Tue. Nov 5th, 2024

 

നിലമ്പൂര്‍ ആയിഷ എന്ന സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ ജീവിതം ‘ആയിഷ’ എന്ന പേരില്‍ സിനിമയായിരിക്കുകയാണ്. നിലമ്പൂര്‍ ആയിഷയുടെ സാംസ്‌ക്കാരിക മുന്നേറ്റ ചരിത്രം പൊതുമണ്ഡലത്തിലെ മുസ്ലീം സ്ത്രീയുടെ കൂടി ചരിത്രമാണ്. ഈ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ സിനിമയാക്കി അഭ്രപാളിയില്‍ എത്തിച്ചിരിക്കുന്നത് ആമിര്‍ പള്ളിക്കലാണ്. അന്താരാഷ്ട്ര സിനിമകളോട് കിടപിടിക്കുന്ന ആഖ്യാന ശൈലിയുണ്ട് ‘ആയിഷ’ക്ക്. സിനിമയുടെ അവസാന ഭാഗത്ത് പറയുന്നത് പോലെ നിലമ്പൂര്‍ ആയിഷ ഒരു വിമോചന പ്രസ്ഥാനമാണ്. സ്ത്രീകളുടെ പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ വിമോചനത്തിനു വേണ്ടി മതത്തോടും പൗരോഹിത്യത്തോടും കലഹിച്ച വിമോചന പ്രസ്ഥാനം.

നിലമ്പൂര്‍ ആയിഷ

‘രക്ഷിക്കാന്‍ കഴിയാത്ത ഒരു മതക്കാരും നമ്മളെ ശിക്ഷിക്കുകയും വേണ്ട’ എന്ന രാഷ്ട്രീയ പ്രസ്താവന നടത്തിയാണ് ആയിഷ പൊതുസമൂഹത്തിന്റെ മധ്യത്തിലേക്ക് ഇറങ്ങിച്ചെന്നത്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിനാവ് പോലും കാണാന്‍ പറ്റാത്ത ഒന്നായിരുന്ന സാമൂഹിക അന്തരീക്ഷത്തില്‍ നിന്നാണ് 16 വയസ്സുകാരിയായ ആയിഷ കലാ ലോകത്തേയ്ക്ക് കയറിചെല്ലുന്നത്. തന്റെ വഴികള്‍ തീര്‍ത്തും ദുര്‍ഘടമാണെന്ന് ബോധ്യമുണ്ടായിട്ടും ആയിഷ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. കല്ലേറ് കൊണ്ടിട്ടും, തെറിവിളി കേട്ടിട്ടും, തനിക്കെതിരെ വെടിയുതിര്‍ക്കുന്ന സന്ദര്‍ഭം ഉണ്ടായിട്ടും കലാരംഗത്ത് പാറപോലെ ഉറച്ചുനില്‍ക്കാന്‍ ആയിഷക്കായി.

ഒന്നര വയസുള്ള മകളെ വളര്‍ത്താന്‍ വേണ്ടിയാണ് ആയിഷ നടിയായതെങ്കില്‍, അവരുടെ സമര ജീവിതം ഊര്‍ജം പകര്‍ന്നത് ഒരു സമുദായത്തിന്റെ പുരോഗതിക്കും സ്ത്രീക്കും തന്നെയാണ്. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പുരോഗമനവാദികളുടെയും പിന്തുണ പല എതിര്‍പ്പുകളെയും അതിജീവിക്കാന്‍ ആയിഷയ്ക്ക് സഹായകമായി. കെടി മുഹമ്മദെന്ന അതികായകന്റെ നാടകങ്ങള്‍ ആയിഷയെ രാഷ്ട്രീയമായി അടയാളപ്പെടുത്തുന്നതില്‍ മുതല്‍കൂട്ടായി. പട്ടിണി കിടന്നും ആക്രമങ്ങളെ നേരിട്ടും തന്നെ പൂര്‍ണമായും കലാ രംഗത്ത് സമര്‍പ്പിച്ചിട്ടും ചില കല്ലുകടികള്‍ അവരുടെ കലാജീവിതത്തിലുണ്ടായി. തുടര്‍ന്നാണ് പെട്ടെന്ന് പിടിക്കപ്പെടാവുന്ന ഒരു ഒളിച്ചുകളിപോലെ അവര്‍ പ്രവാസിയാവുന്നത്.

