Wed. Jan 22nd, 2025

കഴിഞ്ഞ 30 വര്‍ഷത്തിനിടെ സൈലന്റ് വാലി ദേശീയോദ്യാനത്തിലെ പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ദേശീയോദ്യാനത്തിലെ പക്ഷികളുടെ സാന്നിധ്യത്തിലും മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത പക്ഷി നിരീക്ഷകന്‍ സി ജി അരുണ്‍ വോക്ക് മലയാളത്തോട് പറഞ്ഞു. 1990 ലാണ് സൈലന്റ് വാലിയില്‍ ആദ്യമായി ഒരു പക്ഷി സര്‍വേ നടക്കുന്നത്. അതിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് വിശദമായ സര്‍വെ നടത്തുന്നത്. സര്‍വെ ഫലം പൊതുവില്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു എന്നാണ് അരുണ്‍ പറയുന്നത്. 32 വര്‍ഷങ്ങള്‍ക്കിപ്പുറവും സൈലന്റ് വാലിയിലെ പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ വ്യത്യാസം വന്നിട്ടില്ലെന്ന കണ്ടെത്തലാണ് പ്രതീക്ഷയ്ക്കു കാരണം എന്നാണ് അരുണ്‍ പറയുന്നത്.

കാട്ടുരാച്ചുക്കു- സർവെയിൽ പുതുതായി കണ്ട പക്ഷി

‘ഓരോ നാഷണല്‍ പാര്‍ക്കിനും ദേശീയോദ്യാനങ്ങള്‍ക്കും ഓരോ ഫോറസ്റ്റ് മാനേജ്മെന്റ് പ്ലാന്‍ ഉണ്ട്. അതില്‍ പക്ഷികളുടെ സാന്നിധ്യംവെച്ച് പ്രകൃതി ശോഷണം പോലെയുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. ഓരോ തരം പക്ഷികളും ഓരോ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്നവരാണ്. ലോകത്ത് പശ്ചിമഘട്ട പ്രദേശങ്ങളില്‍ മാത്രം കാണുന്ന പക്ഷികള്‍ ഉണ്ട്. അത്തരം പക്ഷികള്‍ സൈലന്റ് വാലിയിലുണ്ട്. ഈ പക്ഷികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് ആ ആവാസവ്യവസ്ഥയ്ക്ക് തകരാറുകള്‍ സംഭവിച്ചിട്ടില്ല എന്നാണ്. പക്ഷികള്‍ ‘ഇന്റിക്കേറ്റേഴ്സ്’ ആണ്. പക്ഷികളുടെ സാന്നിധ്യം പറയും ആ ആവാസവ്യവസ്ഥയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ പറ്റിയിട്ടുണ്ടോ, പ്രത്യേകതകള്‍ ഉണ്ടോ എന്നൊക്കെ. ഇതാണ് ഇപ്പോള്‍ നടത്തിയിരിക്കുന്ന സര്‍വെ കൊണ്ടുണ്ടായ പ്രധാന പ്രയോജനവും.’, അരുണ്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

ചാരപ്പൂണ്ടൻ- സർവെയിൽ പുതുതായി കണ്ട പക്ഷി

ഡിസംബര്‍ 27 മുതല്‍ 29 വരെ നടന്ന സര്‍വെയില്‍ 17 പുതിയ പക്ഷികളെയാണു കണ്ടെത്തിയത്. കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ സൈലന്റ് വാലി ദേശീയോദ്യാനമാണ് സര്‍വെ നടത്തിയത്. 85 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പാര്‍ക്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും 30 അംഗ സംഘവും കാട്ടിനുള്ളില്‍ ക്യാമ്പ് ചെയ്താണ് കണക്കെടുപ്പ് നടത്തിയത്.

അസുരക്കാടൻ- സർവെയിൽ പുതുതായി കണ്ട പക്ഷി

1990 ഡിസംബര്‍ 25 മുതല്‍ 28 വരെയാണ് ആദ്യമായി സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ ഒരു പക്ഷി സര്‍വെ സംഘടിപ്പിച്ചത്. ആദ്യ സര്‍വേയുടെ 30-ാമത് വാര്‍ഷികമായ 2020 ഡിസംബറില്‍ സര്‍വെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നുവെന്ന് സി ജി അരുണ്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

‘ഇത്തവണത്തെ സര്‍വെയോടു കൂടി മൊത്തം 175 പക്ഷികളെ കണ്ടെത്തി. മുമ്പ് രേഖപ്പെടുത്താത്ത 17 പക്ഷികളെ ഇത്തവണ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ പിന്തുണയോടുകൂടിയാണ് സര്‍വേ നടത്താന്‍ കഴിഞ്ഞത്. രാവിലെ ഏഴു മുതല്‍ പത്ത് വരെയും വൈകീട്ട് മൂന്നു മുതല്‍ ആറു വരെയുമുള്ള സമയങ്ങളിലാണ് പക്ഷികളെ നിരീക്ഷിച്ചത്.’, സി ജി അരുണ്‍ പറഞ്ഞു.

