Fri. Nov 22nd, 2024

 

കേരളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച ഭാഷാ സാഹിത്യകാരന്‍ റൊണാള്‍ഡ് ഇ ആഷര്‍ ഓര്‍മയാവുമ്പോള്‍ ബാക്കിയാവുന്നത് ദ്രവീഡിയന്‍ സാഹിത്യലോകത്തിന് അദ്ദേഹം നല്‍കിയ ലോകോത്തര സംഭാവനകളാണ്. ഭാഷാ ഗവേഷകനും ദ്രാവിഡ ഭാഷാ പണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ ആഷര്‍ ഇംഗ്ലണ്ടിലെ നോട്ടിങ്ങാംഷറിലാണ് ജനിച്ചത്. എഡിന്‍ബറോ സര്‍വകലാശാലയില്‍ ഭാഷാശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായിരുന്നു. ഗവേഷണാര്‍ഥം ഇന്ത്യയിലെത്തിയ ആഷര്‍ ആദ്യം പഠിച്ചത് ദ്രാവിഡ ഭാഷയായ തമിഴാണ്. പിന്നീട് മലയാളവും. അതുവഴി മലയാള സാഹിത്യത്തിലെ ഭാഷയുടെ വൈവിധ്യങ്ങളും ആഷര്‍ അറിഞ്ഞു. പിന്നീട് അത് വിവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ മുന്നിലെത്തിച്ചു.

ഭാഷ വൈവിധ്യത്തിന്റെ നിരവധി അടരുകളുള്ള ബഷീറിന്റെ കൃതികളാണ് ആഷര്‍ കൂടുതലും മൊഴിമാറ്റം ചെയ്തത്. തന്റെതായ ഭാഷാ സവിശേഷതകള്‍ കൊണ്ട് ഒരു സാഹിത്യ സര്‍വകലാശാല തന്നെ സ്ഥാപിച്ച ബഷീറിന്റെ കൃതികളുടെ ആഴം തൊടാന്‍ ആഷറിന് കഴിഞ്ഞു എന്ന് തന്നെ വേണം പറയാന്‍. ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷ പരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വായനക്കാരെ കേവലാഹ്ലാദത്തില്‍ നിന്ന് ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന ബഷീറിയന്‍ ശൈലി താരതമ്യങ്ങള്‍ക്കതീതമാണ്.

പളുങ്കൂസ്, ഈ വെളിച്ചത്തിനെന്തു വെളിച്ചം, ഇമ്മിണി ബല്യ ഒന്ന്, ചപ്ലാച്ചി, ബഡ്ക്കൂസ്, കുണ്ട്രപ്പി, ബുസ്സാട്ടോ, ഡ്രങ്ക് ഡിങ്കാഹോ, ഹുലീ ഹലീയോ ഹുലി, ഹുലാലോ, ഹന്‍ധോന്തു… തുടങ്ങിയ വാക്കുകള്‍ ബഷീറിന്റെ മാത്രം സംഭാവനയാണ്. ഈ വാക്കുകള്‍ക്ക് പകരംവെക്കാനുള്ള പദപ്രയോഗങ്ങള്‍ ലോകത്തെ മറ്റൊരു ഭാഷയിലുമില്ല. എന്നിരുന്നിട്ടും കഥയുടെ രസം ചോര്‍ന്നുപോകാതെ ബഷീറിന്റെ കൃതികള്‍ ആഷര്‍ മൊഴിമാറ്റം ചെയ്തു.

ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’, തകഴിയുടെ ‘തോട്ടിയുടെ മകന്‍’ എന്നിവ ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്താണ് ആഷര്‍ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായി തുടങ്ങിയത്. ‘ബാല്യകാലസഖി’, ‘പാത്തുമ്മയുടെ ആട്’ തുടങ്ങിയ കൃതികളും ഒട്ടേറെ ചെറുകഥകളും ഇംഗ്ലിഷിലേക്കു മൊഴിമാറ്റി. ആഷറിന്റെ അവസാനത്തെ പ്രധാനപ്പെട്ട കൃതി കെ പി രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’യുടെ തര്‍ജമയായ ‘വാട്ട് ദ് സൂഫി സെഡ്’ ആണ്.

ബഷീറുമായി വലിയ ആത്മബന്ധമായിരുന്നു അദ്ദേഹത്തിന്. ബഷീറിന്റെ കൃതികള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് ആഷര്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഭാഷയിലാണ് ബഷീര്‍ എഴുതുന്നത്. ഈ ഭാഷ ഇംഗ്ലീഷിലേയ്ക്ക് വിവരത്തനം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു എന്ന് ആഷര്‍ പറഞ്ഞിട്ടുണ്ട്.

‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്നതിനെ ‘മൈ ഗ്രാന്‍ഡ് ഡാഡ് ഹാഡ് ആന്‍ എലിഫന്റ്’ എന്ന് ഇംഗ്ലീഷിലാക്കിയപ്പോഴും താന്‍ ഒട്ടും സംതൃപ്തനായിരുന്നില്ലെന്ന് ആഷര്‍ പറഞ്ഞിട്ടുണ്ട്. ബഷീറിന്റെ പ്രയോഗത്തിന്റെ മനോഹാരിത ഒരിക്കലും പരിഭാഷക്ക് പൂര്‍ണമായി വഴങ്ങിത്തരില്ലെന്ന് പറയുകയായിരുന്നു അദ്ദേഹം.