നിലമ്പൂര്‍ ആയിഷയെന്ന കലാകാരിയുടെ സൗദി അറേബ്യയിലെ എണ്‍പതുകളുടെ അവസാനത്തില്‍ ആരംഭിച്ച ഗദ്ദാമ ജീവിതമാണ് ആമിര്‍ ‘ആയിഷ’യിലൂടെ പറയാന്‍ ശ്രമിക്കുന്നത്. 18 വര്‍ഷക്കാലം നിലമ്പൂര്‍ ആയിഷ ഗദ്ദാമയായി സൗദിയിലെ ഒരു കൊട്ടാരത്തില്‍ തൊഴിലെടുത്തു. വിപ്ലവകാരിക്കുമപ്പുറം സ്‌നേഹത്താലും സഹാനുഭൂതിയാലും നിറഞ്ഞ ഒരു ഹൃദയമുള്ള മനുഷ്യസ്ത്രീ കൂടി ആയിരുന്നു അവര്‍ എന്ന് ഗദ്ദാമ ജീവിതം നമ്മുക്ക് കാണിച്ചുതരുന്നു. സിനിമയുടെ തുടക്കത്തില്‍ സംവിധായകന്‍ തന്നെ പറയുന്നുണ്ട് ഇത് നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിന്റെ ഒരു ഏട് മാത്രമാണെന്ന്. എന്നാല്‍ പല ഏടുകളുടെ കനത്ത ഭാഗങ്ങള്‍ ആമിര്‍ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. നിലമ്പൂര്‍ ആയിഷയുടെ സാമൂഹിക ജീവിതം പല സീനുകളില്‍ നിന്നും മനസ്സിലാക്കാന്‍ പ്രേക്ഷകന് കഴിയും. അന്‍പതുകളില്‍ തുടങ്ങി നീണ്ട 70 വര്‍ഷക്കാലം കലാ രംഗത്ത് നിലനില്‍ക്കുന്ന നിലമ്പൂര്‍ ആയിഷയുടെ ജീവിതം വിശാലമായ ക്യാന്‍വാസില്‍ അവതരിപ്പിക്കപ്പെടെണ്ടത് തന്നെയാണ്. എന്നിരുന്നാലും നിലമ്പൂര്‍ ആയിഷയുടെ സമര ജീവിതത്തിലെ ചില ഏടുകള്‍ രണ്ടര മണിക്കൂറിനുള്ളില്‍ പറയാന്‍ കഴിയുമെങ്കില്‍ അതും നല്ലതാണ്. തീര്‍ച്ചയായും അത് സംവിധായകന്റെയും എഴുത്തുകാരന്റെയും സര്‍ഗ പരിധിക്കുള്ളില്‍ വരുന്ന വിഷയമാണ്. ആ സര്‍ഗ്ഗ പരിധി നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തോട് നീതി പുലര്‍ത്തിയിട്ടുണ്ടോ എന്ന് നോക്കിയാല്‍ മതി.

