Mon. May 6th, 2024

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രഥയാത്രകള്‍ ഉദ്ഘാടനം ചെയ്യുന്നത്. ‘ജനവിശ്വാസ് യാത്ര’ എന്ന് പേരിട്ടിരിക്കുന്ന രഥയാത്ര ത്രിപുരയുടെ രണ്ടിടങ്ങളിൽ ഇന്ന് ആരംഭിക്കും, വടക്കൻ മേഖലയിലുള്ള ധർമ്മനഗറിൽനിന്നും തെക്കൻ മേഖലയിലുള്ള സബ്റൂമിൽനിന്നും രഥയാത്ര നടത്തുന്നുണ്ട്. എട്ടുദിവസത്തെ പര്യടനത്തിനു ശേഷം ജനുവരി 12 ന് അഗർത്തലയിൽ യാത്രകൾ സംഗമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ത്രിപുരയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന രഥയാത്രകൾ 1000 കിലോമീറ്ററോളം ദൂരം പിന്നിടുമെന്നാണ് കണക്കാക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അജന്‍ഡയാക്കി 1990 സെപ്റ്റംബറിലാണ് അദ്വാനി രഥയാത്ര നടത്തുന്നത്, തുടര്‍ന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുവികാരം ആളികത്തിക്കാന്‍ ഇതിനു കഴിഞ്ഞു. തുടര്‍ന്ന് ഇങ്ങോട്ട് രഥയാത്രകള്‍ വോട്ട് ബാങ്ക് നേടിയെടുക്കുന്നതിനുളള ബിജെപിയുടെ മുഖ്യതന്ത്രങ്ങളിലൊന്നായി മാറുകയായിരുന്നു.

രഥയാത്രകള്‍ ജനങ്ങളുടെ വികാരം ഇടക്കി വിടാനുളള ബിജെപിയുടെ മുഖ്യ പ്രചാരണ തന്ത്രങ്ങളില്‍ ഒന്നാണ്. നിലവില്‍ ബിജെപി സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. 2018ല്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം കൊണ്ടു വന്ന ഭരണ പരിഷ്കാരങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത് എന്നാണ് നേതൃത്വം പറയുന്നത്.

എന്നാല്‍ വീണ്ടും അധികാരത്തില്‍ എത്താനുളള ബിജെപിയുടെ തന്ത്രങ്ങള്‍ എത്രകണ്ട് ഫലപ്രാപ്തിയിലെത്തുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇടതു സഖ്യവും കോണ്‍ഗ്രസും ടിഎംസിയും മുന്നേറ്റം സംസ്ഥാനത്ത് കാഴ്ചവെച്ചാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.