മര പ്രാവ്- പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പക്ഷി

കാട്ടുകാലന്‍കോഴി (Brown wood owl), ചെങ്കുയില്‍ (Bay banded Cuckoo), അസുരക്കാടന്‍ (Malabar woodshrike), മീന്‍കൊത്തിച്ചാത്തന്‍ (Whitethroated Kingfisher), നാട്ടുരാച്ചുക്ക് (Indian Nightjar), കാട്ടുരാച്ചുക്ക് (Jungle Nightjar), ചാരപ്പൂന്‍ (Large Cuckooshrike) തുടങ്ങിയ പക്ഷികളെയാണ് സര്‍വെയില്‍ പുതുതായി രേഖപ്പെടുത്തിയത് എന്ന് സര്‍വെ കോര്‍ഡിനേറ്ററും പക്ഷി നിരീക്ഷകനുമായ പി കെ ഉത്തമന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

വെള്ളക്കണ്ണിക്കുരുവി- സർവെയിൽ കൂടുതൽ കണ്ട പക്ഷി

‘2006 ലും 2014 ലും നടത്തിയ സര്‍വെകളില്‍ യഥാക്രമം 139, 142 ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു. ചെറുതേന്‍കിളി (Crimosnbaked Sunbird), മഞ്ഞചിന്നന്‍ (Yellowbrowed Bulbul), കരിമ്പന്‍ കാട്ടുബുള്‍ബുള്‍ (Black Bulbul), വെള്ളകണ്ണി കുരുവി (Oriental Whiteeye), ഇന്ത്യന്‍ ശരപക്ഷി (Indian Swiftlet) എന്നിവയാണ് സര്‍വെയില്‍ കൂടുതല്‍ എണ്ണം രേഖെപ്പടുത്തിയ പക്ഷികള്‍. സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണുന്ന നിലഗിരി ചിലപ്പന്‍ (Nilgiri Laughing thrush), കരിഞ്ചുന്‍ (Nilgiri flowerpecker), കാനചിലപ്പന്‍ (Brown cheecked Fulv–ttea), കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ (BlackandOrange flycatcher), ചാരത്തലയന്‍ പാറ്റപിടിയന്‍ (Grey headed Canary flycatcher), ഇളം പച്ചപൊടികുരുവി (Greenish Warbler) കേരളത്തില്‍ ദേശാടനത്തിനെത്തുന്ന ചിഫ് ചാഫ് (Chiffchaff), ടൈറ്റ്ലര്‍ ഇലക്കുരുവി (Tytler’s leaf warbler), കൂടാതെ അപൂര്‍വ്വമായി കാണാറുള്ള ഷഹീന്‍ പുള്ള് (Shaheen falcon), മരപ്രാവ് (Nilgiri Wood pigeon), മലംകൊച്ച (Malay bttiern), സൈലന്റ് വാലിയില്‍ സര്‍വ്വ വ്യാപിയായ ചൂളകാക്ക (Malabar Whtsiling thrush) എന്നിവയേയും സര്‍വെയില്‍ കണ്ടെത്താനായി.’ പി കെ ഉത്തമന്‍ പറഞ്ഞു.

ചെറുതേൻകിളി- സർവെയിൽ കൂടുതൽ കണ്ട പക്ഷി

സൈലന്റ് വാലി പാര്‍ക്കിന്റെ ബഫര്‍ സോണിലും പക്ഷി സര്‍വെ നടത്താന്‍ വനം വകുപ്പ് പദ്ധതിയിടുന്നുണ്ട്. പാര്‍ക്കിന്റെ കോര്‍ ഏരിയയിലാണ് അപൂര്‍വ ഇനം പക്ഷികളെ കൂടുതലായി കാണുന്നത്. ഇതുകൊണ്ടുതന്നെ ബഫര്‍ സോണിലും പക്ഷി സര്‍വെ ആരംഭിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് പറഞ്ഞു. വനംവകുപ്പ് അനുമതി നല്‍കിയാല്‍ ഫെബ്രുവരിയില്‍ തന്നെ സര്‍വെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.