Mon. Dec 23rd, 2024

 

കേരളത്തില്‍ വലിയ തോതില്‍ സാമൂഹിക അവസര നഷ്ടത്തിന്റെ യാതനകള്‍ പേറുന്ന ജനവിഭാഗമാണ് തദ്ദേശീയരായ ആദിവാസി ജനവിഭാഗം. ഭൗതിക സാമൂഹിക മുന്നേറ്റങ്ങളുടെ പങ്ക് ലഭ്യമാകാത്തതിലൂടെയും സമൂഹം എന്നനിലയില്‍ സ്വയം വികസിക്കാനും വളരാനുമുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കപ്പെടുന്നതിലൂടെയുമാണ് ഗോത്ര വിഭാഗത്തിന്റെ സാമൂഹിക അവസരങ്ങള്‍ ഹനിക്കപ്പെടുന്നത്. ഈ സാമൂഹിക അവസരങ്ങള്‍ നേടിയെടുക്കാന്‍ ഇവിടുത്തെ പൊതുവ്യവസ്ഥിതികളോട് നിരന്തരം കലഹത്തില്‍ ഏര്‍പ്പെടുന്നവരാണ് ഗോത്ര വിഭാഗക്കാര്‍. സംസ്‌ക്കാരം, ഭൂമി, കലകള്‍, വസ്ത്രധാരണം, ഭാഷ, വിഭ്യാഭ്യാസം തുടങ്ങി സര്‍വതിലും തങ്ങളുടെ വ്യക്തി സവിശേഷത പ്രകടമാവണമെന്നും സാമൂഹിക വ്യവഹാരങ്ങളില്‍ തുല്യ പരിഗണന ഉണ്ടാവണമെന്നും ഗോത്ര ജനത എക്കാലത്തും ആവശ്യപ്പെടുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ എല്ലാ അവസരങ്ങളിലും ഈ ജനത വിനിയോഗിക്കാറുമുണ്ട്.

അത്തരത്തില്‍ തങ്ങളുടെ പാരമ്പര്യം പൊതുസമൂഹത്തില്‍ അടയാളപ്പെടുത്താന്‍ തനത് വസ്ത്രധാരണ രീതിയില്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ് വയനാട് ഇരുളം സ്വദേശി ബിന്ദു. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്കര്‍ വര്‍ഗത്തില്‍ ഉള്‍പ്പെട്ട ബിന്ദു വാകേരി കക്കടംകുന്ന് എല്‍ പി സ്‌കൂളിലെ മെന്റര്‍ ടീച്ചറാണ്. വയനാട്ടില്‍ അറിയപ്പെടുന്ന ഗോത്ര കവയത്രിയും ഗായികയുമാണ് ബിന്ദു.

Wayanad tribal teacher bindhu
ബിന്ദു ഇരുളം- മെന്റര്‍ ടീച്ചര്‍

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗോത്ര ബന്ധു പദ്ധതിയ്ക്ക് കീഴില്‍ മെന്റര്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ബിന്ദു. സ്‌കൂളില്‍ നടത്തിയ ഗോത്ര ഫെസ്റ്റിന്റെ ഭാഗമായാണ് തങ്ങളുടെ തനത് വസ്ത്രധാരണ രീതിയില്‍ വസ്ത്രം ധരിച്ചതെന്ന് ബിന്ദു വോക്ക് മലയാളത്തോട് പറഞ്ഞു. ‘കുട്ടികളും ഞാനും ആവേശത്തില്‍ ആയിരുന്നു. എന്റെ വേഷത്തില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു, അവരുടെ കൂടെ പാടി, ഞങ്ങളുടെ ആട്ടം കാണിച്ചുകൊടുത്തു. കുട്ടികള്‍ക്ക് ഭയങ്കര സന്തോഷം ആയിരുന്നു. പൊതുസമൂഹത്തോടൊപ്പം ഞങ്ങള്‍ക്കും അംഗീകാരം ലഭിക്കണം. ഞങ്ങളുടെ തനത് കളികളും പാട്ടുകളും ഞങ്ങളുടെ വേഷത്തിലാണ് അവതരിപ്പിക്കേണ്ടത്. അതിനുവേണ്ടിയാണ് സ്‌കൂളില്‍ പരിപാടിയുണ്ടായപ്പോള്‍ ഞങ്ങളുടെ വേഷത്തില്‍ പോയതും.’, ബിന്ദു പറയുന്നു.

ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഗോത്രബന്ധു. ഗോത്രഭാഷയില്‍ നിന്നും മലയാളഭാഷയിലേയ്ക്ക് ആദിവാസി കുട്ടികളെ പറിച്ചുനടുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ കുട്ടികള്‍ നേരിടുന്നുണ്ട്. മാറ്റിനിര്‍ത്തപ്പെടല്‍, പഠിക്കാന്‍ കഴിയാതെ വരല്‍, ഭാഷാ തടസ്സം, ഇതിന്റെയൊക്കെ ബാക്കിപത്രമായി വരുന്ന സാമൂഹിക വിവേചനങ്ങളും. ഈ കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാവുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗോത്രബന്ധു മേന്റെഴ്‌സിനെ ആദിവാസി മേഖലകളിലെ സ്‌കൂളുകളില്‍ നിയമിച്ചിരിക്കുന്നത്. വയനാട് ജില്ലയിലെ 241 സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിട്ടുണ്ട്. ആദിവാസി കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കുക, കൊഴിഞ്ഞു പോക്ക് തടയുക, ഊരും സ്‌കൂളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയാണ് മെന്റര്‍ ടീച്ചര്‍മാര്‍ ചെയ്യേണ്ടത്.

bindhu wayanad teacher
ബിന്ദു ഇരുളം കുട്ടികള്‍ക്കൊപ്പം

മെന്റര്‍ ടീച്ചര്‍മാര്‍ വന്നതിനു ശേഷം ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ബിന്ദു പറയുന്നു. ‘ഞങ്ങള്‍ വന്ന ശേഷമാണ് ആദിവാസി കുട്ടികള്‍ക്ക് അംഗീകാരം കിട്ടി തുടങ്ങിയത്. ഞങ്ങള്‍ ടിടിസി, ബിഎഡ് ട്രെയിനിങ്ങിനു പല സ്‌കൂളുകളിലും പോകുമ്പോള്‍ കാണുന്നുണ്ട് ഞങ്ങളുടെ കുട്ടികള്‍ ബാക്ക് ബെഞ്ചുകളില്‍ ഇരിക്കുന്നത്. അതിന് ഇപ്പോള്‍ കുറവു വന്നു. ഇപ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ എല്ലാവരുടെയും കൂടെ ഇരിക്കുന്നുണ്ട്. അവര്‍ക്ക് അവരുടെ ഭാഷ പറയാനും പാടാനുമുള്ള അന്തരീക്ഷം ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഒരു കുട്ടി സ്‌കൂളില്‍ വരാതെയാല്‍ ഞങ്ങള്‍ വീട്ടില്‍ പോയി അന്വേഷിക്കും. ആ കുട്ടിയുടെ രക്ഷിതാക്കളെ ബോധവല്‍ക്കരിക്കും. അവരെ തിരിച്ച് സ്‌കൂളില്‍ എത്തിക്കും. ഏതൊരു മേഖലയിലും ഞങ്ങള്‍ ആദിവാസികളെ ആരും അംഗീകരിക്കില്ല. എങ്ങനെയൊക്കെ ആയിരുന്നാലും ആളുകള്‍ ഞങ്ങളെ മാറ്റിനിര്‍ത്തുന്ന പ്രവണത ഉണ്ട്. ഞങ്ങള്‍ എത്ര ഉയരങ്ങളില്‍ എത്തിയാലും അവര്‍ അങ്ങനെയാണ് എന്ന മനോഭാവമാണ് പലര്‍ക്കും. കുട്ടികളുടെ കാര്യത്തില്‍ വളരെ പതുക്കെയാണെങ്കിലും അതെല്ലാം മാറ്റിയെടുക്കാന്‍ സാധിക്കുന്നുണ്ട്.’, ബിന്ദു വോക്ക് മലയാളത്തോട് പറഞ്ഞു.

