Sun. Dec 22nd, 2024

ഗവര്‍ണര്‍-കാബിനറ്റ് ബന്ധത്തെക്കുറിച്ചും പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഗവര്‍ണറുടെ പങ്കിനെക്കുറിച്ചുമുള്ള ചര്‍ച്ചകളും വീണ്ടും ഉയരുന്നത് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ സാക്ഷ്യം വഹിച്ച ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൂടെയാണ്. 2023 ലെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി നടത്തിയ നയപ്രഖ്യാപന പ്രസംഗം വന്‍ വിവാദങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. പ്രസംഗത്തില്‍ ഗവര്‍ണര്‍ ചില ഭാഗങ്ങള്‍ വിട്ടുകളഞ്ഞതും, ചില വാക്കുകകള്‍ കൂട്ടി ചേര്‍ത്തതും ഡിഎംകെ അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി. ബിജെപി സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍, തമിഴ്‌നാട് എന്നതിന് പകരം തമിഴകം എന്നാക്കണമെന്ന പ്രസ്താവന, നിമയങ്ങള്‍ ഒപ്പിടാത്ത നടപടി തുടങ്ങിയ വിഷയങ്ങളില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ റമ്മി നിരോധന നിയമം അടക്കം സര്‍ക്കാര്‍ പാസാക്കിയ 21 ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞു വെച്ചിട്ടുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തില്‍ പെരിയാറിന്‍റേയും അംബേദ്കറുടേയും കാമരാജിന്റേയും അണ്ണാദുരയുടേയും കരുണാനിധിയുടേയും സിദ്ധാന്തങ്ങളും ആശയങ്ങളും പിന്‍തുടരുന്ന സര്‍ക്കാര്‍ ദ്രാവിഡ മോഡല്‍ ഭരണമാണ് നടത്തുന്നതെന്ന ഭാഗം ആര്‍എന്‍ രവി വായിക്കാതെ ഒഴിവാക്കി. തമിഴ്‌നാട്ടിലെ ക്രമസമാധാനനിലയെക്കുറിച്ച് പറയുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചില്ല, സമാധാനത്തിന്റെ തുറമുഖമാണ് തമിഴ്നാട് എന്നും വിദേശ നിക്ഷേപകരെ വന്‍ തോതില്‍ ആകര്‍ഷിക്കുന്ന സ്ഥിതി എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സംജാതമാക്കിയെന്നും, സമസ്ത മേഖലയിലും പുരോഗതി കൊണ്ടുവരാന്‍ ഡിഎംകെ സര്‍ക്കാരിന് കഴിഞ്ഞുവെന്നും വായിക്കാന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി തയാറായില്ല. പ്രസംഗത്തിലെ 65ാം ഖണ്ഡികയിലുളള ദ്രാവിഡ മോഡല്‍ എന്ന പ്രയോഗവും ഒഴിവാക്കപ്പെട്ടു.

mk stalin

ഇതിന് പിന്നാലെ, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മാത്രമേ സ്പീക്കര്‍ സഭാ രേഖകളില്‍ ഉള്‍പ്പെടുത്താവൂ എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇതില്‍ പ്രകോപിതനായി ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗ ചടങ്ങിന്‍റെ അവസാനം ദേശീയ ഗാനം ആലപിച്ച് പൂര്‍ത്തിയാക്കുന്നതിന് മുമ്പായി തന്നെ ആര്‍എന്‍ രവി ധൃതിയില്‍ പുറത്തേക്ക് നടന്നുപോയിരുന്നു, ഗവര്‍ണര്‍ ദേശീയഗാനത്തെ ആദരിക്കണമായിരുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നു.

ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് സര്‍ക്കാരുകളുടെ ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഇടപെടുന്നത് വലിയ രാഷ്ട്രീയ തര്‍ക്കങ്ങളിലേക്കും വഴിയൊരുക്കിയിട്ടുണ്ട്. ഭരണഘടനാപദവിയാണെങ്കിലും വലിയ അധികാരങ്ങളൊന്നും ഗവര്‍ണര്‍ക്കില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ കൂടി പരിഗണിച്ച് മാത്രമേ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനാവൂ. അത് മറികടന്ന ഗവര്‍ണര്‍ സ്വന്തം നിലക്ക് തീരുമാനം എടുത്താല്‍ സംസ്ഥാന സര്‍ക്കാരിന് അത് കോടതിയില്‍ ചോദ്യം ചെയ്യാം. 1989ല്‍ കര്‍ണാടകത്തിലെ എസ് ആര്‍ ബൊമ്മെ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ് സുപ്രിംകോടതി സുപ്രധാനമായ വിധി പ്രസ്താവത്തിലൂടെ ഈ നടപടി അസാധുവാക്കി. ഇതോടെ ചട്ടം 356ന്‍റെ ദുരുപയോഗം ഇല്ലാതായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുകളില്‍ നിയന്ത്രണം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ പദവി പോല ഭരണഘടനാ പദവി അനിവാര്യമാണ് എന്ന് പറയുമ്പോഴും അത് കോളോണിയല്‍ നിയമത്തിലെ അധികാരങ്ങളുടെ അടിസ്ഥാനത്തില്‍ വേണമോ എന്നതാണ് പ്രധാന ചോദ്യം. ഗവര്‍ണമാരുടെ നിയമനം രാഷ്ട്രീയപരമായ തുടരുന്നതിനാല്‍ തന്നെ, രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പം നില്‍ക്കുമെന്ന് കരുതുക വയ്യ.

