Fri. Nov 22nd, 2024

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വൈദേകം റിസോര്‍ട്ട് നിര്‍മാണ പദ്ധതിയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും നിയമലംഘനങ്ങളും പുറത്തുകൊണ്ടുവന്ന ശാസ്ത്ര സാഹിത്യ പരിഷത്ത്, സംഭവം രാഷ്ട്രീയ വിവാദമായതോടെ സര്‍ക്കാരിനും പാര്‍ട്ടിക്കും മുകളിലും സമ്മര്‍ദ്ദം ചെലുത്തി വിവാദങ്ങള്‍ക്കില്ലാ എന്നാണ് നിലപാട് സ്ഥീകരിക്കുന്നത്. കെ റെയില്‍ വിവാദത്തില്‍ ഉള്‍പ്പടെ സര്‍ക്കാരിന്റെ നയമല്ല പരിഷത്തിന്റെ നിലപാടെന്നും പാര്‍ട്ടിയും പരിഷത്തും രണ്ടാണ് എന്നും ആവര്‍ത്തിക്കുമ്പോഴും അധികൃതരുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും വീഴ്ചകള്‍ പുറത്ത് വന്ന് വിവാദമാകുമ്പോള്‍ ശാസ്ത്രത്തില്‍ മാത്രമാണ് തങ്ങളുടെ ശ്രദ്ധയെന്നാണ് പരിഷത്ത് വീശദീകരിക്കുന്നത്. പദ്ധതിയുടെ തുടക്കകാലത്ത് നിയമ നടപടികളും നിവേദനങ്ങളുമായി സജീവമായി അധികൃതരെ സമീപിച്ച പരിഷത്ത് ഇ പി ജയരാജന്‍ ആരോപണ സ്ഥാനത്ത് വന്നതോടെ പദ്ധതിക്ക് പിന്നാലെ പോകുന്നതും നിര്‍ത്തി.

2015 ല്‍ ആദ്യം റിസോര്‍ട്ടിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോയത് ശാസ്ത്ര സാഹിത്യ പരിഷത്താണ്. റിസോര്‍ട്ട് നിര്‍മ്മാണം നടന്നാല്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെ മുന്‍നിര്‍ത്തിയാണ് അന്ന് പരിഷത്ത് നിയമനടപടിക്കൊരുങ്ങിയത് എന്നും ഉടമസ്ഥര്‍ ആരാണെന്ന് നോക്കിയല്ല ആദ്യ ഇടപെടല്‍ നടത്തിയതെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബാബു പി പി വോക്ക് മലയാളത്തോട് പ്രതികരിച്ചു. പ്രദേശത്ത് കുന്നിടിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കുടിവെളള ക്ഷാമം ഉള്‍പ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് പരിഷത്ത് അധികൃതര്‍ക്ക് നല്‍കിയ പരാതികളില്‍ ചൂണ്ടികാണിച്ചതായും ബാബു പറയുന്നു. നിലവിലെ വിവാദം പാരിസ്ഥിതമെന്നതിനെക്കാള്‍ രാഷ്ട്രീയപരമായതിനാല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടപ്പെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴാണ് കമ്പനിയുടെ ഉടമസ്ഥര്‍ ആരാണെന്നൊക്കെ ശ്രദ്ധയില്‍ പെടുന്നതെന്നും അദ്ദേഹം വോക് മലയാളത്തോട് പറഞ്ഞു.

vigilance-seeks-government-permission-to-investigate-ep-jayarajans-complaint-against-vaidekam-resort
വൈദേകം ആയുർവേദ റിസോർട്ട്

