ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോള്‍ താരവും പെലെയാണ്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.
പതിനഞ്ചാം വയസ്സില്‍ സാന്റോസിലൂടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമിലെ അംഗമായി. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്. 1367 മത്സരങ്ങളില്‍ നിന്ന് 1297 ഗോളുകള്‍ നേടിയ താരമാണ് പെലെ. ഇരുകാലുകള്‍ കൊണ്ടും ഗോള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി.
1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പത്താം നമ്പര്‍ ജഴ്‌സി എന്നതു പെലെയുടെ മാത്രം ജഴ്‌സി എന്ന നിലയിലേക്ക് പെലെ എത്തി.