ബാല്യകാലസഖിയില്‍ സുഹറയുടെ മരണത്തില്‍ മജീദിന്റെ അവസ്ഥ ബഷീര്‍ വിവരിക്കുന്നുണ്ട്. ‘പ്രപഞ്ചം ശൂന്യമായെ’ന്നാണ് ബഷീര്‍ എഴുതിയത്. അത് ആഷര്‍ മൊഴിമാറ്റിയത് ഇങ്ങനെയാണ്- ‘The world was full of emptiness’.

‘ഉള്ളില്‍ നിന്നും രോമകൂപങ്ങള്‍ വഴി പൊന്തിയ തണുത്ത ആവിയില്‍ മജീദ് കുളിച്ചുപോയി എന്നുമാത്രം’ എന്ന് ബഷീര്‍ അടുത്ത വരിയായി എഴുതുന്നു, ഇതിലെ ആഷറിന്റെ പരിഭാഷ ഇങ്ങനെയാണ്- ‘It was just that Majid was soaked in perspiration that had come through all the pores of his skin’.

വളരെ പെട്ടെന്ന് അനാഥനായിപ്പോയ അതിതീവ്ര ദുഖത്തിലും ഒറ്റപ്പെടലിലും നില്‍ക്കുന്ന മജീദിന്റെ അവസ്ഥ അതിന്റെ എല്ലാ വൈകാരികതയിലും ബഷീര്‍ തന്റെ ഭാഷയിലൂടെ പ്രതിഫലിപ്പിച്ചു. ഒരു സംശയവും ഇല്ലാതെ വായനക്കാര്‍ മജീദിന്റെ ദുഖത്തില്‍ പങ്കാളികളായി. എന്നാല്‍ ആഷറിന്റെ വാക്കുകള്‍ അത്രകണ്ട് തീവ്രത വാനയക്കാരില്‍ എത്തിച്ചോ എന്നതില്‍ സംശയമാണ്.

‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന കഥയിലെ ‘ആ ആന കുഴിയാനയായിരുന്നു’ എന്നു പറയുന്നത് ‘എലിഫന്റ് ആന്റ്’ എന്നാണ് ആഷര്‍ തര്‍ജമ ചെയ്തത്. കുഴിയാന എന്താണെന്ന് ഇംഗ്ലിഷുകാര്‍ക്ക് അറിയാന്‍ സാധ്യതയില്ലാ എന്ന് ആഷറിന് അറിയാമായിരുന്നു. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിക്ക് അലിക്കത്ത്, കാച്ചി, തട്ടം തുടങ്ങി അറുപതോളം മലബാര്‍ പദങ്ങള്‍ സംഭാവന നല്‍കിയതും ആഷറാണ്.

ദ്രാവിഡ ഭാഷകളില്‍ ആഷറിന്റെയും ആദ്യ ശ്രദ്ധ പതിഞ്ഞത് തമിഴിലാണ്. ക്രമേണ പ്രാചീന തമിഴിലും സംഘസാഹിത്യത്തിലും പ്രാവീണ്യം നേടി. അദ്ദേഹത്തിന് മലയാളത്തിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കിയത് അണ്ണാമലൈ സര്‍വകലാശാലയിലുണ്ടായിരുന്ന കെ എം പ്രഭാകര വാര്യയറാണ്. ഭാഷാശാസ്ത്ര രംഗത്ത് അദ്ദേഹം ‘എന്‍സൈക്ലോപീഡിയ ഓഫ് ലാംഗ്വിജ് ആന്‍ഡ് ലിങ്ഗ്വിസ്റ്റിക്സ്’ എന്ന കൃതി പുറത്തിറക്കി. ‘മലയാളം ക്രിയാരൂപങ്ങളെ എങ്ങനെ വര്‍ഗീകരിക്കാം’, ‘സകര്‍മക പ്രയോജകങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്’ ഉള്‍പ്പെടെയുള്ള ലേഖനങ്ങളെല്ലാം ശ്രദ്ധ നേടി. മലയാള മഹാനിഘണ്ടുവിന്റെ വിപുലമായ നിരൂപണം അദ്ദേഹം എഴുതിയിട്ടുണ്ട്. തമിഴ് എഴുത്തുകാരന്‍ പുതുമൈപിത്തന്റെ 99 ചെറുകഥകളുടെ സമാഹാരവും ആഷര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ബഷീര്‍ മുതല്‍ എം എന്‍ കാരശ്ശേരി വരെയുള്ള സാഹിത്യ സൗഹൃദ വലയമുണ്ട് ആഷറിന്. കോഴിക്കോട് ആഷറിന് സ്വന്തം നഗരംപോലെ പരിചിതമായിരുന്നു. പതിറ്റാണ്ടുകളുടെ സാഹിത്യയാത്ര അവസാനിപ്പിച്ച് ആഷര്‍ ചരിത്രമാവുമ്പോള്‍ ആ ചരിത്രത്തില്‍ ഈ കൊച്ചു കേരളവും ഇവിടുത്തെ വൈവിധ്യമാര്‍ന്ന സാഹിത്യ ലോകവും ചേര്‍ന്നുനില്‍ക്കുന്നുണ്ട്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.