സംവിധയാകാന്‍ ആമിര്‍ പള്ളിക്കല്‍, കഥാകൃത്ത്‌ ആഷിഫ്‌ കക്കോടി

നിലമ്പൂര്‍ ആയിഷയുടെ നാടക-സിനിമാ ജീവിതവും, അവര്‍ നേരിട്ട ആക്രമണങ്ങളും ബോധപൂര്‍വം ഒഴിവക്കിയതല്ലെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ വോക്ക് മലയാളത്തോട് പറഞ്ഞു. ‘നിലമ്പൂര്‍ ആയിഷയുടെ രാഷ്ട്രീയ സാംസ്‌ക്കാരിക ജീവിതത്തെ കുറിച്ച് കേരളത്തിലുള്ളവര്‍ക്ക് വ്യക്തമായി അറിയാം. അതിനു വേണ്ടി ഒരു സിനിമ എടുക്കേണ്ട ആവശ്യം ഇല്ല. ഈ സിനിമയിലൂടെ നിലമ്പൂര്‍ ആയിഷയിലേക്ക് ആള്‍ക്കാരുടെ ഓര്‍മകള്‍ പോകുമ്പോള്‍ സ്വാഭാവികമായും അത് ഇനിയും ചര്‍ച്ച ചെയ്യപ്പെടും. ആയിഷ പലസമയത്തും പറഞ്ഞ കഥകള്‍ തന്നെയാണ് ഞങ്ങള്‍ സിനിമയായി എടുത്തു വെച്ചിരിക്കുന്നത്. എന്നാല്‍ നമ്മള്‍ കണ്ടു പരിചിതമല്ലാത്ത ഒരു കൂട്ടം ആളുകള്‍ക്ക് ഇടയില്‍ നിലമ്പൂര്‍ ആയിഷ ഇത്ര കാലം എങ്ങനെ ജീവിച്ചു എന്നത് ആര്‍ക്കും അറിയില്ല. അതില്‍ സിനിമാറ്റിക് സ്വഭാവം കൂടി ഉള്‍പ്പെടുത്തിയാണ് ഈ കഥ സിനിമയാക്കിയിരിക്കുന്നത്. എങ്കിലും നിലമ്പൂര്‍ ആയിഷ എന്ന രാഷ്ട്രീയ ജീവിയെ നഷപ്പെട്ടു പോകരുത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. സിനിമ പൂര്‍ണമായും ബയോ പിക് അല്ല. ഒരു സിനിമക്ക് ഒരു പരിധിയുണ്ട്. എന്നിട്ട് പോലും രണ്ടര മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചു. അവരുടെ ഒരു രാഷ്ട്രീയവും പറയാതെയും സിനിമ ചെയ്യാമായിരുന്നു. എന്നാല്‍ അവരുടെ വ്യക്തി ജീവിതം, നാടക ജീവിതം, രാഷ്ട്രീയ ജീവിതം ഇതിനെ കുറിച്ചൊക്കെ പറഞ്ഞു പോകുന്നുണ്ട്. സിനിമ അപ്പോഴും നില്‍ക്കുന്നത് സൗദി അറേബ്യയിലെ ആ കൊട്ടാരത്തിനകത്താണ്. അവിടെ അവര്‍ ഇരുപത് വര്‍ഷക്കാലം എന്തിനു നിന്നു? ഒരു കവിയൂര്‍ പൊന്നമ്മയോ, കെ പി എ സി ലളിതയോ, സുകുമാരിയോ ആകുമായിരുന്ന ഒരു നടി ആ വലുപ്പത്തിലേക്ക് എന്തുകൊണ്ട് വന്നില്ല, അതിനുള്ള കാരണം. അത് പൂര്‍ണമായും മനുഷ്യത്വമാണ്. അവര്‍ ഹൃദയ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുകയും അവരുടെ കരിയര്‍ അതിനു വേണ്ടി മാറ്റിവെക്കുകയും ചെയ്തു. കലാകാരി എന്ന നിലമ്പൂര്‍ ആയിഷയെയും മനുഷ്യബന്ധങ്ങള്‍ക്ക് മൂല്യം കൊടുക്കുന്ന നിലമ്പൂര്‍ ആയിഷയെയും അടയാളപ്പെടുത്തുക എന്നതായിരുന്നു സിനിമയുടെ ഉദ്ദേശം. മലബാറിലെ ഒരു മുസ്ലീം സ്ത്രീ എല്ലാ വിലക്കുകള്‍ക്കും അപ്പുറം നിലനില്‍ക്കുന്നുണ്ട്. അത് അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് തന്നെയാണ് ഈ സിനിമ ഉണ്ടായിട്ടുള്ളത്.’, ആമിര്‍ പള്ളിക്കല്‍ പറഞ്ഞു.