‘ഉദ്യോഗസ്ഥരെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അവിടെ റിസോട്ട് പ്രവര്‍ത്തിക്കുകയാണ്. നിലവിലുള്ള നിയമലംഘനങ്ങള്‍ സംബന്ധിച്ച് പരിശോധിക്കേണ്ടത് മുന്‍സിപ്പാലിറ്റിയും ജിയോളജി വകുപ്പും തഹസില്‍ദാറും ഒക്കെയാണ്’ എന്നും ബാബു പിപി പറയുന്നു. പദ്ധതിക്കായി നിരവധി കുഴല്‍കിണറുകള്‍ കുഴിക്കുന്നത് മേഖലയിലെ ജലസ്രോതസുകള്‍ക്ക് ദോഷമായി മാറുമെന്ന് ചൂണ്ടിക്കാട്ടി 2015ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആന്തൂര്‍ മുന്‍സിപ്പാലിറ്റി സെക്രട്ടറിയ്ക്കും ജിയോളജി വകുപ്പിനും നിവേദനം നല്‍കിയിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഹിയറിങ്ങും നടന്നു. ഹിയറിങ്ങില്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ അവിടെ നിയമലംഘനം നടന്നിട്ടില്ലാ എന്നാണ് പറഞ്ഞതെന്ന് ബാബു പി പി വോക്ക് മലയാളത്തോട് പ്രതികരിച്ചു.

‘എന്നാല്‍ പ്രദേശത്തു നിന്നും എടുക്കുന്ന മണ്ണ് അവിടെ തന്നെ നിക്ഷേപിക്കും എന്ന് പറഞ്ഞിരുന്നവര്‍ ആദ്യഘട്ടത്തില്‍ പാലിച്ചെങ്കിലും മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നതായി മനസ്സിലാക്കിയത് മുതല്‍  വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു’. ഇപ്പോഴുള്ള വിഷയം പാരിസ്ഥിതിക വിഷയമല്ല. രാഷ്ട്രീയ വിഷയമാണ് എന്നും ബാബു പി പി വോക്ക് മലയാളത്തോട് പറഞ്ഞു. റിസോട്ടിനെതിരെ അന്നു പരാതി നല്‍കാന്‍ മുന്നിട്ടിറങ്ങിയ പരിഷത്ത് പ്രവര്‍ത്തകനും പാര്‍ട്ടി അംഗവുമായിരുന്ന കെ വി സജിന് പാര്‍ട്ടി പിന്നീട് അംഗത്വം പുതുക്കി നല്‍കിയിട്ടില്ല. സജിനെ പുറത്താക്കാനുള്ള കാരണം വൈദേകം റിസോട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം മാത്രമല്ലായിരുന്നു എന്നാണ് ബാബു പി പി പറയുന്നത്.

നടന്നത് പച്ചയായ നിയമ ലംഘനങ്ങള്‍

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് രണ്ട് വര്‍ഷം മുന്‍പ്, 2014-ലാണ് കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് സ്ഥാപിതമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളെ ആയുര്‍വേദ ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആരംഭിക്കുകയായിരുന്നു കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. മന്ത്രിസഭയില്‍ രണ്ടാമനായി ഇ പി ജയരാജന്‍ എത്തിയത് പദ്ധതിക്ക് ഗുണകരമായി. കുന്നിടിച്ച് നിരപ്പാക്കി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

vaidekam resort വൈദേകം റിസോർട്ട്

അതേസമയം, വൈദേകം റിസോര്‍ട്ട് നിര്‍മാണം നടന്നത് അനുമതിയില്ലാതെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്റെ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടില്ല. മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നുള്ള അനുമതിയും റോഡ് നിര്‍മാണ പ്രവൃത്തിക്ക് മണ്ണ് നീക്കാനുള്ള അനുമതിയും ലഭിച്ചിട്ടില്ല. അനുമതിയില്ലാതെയാണ് സ്ഥലത്തെ മണ്ണെടുത്തത്. മണ്ണെടുക്കുന്നതിനായി നഗരസഭാ സെക്രട്ടറിയില്‍ നിന്നും ഡെവലപ്മെന്റ് സാക്ഷ്യപത്രം വാങ്ങേണ്ടതുണ്ട്. അതും വാങ്ങാതെയാണ് റിസോര്‍ട്ട് നിര്‍മാണം നടന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ആന്തൂര്‍ നഗരസഭ നിര്‍മാണത്തിന് അനുമതി നല്‍കിയത് എന്നാണ് പുറത്ത് വരുന്ന രേഖകള്‍ നല്‍കുന്ന സൂചന.