ഗവര്‍ണര്‍ നിയമനം സംബന്ധിച്ച് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന 1935-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷന്‍ 93 അതേപടി ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നുള്ള ആക്ഷേപവും നേരത്തെ പല തവണ ഉയര്‍ന്നതാണ്. സര്‍ക്കാരിനെ നിലനിര്‍ത്തുക എന്നത് ഗവര്‍ണ്ണറുടെ ഉത്തരവാദിത്തമാണ്, കാരണം ഗവര്‍ണറുടെ തൃപ്തിക്ക് അനുസൃതമായാണ് ഒരു സംസ്ഥാന ഭരണകൂടം നിലകൊള്ളുന്നത് എന്നതായിരുന്നു ബി ആര്‍ അംബേദ്കറുടെ വിശദീകരണം. സംസ്ഥാന ഭരണകൂടത്തെ ഉപദേശിക്കാന്‍, ആവശ്യം വന്നാല്‍ മുന്നറിയിപ്പുകള്‍ നല്കാന്‍, പിന്നെ ചില നിലപാടുകളില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഒക്കെ ഗവര്‍ണര്‍ക്ക് കഴിയണം എന്നും അദ്ദേഹം ഭരണഘടനാ നിര്‍മ്മാണ സഭയില്‍ വ്യക്തമാക്കിയതാണ്.

‘ഗവര്‍ണര്‍ എന്നത് അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ്. ഗവര്‍ണര്‍ക്ക് നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ലെന്ന് ഈ ഭരണഘടനാ അസംബ്ലിയിലെ എല്ലാവര്‍ക്കും അറിയാമെന്ന് ഞങ്ങള്‍ കരടു തയ്യാറാക്കിയ കമ്മിറ്റി കരുതുന്നു. ഒരു പ്രശസ്തമായ പ്രയോഗം കടമെടുക്കുകയാണെങ്കില്‍, ഗവര്‍ണര്‍ക്ക് വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലോ നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ല എന്നതാണ്. പുതിയ ഭരണഘടനയുടെ തത്ത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശത്തെ പിന്തുടരേണ്ടതുണ്ട്.’ എന്നാണ് അംബേദകര്‍ വ്യക്തമാക്കിയത്.

ഗവര്‍ണര്‍മാര്‍ പ്രസംഗം എഡിറ്റ് ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ഒരു ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഗവര്‍ണറുടെ പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ അവസാനത്തില്‍ മുഖ്യമന്ത്രി പ്രസംഗത്തെ പ്രതിരോധിക്കാന്‍ വിസമ്മതിച്ചേക്കാം, മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഗവര്‍ണറുടെ പ്രസംഗത്തെക്കുറിച്ചുള്ള പ്രമേയം സഭ നിരസിച്ചേക്കാം. ഇത്തരമൊരു സ്ഥിതിയാണ് തമിഴ്‌നാട് നിയമസഭയില്‍ ഉണ്ടായത്. ഗവര്‍ണര്‍ നയിക്കുന്നു, പക്ഷേ ഭരിക്കുന്നില്ല. സമര്‍ത്ഥനായ ഒരു ഉപദേഷ്ടാവ് എന്ന നിലയിലുള്ള തന്റെ പ്രധാന പങ്ക് ‘ആലോചിക്കപ്പെടുകയും മുന്നറിയിപ്പ് നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക’ എന്നതാണ് ഗവര്‍ണര്‍മാര്‍ക്ക് പ്രധാനമായും ചെയ്യാനുളളത്. ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും, ഭരണഘടനാ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍, പരസ്പരം ബഹുമാനിക്കുകയും നല്ല പ്രവര്‍ത്തന ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടത് ഭരണത്തിന്റെ സുഗമമവും ക്രിയാത്മകവും ആയ മുന്നോട്ടു പോക്കിന് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ഫെഡറല്‍ വ്യവസ്ഥയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വലുതായിരിക്കും.