 

18 വര്‍ഷത്തെ നിലമ്പൂര്‍ ആയിഷയുടെ മാനുഷിക മൂല്യം അടയാളപ്പെടുത്താതെ പോകരുത് എന്ന വാശിയില്‍ നിന്നാണ് ആയിഷ ഉണ്ടാവുന്നത് എന്നാണ് കഥാകൃത്ത് ആഷിഫ് കക്കോടി വോക്ക് മലയാളത്തോട് പറഞ്ഞത്. ‘ഇതൊരു വലിയ ഇതിഹാസത്തിന്റെ ജീവിത കഥയാണ്. നിലമ്പൂര്‍ ആയിഷ എന്ന വ്യക്തിയോടുള്ള ദൈവികമായ നൈതികത കൂടിയാണ് ഈ സിനിമ. ഇത് സംഭവിക്കേണ്ടതാണ്. ഞങ്ങള്‍ അല്ലെങ്കില്‍ വേറെ ആരെങ്കിലും ഇത് ചെയ്യണമായിരുന്നു. നിലമ്പൂര്‍ ആയിഷയുടെ ജീവിതം പരിപൂര്‍ണമായും ഞങ്ങള്‍ പറഞ്ഞിട്ടില്ല. അത് പറയാനും കഴിയില്ല. എന്നാലും അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും കഥ സ്പര്‍ശിച്ചിട്ടുണ്ട്. ഒരാളുടെ ജിവിതം തൊടുകയാണെങ്കില്‍ അത് കാണികള്‍ക്ക് ഇമ്പമാകുന്ന രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ പറ്റണം. അപ്പോഴാണ് പൊതുജനത്തെ അയാളുടെ ജീവിതത്തിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുക. വലിയ ക്യാന്‍വാസില്‍ ഭാഷകള്‍ക്ക് അതീതമായ സിനിമകള്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ കണ്ട് അത്രയേറെ ആനന്ദിക്കുന്ന പ്രേക്ഷകരാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് പുതിയ തലമുറക്കും പഴയ തലമുറക്കും ഞങ്ങളുടെ സിനിമ മനസ്സിലാക്കാന്‍ പറ്റിയിട്ടുണ്ട്. സിനിമയെ സിനിമാറ്റിക്ക് ആയാണ് സമീപിക്കേണ്ടത്. സിനിമ കൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന മൂല്യങ്ങളില്‍ കുറവ് ഉണ്ടാവരുത് എന്നുണ്ട്.’, ആഷിഫ് കക്കോടി പറഞ്ഞു.

ഇറാനിയന്‍, തുര്‍ക്കി സിനിമകളുടെ ശൈലിയെ ഓര്‍മിപ്പിക്കുന്ന ആഖ്യാന രീതി ആയിഷയ്ക്ക് എഴുത്തുകാരന്‍ കൊണ്ടുവന്നിട്ടുണ്ട്. മലയാള സിനിമ ഇന്നേവരെ കാണാത്ത പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ പറച്ചിലുകള്‍ സിനിമയ്ക്ക് ഒരന്താരാഷ്ട്ര സ്വഭാവം കൈവരുത്തുന്നു. സിനിമ ആവശ്യപ്പെടുന്ന ഭാഷ ഉപയോഗിച്ചു എന്നാണ് തിരക്കഥകൃത്ത് ആഷിഫ് കക്കോടി പറഞ്ഞത്. ‘സിനിമയുടെ ക്രാഫ്റ്റില്‍ ഒരു റോയല്‍ ടച്ചുണ്ട്. കൂടാതെ നിലമ്പൂര്‍ ആയിഷയുടെ ഭാഷയ്ക്കും ഒരു സൗന്ദര്യമുണ്ട്. അതിനോട് നീതിപുലര്‍ത്തുന്ന ഭാഷയാണ് ഉപയോഗിച്ചത്. സിനിമ ഉണ്ടാവുന്നത് ഒരു അത്ഭുതമല്ല. എന്നാല്‍ മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഒരു സിനിമ എങ്ങനെ സൃഷ്ടിക്കണം എന്നുള്ളതായിരുന്നു ആദ്യം ഞങ്ങള്‍ ചിന്തിച്ചിരുന്നത്. ഒരു പ്രത്യേക ഭാഗത്ത് പ്രാധാന്യം കൊടുത്ത് അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ആ വ്യക്തിയുടെ മുഴുവന്‍ ജീവിതം പറയുക എന്ന പരീക്ഷണം കൂടിയായിരുന്നു സിനിമ. ഒരുപാട് പരത്തി പറഞ്ഞാല്‍ ഒന്നും എവിടെയും എത്താതെ നില്‍ക്കും.’, ആഷിഫ് കക്കോടി പറഞ്ഞു.