‘ചേര്‍ത്തുപിടിക്കുമ്പോള്‍ ആണല്ലോ എല്ലാവരും ഒരുപോലെ ആണെന്ന് തോന്നുക. ഈ ചേര്‍ത്തുപിടിക്കല്‍ ഇല്ലാത്തത് കൊണ്ടാണ് ഞങ്ങളുടെ കുട്ടികള്‍ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞു പോകുന്നത്. അവര്‍ക്ക് ഒരു ഇടം വേണം. ഒന്നാം ക്ലാസില്‍ ചേരുന്ന ആദിവാസി കുട്ടിയ്ക്ക് അവരുടെ ഭാഷ മാത്രമേ അറിയൂ. മലയാളം അറിയില്ല. ഇവര്‍ക്ക് മലയാളത്തിലേയ്ക്ക് മാറണമെങ്കില്‍ അവരെ ചേര്‍ത്തുപിടിക്കണം. ഇവര്‍ക്ക് വേണ്ടിയാണ് ഞങ്ങളെ പോലെയുള്ള അധ്യാപകര്‍ വേണ്ടത്. അധ്യാപകരായ ഞങ്ങളോടും മറ്റു വിഭാഗത്തില്‍ പെട്ട അധ്യാപകര്‍ വേര്‍തിരിവ് കാണിക്കാറുണ്ട്. ക്ലസ്റ്റര്‍ മീറ്റിങ്ങുകളില്‍ ഞങ്ങള്‍ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞാല്‍ ബാക്കിയുള്ള ടീച്ചേര്‍സ് അത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ കുറെ ചോദ്യങ്ങള്‍ ഞങ്ങളോട് ചോദിക്കും. ഞങ്ങള്‍ ഒന്നും അറിയാത്ത ആളുകള്‍ ആണെന്ന് സ്ഥാപിച്ച് എടുക്കാനാണ്. ടിടിസിയും ബിഎഡും പഠിച്ചിട്ട് തന്നെയാണ് ഞങ്ങള്‍ ടീച്ചര്‍മാരായത്. ലിപി ഇല്ലാത്തത് കൊണ്ട് മാറ്റിനിര്‍ത്തപ്പെട്ട ഭാഷയാണ് ഗോത്രഭാഷ. മറ്റു ഭാഷകളെ പോലെ തന്നെ വാമൊഴികളും, കടങ്കഥകളും, പഴംചൊല്ലുകളും, പാട്ടുകളും, ഐതിഹ്യകഥകളും ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ഭാഷയ്ക്കും അംഗീകാരം ലഭിക്കണം. അതിനര്‍ത്ഥം ഞങ്ങളുടെ കുട്ടികള്‍ മലയാളം പഠിക്കേണ്ടതില്ല എന്നല്ല. മലയാളം അടക്കം എല്ലാ ഭാഷകളും ഞങ്ങളുടെ കുട്ടികള്‍ പഠിക്കണം. എന്നാലെ പൊതുസമൂഹത്തിന്റെ ഒപ്പം ഞങ്ങള്‍ക്കും നില്‍ക്കാന്‍ സാധിക്കൂ. അതോടൊപ്പം ഞങ്ങളുടെ ഭാഷയേയും അംഗീകരിക്കാന്‍ തയ്യാറാവണം.’, ബിന്ദു വോക്ക് മലയാളത്തോട് പറഞ്ഞു.

ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ബിന്ദു അടക്കമുള്ള ഗോത്ര അധ്യാപകര്‍ തങ്ങളുടെ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നത്. ഒരു കുട്ടി ക്ലാസില്‍ വന്നില്ലെങ്കില്‍ അവനെ/അവളെ തിരികെ ക്ലാസില്‍ എത്തിക്കുക മെന്റര്‍ അധ്യാപരുടെ ജോലിയാണ്. വാഹന സൗകര്യം ഇല്ലാത്ത കടിനകത്ത് വരെയുള്ള ഊരുകളില്‍ പോയാണ് ഇവര്‍ കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നത്. ഇതിനൊന്നും പ്രത്യേക ബോണസോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് ബിന്ദു പറയുന്നു. പ്രധാനമായും ഇവര്‍ ഉന്നയിക്കുന്ന പ്രശ്‌നം കൂലി തന്നെയാണ്. പദ്ധതിയുടെ തുടക്കത്തില്‍ നിശ്ചയിച്ച 750 രൂപ തന്നെയാണ് ഇപ്പോഴത്തെയും ദിവസവേതനം. ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതുകൊണ്ട് സ്‌കൂള്‍ ഉള്ള ദിവസങ്ങളിലെ വേതനം മാത്രമാണ് ലഭിക്കുക. ഇതാണെങ്കില്‍ കൃത്യമായി എല്ലാ മാസവും ലഭിക്കാറില്ലെന്ന് ബിന്ദു പറയുന്നു.

‘ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് വേതനം നല്‍കുന്നത്. ആ കൂലി കൃത്യമായി ഞങ്ങള്‍ക്ക് കിട്ടാറില്ല. ഫണ്ട് ഉള്ളതിനനുസരിച്ചാണ് തരിക. രണ്ടു മാസം കൂടുമ്പോഴായാണ് കിട്ടുന്നത്. ചിലപ്പോള്‍ മാസത്തിന്റെ പകുതിയേ തരൂ. ശമ്പള ബില്‍ ആണല്ലോ ആദ്യം മാറുക. അത് കഴിഞ്ഞിട്ട് പതിനാറോ പതിനേഴോ ദിവസം കഴിഞ്ഞാണ് ഞങ്ങളുടെ ശമ്പളം തരാനുള്ള കാര്യങ്ങള്‍ ചെയ്യുക. ഫണ്ടില്ല എന്നാണ് അവര്‍ പറയുന്നത്. സ്‌കൂള്‍ ഉള്ള ദിവസങ്ങളിലെ കൂലിയെ ഞങ്ങള്‍ക്ക് കിട്ടൂ. സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഫീല്‍ഡ് വര്‍ക്ക് ഉണ്ടാവാറുണ്ട്. അതിനൊക്കെ സ്വന്തം പൈസ എടുത്താണ് പോകുന്നത്. കൃത്യമായി പൈസ കിട്ടാതാവുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ടാണ്. വണ്ടികൂലി പലപ്പോഴും ഉണ്ടാവാറില്ല. ദിവസവേതനം 1000 രൂപ ആക്കാന്‍ ഞങ്ങള്‍ എഴുതി കൊടുത്തിട്ടുണ്ട്. അതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ദൂരെ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. അടുത്തുള്ളവര്‍ക്ക് നടന്നെങ്കിലും പോകാം.’, ബിന്ദു പറയുന്നു.

ധനകാര്യ വകുപ്പില്‍ നിന്നുള്ള കാലതാമസമാണ് വേതനം വൈകാനുള്ള കാരണം എന്നാണ് വയനാട് ടിഡിഒ പ്രമോദ് വോക്ക് മലയാളത്തോട് പറഞ്ഞത്. നിലവില്‍ ഡയറക്റ്ററേറ്റില്‍ ഒരുപാട് പ്രഷര്‍ ചെലുത്തിയാണ് ഫണ്ട് പാസാക്കി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെന്റര്‍ ടീച്ചര്‍മാര്‍ക്ക് മാത്രമല്ല എസ്ടി പ്രമോട്ടര്‍മാര്‍, ജനനി ജന്മരക്ഷാ പദ്ധതി തുടങ്ങിയ പട്ടികവര്‍ഗ വിഭാഗത്തിനുള്ള വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാര്‍ ഇതേ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.