vaidekam resort വൈദേകം റിസോർട്ട്

കുഴല്‍ക്കിണര്‍ കുഴിക്കുന്നത് ശുദ്ധ ജല ക്ഷാമത്തിന് ഇടയാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസ്ഥിതി ആഘാത പഠനം നടത്തി സ്ഥലമുടമയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണെന്ന് തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടിയിരുന്നു എങ്കിലും അതുണ്ടായില്ല. ആന്തൂര്‍ നഗരസഭയുടെ അനുമതിയോടെയാണ് നിര്‍മാണപ്രവര്‍ത്തനം എന്നതിനാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കേണ്ടതില്ലെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

vaidekam resort വൈദേകം റിസോർട്ട് ep jayarajan

വെള്ളിക്കീല്‍ പുഴയുടെ അരികിലുള്ള മൊറാഴ ഉടുപ്പിക്കുന്നിലെ പത്ത് ഏക്കറിലെ കുന്നിടിച്ചാണ് ഇ പി ജയരാജന്റെ മകന്‍ പുതുശേരി കോറോത്ത് ജയ്സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി ‘വൈദേകം’ എന്ന പേരില്‍ റിസോര്‍ട്ട് നിര്‍മിച്ചത്. 2014ലാണ് അരോളിയില്‍ ഇ പി ജയരാജന്റെ വീടിനു തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്. ജയ്സണ്‍ കമ്പനിയുടെ ചെയര്‍മാനും നിര്‍മാണരംഗത്തെ വ്യവസായിയായ കളത്തില്‍ പാറയില്‍ രമേഷ് കുമാര്‍ മാനേജിങ് ഡയറക്ടറുമാണെന്ന് കമ്പനി രേഖകളില്‍ പറയുന്നു. പിന്നീട് ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വന്നു.

vaidekam resort വൈദേകം റിസോർട്ട് ep jayarajan

കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് കോടികളുടെ മുതല്‍മുടക്കില്‍ റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം വന്നതോടെ റിസോട്ടിന്റെ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകാലത്ത് പുനരാംഭിച്ച നിര്‍മാണം 2021 ഏപ്രിലില്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പൂര്‍ത്തിയാകുന്നത്. ഇ പി ജയരാജനാണ് വൈദേകം ഉദ്ഘാടനം ചെയ്തത്. നിലവില്‍ 10 കോടിയാണ് ഷെയര്‍ കാപ്പിറ്റല്‍. 13 ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്. പികെ ജയ്‌സനാണ് പ്രധാന ഷെയര്‍ ഹോള്‍ഡര്‍ (2500 ഓഹരികള്‍). പികെ ജയ്സണും കെപി രമേഷ് കുമാറും എട്ടു വര്‍ഷമായി ഡയറക്ടര്‍മാരാണ്. പികെ ഇന്ദിര 2021 ഒക്ടോബര്‍ 30 നാണ് ഡയറക്ടര്‍ ബോര്‍ഡിലെത്തിയത്.

vaidekam resort വൈദേകം റിസോർട്ട് ep jayarajan

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വന്‍ഷന്‍ സെന്ററിനു നിസാര പിഴവുകള്‍ നിരത്തി അന്തിമാനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയാണ് കുന്നിടിച്ചു നിര്‍മ്മിച്ച റിസോര്‍ട്ടിന് അനുമതി നല്‍കിയത് എന്നതാണ് ശ്രദ്ധേയം. ആന്തൂര്‍ നഗരസഭ രൂപീകരിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് നിര്‍മാണാനുമതി ലഭിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള അധ്യക്ഷയായിരുന്ന ആന്തൂര്‍ നഗരസഭയാണ് വൈദേകം റിസോര്‍ട്ടിനായുള്ള അനുമതികളെല്ലാം കമ്പനിക്ക് നല്‍കുന്നത്. കുന്നിടിക്കാനുള്ള അനുമതി നല്‍കിയ ജിയോളജി വകുപ്പ് ജയരാജന്‍ ഭരിച്ചിരുന്ന വ്യവസായ വകുപ്പിന്റെ കീഴിലുമായിരുന്നു.