കഫന്‍ ചെയ്യാനുള്ള തുണിയുമായാണ് ആയിഷ തന്റെ പ്രവാസം ആരംഭിക്കാന്‍ പോകുന്നത്. അതിനര്‍ത്ഥം തിരിച്ചുവരവ് അനന്തമാണ് എന്നാണ്. മരുഭൂമിയില്‍ കിടന്നു മരിക്കാനാണ് വിധിയെങ്കില്‍ അതിനും തയ്യാറായിട്ടായിരുന്നു ആയിഷയുടെ യാത്ര. എന്നാല്‍ ആ കീറത്തുണി വിധിക്കപ്പെട്ടത് മറ്റൊരു സ്ത്രീയ്ക്കും. ആയിഷയ്ക്ക് അത്രമേല്‍ ആത്മബന്ധമുള്ള ‘മാമ്മ’യ്ക്കാണ് ആ വിധി മാറ്റിവെക്കപ്പെട്ടത്. സിനിമയില്‍ ആയിഷയ്‌ക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് മാമ്മയുടേത്. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു സ്ത്രീയുടെ എല്ലാ സംഘര്‍ഷങ്ങളും അതിന്റെ എല്ലാ വൈകാരികതയോടും കൂടി മാമ്മയായി വന്ന മോണ എസേ അഭിനയിച്ച് പ്രതിഫലിപ്പിച്ചു. ആയിഷയായി എത്തിയ മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്ന പാത്രനിര്‍മിതിയായിരുന്നു മോണയുടേത്. അടുക്കളയില്‍ ഏറെ നാള്‍ സ്വന്തം അസ്തിത്വം ഒളിച്ചു വയ്ക്കാന്‍ കഴിയാതിരുന്ന ആയിഷയ്ക്ക് താന്‍ ആരാണെന്നു വെളിപ്പെടുത്തേണ്ടിവരുന്നുണ്ട്. അന്ന് അവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നത് മാമ്മയാണ്. തന്റെ ഒറ്റപ്പെടലിന് വലിയ ആശ്വാസമായ ആയിഷയെ, തന്നെ ആനന്ദിപ്പിക്കാന്‍ കഴിയുന്ന ആയിഷയെ മാമ്മ കലാരംഗത്തെയ്ക്ക് മടക്കി അയക്കുന്നുണ്ട്. അത് അവനവനോട് തന്നെ നീതിപുലര്‍ത്തല്‍ ആണെന്ന് അടിയുറച്ച് വിശ്വസിക്കുന്നുമുണ്ട് മാമ്മ. പലവിധേയനെയും സ്വതം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ രംഗങ്ങള്‍ ഒരുപക്ഷെ വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഒരേ സമയം അധികാര സ്ഥാനത്തിരിക്കുകയും എന്നാല്‍ ഒറ്റപ്പെട്ടുപോവുകയും ചെയ്യുന്ന അവസ്ഥയാണ് മാമ്മയുടേത്. വാര്‍ദ്ധക്യം വന്നിട്ടുള്ള സ്ത്രീകളുടെ ആത്മ സംഘര്‍ഷം മാമ്മയിലൂടെ വെളിപ്പെടുത്തുകയായിരുന്നു സിനിമയില്‍.