ഇന്ത്യയും അതിന്‍റെ ഒരു ഫെഡറല്‍ യൂണിറ്റായ കേരളവുമെല്ലാം ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യവും സംസ്ഥാനവുമാണ്. ലിഖിത ഭരണഘടനയുള്ള രാജ്യം. ഫെഡറലിസത്തിലധിഷ്ഠിതമായ യൂണിയന്‍ സ്റ്റേറ്റാണ് ഇന്ത്യ. ഇന്ത്യയുടെ ഭരണഘടന അനുസരിച്ചാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയെപ്പോലെ ഒരു വലിയ രാജ്യത്ത്, വംശപരവും ഭാഷാപരവും മതപരവുമായ ബാഹുല്യം കൊണ്ട് സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് ഏറ്റവും യോജിച്ച മാര്‍ഗമായിരുന്നു ഫെഡറല്‍ സമ്പ്രദായം. ആധുനിക ഭരണഘടനാ തത്ത്വങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫെഡറല്‍ സമ്പ്രദായം. ഫെഡറല്‍ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യം വൈവിധ്യത്തില്‍ ഏകത്വവും അധികാരങ്ങളുടെ ക്ലിപ്തതയും ഭരണത്തിന്‍റെ വികേന്ദ്രീകരണവുമാണ്. ഇവിടെയാണ് ഗവര്‍ണര്‍മാരുടെ ഇടപെടലുകളിലൂടെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കേന്ദ്രം കത്തി വെക്കുന്നു എന്ന വാദം പ്രസക്തമാകുന്നത്. ബിജെപിക്കും ഇത്തരത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടിയ ചരിത്രമുണ്ട്, 2011 ല്‍ ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ കമലാ ബെനിവാളും ബിജെപി സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടങ്ങുന്നത്. സ്വന്തം നിലയില്‍ ലോകായുക്തയെ നിയമിച്ച ഗവര്‍ണറുടെ നടപടി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി തള്ളി. ലോകായുക്തയെ നിയമിക്കാനുള്ള നിലവിലെ നിയമത്തിലെ വ്യവസ്ഥകള്‍ നിയമസഭ ഭേദഗതി ചെയ്തു. ബെനിവാള്‍ ബില്ലില്‍ ഒപ്പിട്ടില്ല. രണ്ട് ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ച റാലിയാണ് മോദി അക്കാലത്ത് ഗവര്‍ണര്‍ക്കെതിരെ ഗുജറാത്തില്‍ സംഘടിപ്പിച്ചത്. ലോകായുക്തയെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിലേക്ക് എത്തിക്കുന്നതായിരുന്നു ബില്‍. ഓംബുഡ്സ്മാനെ നിയമിക്കാനുള്ള ഗവര്‍ണറുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെയും അധികാരം അവസാനിപ്പിക്കാനുള്ള ഭേദഗതിയും ബില്ലില്‍ ഉണ്ടായിരുന്നു.

അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി പറഞ്ഞതിങ്ങനെ… “ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുകയാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 164 പ്രകാരം മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ഗവര്‍ണറുടെ കടമ.” അതേ മോദി തന്നെയാണ് ഇപ്പോള്‍ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ കളിപ്പാവയായി ഉപയോഗിക്കുന്നത്. ആര്‍ എസ് എസ് സംഘപരിവാര്‍ ആശയങ്ങള്‍ എക്കാലത്തും ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായിരുന്നുവെന്ന് തിരിച്ചറിവിലൂടെ വേണം വിഷയം പരിശോധിക്കാന്‍. മതനിരപേക്ഷതയേയും ജനാധിപത്യത്തേയും ഇന്ത്യയുടെ ഫെഡറല്‍ സമ്പ്രദായത്തെയും ഇല്ലാതാക്കി ഹിന്ദുത്വമെന്ന ഏകാത്മകതയിലേക്ക് രാജ്യത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് ചുരുക്കം. 2025ല്‍ ആര്‍ എസ് എസിന്‍റെ 100ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യ എന്നത് വൈവിധ്യങ്ങളുടെ രാജ്യമെന്ന നമ്മുടെ അഭിമാനം നിലനില്‍ക്കുമോ എന്നും കണ്ടറിയണം.

By Sutheesh Hariharan

വോക്ക് മലയാളത്തില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്. മാസ് കമ്മ്യൂണിക്കേഷന്‍സ് ആൻഡ് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. വണ്‍ഇന്ത്യ, ഡെയ്‌ലിഹണ്ട്, ജീവന്‍ ടിവി, സിറാജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.