ഇപി ജയരാജന്‍ മന്ത്രിയായിരിക്കെ കുടുംബക്ഷേത്രത്തിന്റെ മറവില്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി വനം വകുപ്പില്‍ നിന്ന് സൗജന്യമായി തേക്കിന്‍ തടി എത്തിക്കാന്‍ ശ്രമം നടത്തിയെന്നും ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇരിണാവിലെ തന്റെ കുടുംബ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 1200 ചതുരശ്ര മീറ്റര്‍ തേക്ക് വനം വകുപ്പിന്റെ ഡിപ്പോയില്‍ നിന്ന് സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി പി കെ രാജുവിന് ജയരാജന്‍ കത്ത് നല്‍കിയിരുന്നു എന്നായിരുന്നു ആരോപണം. ഫയല്‍ പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തേക്കിന്‍ തടി സൗജന്യമായി നല്‍കാന്‍ വകുപ്പില്ലെന്ന് അറിയിച്ചതോടെ ആ പദ്ധതി പൊളിഞ്ഞു.

ഇപി ജയരാജൻ

നിലവില്‍ പ്രചരിക്കുന്ന തരത്തിലുള്ള വലിയ നിക്ഷേപം ഇ പിയുടെ ഭാര്യക്കും മകനുമില്ല എന്നാണ് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ് പറയുന്നത്. ഇ പിയുടെ മകന്‍ ഓഹരിയെടുത്തത് 2014 ലാണ്. പിന്നീട് നിക്ഷേപം നടത്തിയിട്ടില്ല. ഇ പിയുടെ ഭാര്യക്കും നിക്ഷേപമുണ്ട്. എന്നാല്‍, രണ്ടുപേര്‍ക്കും കൂടി ഒരു കോടിയുടെ നിക്ഷേപം പോലുമില്ലെന്ന് തോമസ് ജോസഫ് പറയുന്നു. വൈദേകം ആയൂര്‍വേദം ഹീലിങ്ങ് വില്ലേജ് എന്ന സ്ഥാപനം 20 ഓഹരി ഉടമകള്‍ ചേര്‍ന്നു നടത്തുന്ന ആയുര്‍വേദ ആശുപത്രിയാണെന്നും ഇ പിയുടെ മകനോ, ഭാര്യയോ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും തോമസ് ജോസഫ് പറയുന്നു.

അതേസമയം, ഇ പി ജയരാജനെതിരായ പരാതിക്ക് പിന്നില്‍ ചരടുവലിച്ചു എന്ന് തോമസ് ജോസഫ് ആരോപിക്കുന്ന തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിന്റെ വളര്‍ച്ചയും അവിശ്വസനീയമായ വേഗത്തിലായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. റേഷന്‍ കടയില്‍ ജോലി ചെയ്തിരുന്ന രമേഷ് കുമാര്‍ വളരെ വേഗമാണ് കോടികളുടെ ആസ്തിയുള്ള ബിസിനസുകാരനായി വളര്‍ന്നത് എന്നാണ് പ്രധാന ആരോപണം. പിണറായിയുടെയും കോടിയേരിയുടെയും കുടുംബ സുഹൃത്ത് കൂടിയാണ് കെ പി രമേഷ് കുമാര്‍. മാഹി ദന്തല്‍കോളജ് ചെയര്‍മാന്‍, കുണ്ടൂര്‍മലയില്‍ സ്വാശ്രയ കോളജ്, നിരവധി ഷോപ്പിംഗ് കോംപ്ലക്‌സ് അങ്ങനെ വിപുലമാണ് രമേഷ് കുമാറിന്റെ ബിസിനസ് ശ്യംഖല.