ചെറിയ വേഷങ്ങളില്‍ വന്നുപോയിട്ടുള്ള കലാകാരന്മാര്‍ക്ക് വരെ സിനിമയില്‍ വ്യക്തമായ ഐഡന്റിറ്റിയുണ്ട്. നിലമ്പൂര്‍ ആയിഷയുടെ വ്യക്തിജീവിതം മാറ്റിനിര്‍ത്തിയാല്‍ സ്ത്രീകളുടെ അതിജീവനം, വ്യക്തി സ്വാതന്ത്രം, സന്തോഷങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, ബന്ധങ്ങളിലെ അടരുകള്‍ തുടങ്ങി സ്ത്രീകളുടെ കണ്ണിലൂടെയുള്ള കഥപറച്ചില്‍ ആണ് സംവിധായകനും എഴുത്തുകാരനും നടത്തിയിട്ടുള്ളത്. ഒരു കാലഘട്ടത്തില്‍ പുകവലിക്കുന്ന സ്ത്രീകളെ മലബാര്‍ മേഖലയില്‍ കാണാമായിരുന്നു. ആ സ്വാതന്ത്രം 80-90 കാലഘത്തിലെ സൗദി സ്ത്രീയ്ക്കും ഉണ്ടായിരുന്നു. വിവാഹപ്രായത്തില്‍ തന്റെ പ്രതിശുത വരനെ കാണാന്‍ പോകുന്ന ‘മാമ്മ’യും അയാളും പുകവലിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ മാമ്മ ചോദിക്കുന്നുണ്ട് ‘സ്ത്രീകള്‍ക്ക് മാത്രമായി ഒരു തെറ്റുണ്ടോ.?’ എന്ന്. ഇല്ല അങ്ങനെ ഒരു തെറ്റില്ലാ എന്ന് പറഞ്ഞ് സ്ത്രീയോടൊപ്പം നില്‍ക്കാന്‍ സിനിമ ശ്രദ്ധിക്കുന്നുണ്ട്.

മലയാള സിനിമ ഇതുവരെ എത്തിനോക്കാന്‍ ശ്രമിക്കാത്ത പ്രവാസലോകമാണ് സിനിമയില്‍ കാണിക്കുന്നത്. സൗദി എന്നാല്‍ ശരീയത്ത് നിയമം മാത്രമാണ് എന്ന് പറഞ്ഞിരുന്നവര്‍ക്കിടയിലേക്കാണ് അറബ് രാജ്യത്തിന്റെ മറ്റൊരു മുഖം സിനിമ കാണിച്ചു തരുന്നത്. ഈ കഥയെല്ലാം ഫ്രെയ്മുകളിലേക്ക് പാകപ്പെടുത്തിയ വിഷ്ണു ശര്‍മയുടെ കാമറ കാഴ്ചകള്‍ സിനിമയുടെ സൗന്ദര്യ ശാസ്ത്രത്തെ എല്ലാതരത്തിലും പ്രേക്ഷകനിലേയ്ക്ക് എത്തിക്കുന്നു. ആര്‍ട്ട്, കോസ്റ്റ്യൂം എല്ലാം പ്രേക്ഷകന് മടുക്കാത്ത രീതിയില്‍ ആണ് ചെയ്തിട്ടുള്ളത്. കോസ്റ്റ്യൂമിലെ സമീറ സനീഷിന്റെ പുതുമകള്‍ കഥാപരിസരത്തോടും കലയോടും ചേര്‍ന്നുനില്‍ക്കുന്നതാണ്. രാഷ്ട്രീയ-സാംസ്‌ക്കാരിക വിലക്കുകള്‍ നേരിട്ട് മലബാറിലെ ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നും വിമോചനത്തിന്റെ ഐക്കണ്‍ ആയി ഉയര്‍ന്നുവന്ന നിലമ്പൂര്‍ ആയിഷയുടെ സമര ജീവിതത്തിലെ ഒരേടിനോട് നീതിപുലര്‍ത്തി.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.