗം സ്ത്രീകളുടെ ഇടയിൽ സജീവമാക്കുന്നത് ഉചിതമായ തീരുമാനം തന്നെയാണ്. അതിന്റെ ഉപയോഗങ്ങളെക്കുറിച്ച് സ്‌കൂളുകളും കോളേജുകളിലും ബോധവൽക്കരണം നടത്താനുള്ള തീരുമാനവും പ്രശംസനീയമാണ്.അപ്പോഴും എന്ത് ഉപയോഗിക്കണമെന്ന സ്ത്രീയുടെ തിരഞ്ഞെടുപ്പിന് തന്നെയാണ് അവിടെ മുൻഗണന. മെൻസ്ട്രുൾ കപ്പിന്റെ പ്രചാരണത്തുന്  മുൻപ് സർക്കാർ ആദ്യം ചെയ്യേണ്ടത് സ്ത്രീകൾക്ക് പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനത്തിനുള്ള വൃത്തിയും സുരക്ഷിതവുമായ ഇടങ്ങൾ ഒരുക്കുകയാണ്.  മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഹാരം കണ്ടെത്താൻ ഒരു സർക്കാരിന് കാഴിഞ്ഞിട്ടില്ലെങ്കിൽ എത്ര തന്നെ  പുരോഗമനമെന്ന വെള്ള പൂശിയിട്ട് കാര്യമില്ല. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.