സിപിഐഎം സഹകരണ മേഖലയില്‍ ആരംഭിച്ച സംരഭങ്ങളുടെയെല്ലാം നിര്‍മാണ ചുമതല രമേഷ് കുമാറിനായിരുന്നു. തളിപ്പറമ്പ്, തലശ്ശേരി, വടകര സഹകരണ ആശുപത്രികള്‍, കണ്ണൂരിലെ നായനാര്‍ അക്കാദമി തുടങ്ങി നിരവധി നിര്‍മാണങ്ങള്‍ നടത്തിയത് രമേഷാണ്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഇന്ദിരാഗാന്ധി ആശുപത്രി നിര്‍മിച്ച് നല്‍കിയതും രമേഷ് കുമാറാണ്.

MV Govindan Secretary of the Communist Party of India
എംവി ഗോവിന്ദൻ

ഇ പി ജയരാജനെതിരായ ആരോപണം മാധ്യമ സൃഷ്ടിയാണെന്ന് സിപിഐം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുമ്പോഴും ഉയര്‍ന്ന് വരുന്ന ചര്‍ച്ചകള്‍ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ജയരാജനെതിരെയുളള ആരോപണം പി ബി ചര്‍ച്ച ചെയ്താലും ഇല്ലെങ്കിലും കണ്ണൂര്‍ സിപിഎമ്മിനുള്ളിലെ പുകയും പകയും ചരട് വലികളും അധികം നാള്‍ മറച്ച് പിടിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരസ്യ പ്രതികരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാകുന്നുണ്ട്. അതിനെക്കാളുപരി ഇ പി ജയരാജന്റെ  രാഷ്ട്രിയ ഭാവി തന്നെ നേതൃത്വം സ്വകരിക്കുന്ന നിലപാടുകള്‍ അനുസരിച്ചായിരിക്കും. മുമ്പും വിവാദങ്ങളുണ്ടാക്കിയ പി. ജയരാജന്‍ വീണ്ടും പാര്‍ട്ടിയെ സമ്മർദ്ദത്തിലാക്കുമ്പോള്‍ അണികള്‍ക്കിടയിലും ആശയകുഴപ്പമുണ്ട്.

ബന്ധുനിയമന വിവാദത്തില്‍ തിരിച്ചുവന്ന ജയരാജന് വൈദേകം റിസോട്ട് ഊരാക്കുടുക്കാവുമോ?

ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ആയെങ്കിലും ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് 2016 ഒക്ടോബര്‍ 14-ന് ഇദ്ദേഹത്തിന് മന്ത്രിപദം രാജിവെക്കേണ്ടി വന്നിരുന്നു. ഇ പി ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നു ഹൈക്കോടതിയില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് ജയരാജന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്. അവിടെയാണ് പി ജയരാജന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് നേതാക്കളും അണികളും  ഉറ്റ് നോക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇ പി ജയരാജന് തുടരനാവില്ല. ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം മുതല്‍ വടകര തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വരെയുള്ള വിഷയങ്ങള്‍ അകത്തും പുറത്തും ചര്‍ച്ചയാകുന്നു എന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് നേത്യതത്തെ എത്തിക്കുന്നത്.

പി ജയരാജൻ p jayarajan
പി ജയരാജൻ

സംസ്ഥാന സമിതിയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പരാതി എഴുതി നല്‍കാനാണ് എംവി ഗോവിന്ദന്‍ പി. ജയരാജനോട് ആവശ്യപ്പെട്ടത്. കോടിയേരി ബാലകൃഷ്ണനു പകരം എം വി ഗോവിന്ദന്‍ സെക്രട്ടറി ആയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജന്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തന്റെ നാടായ മൊറാഴയില്‍ റിസോര്‍ട്ട് പണിയുന്ന വിവരവും അതിനിതിരെ പരാതി ഉയര്‍ന്നതും എം വി ഗോവിന്ദനും അറിയാവുന്നതാണ്. എന്നാല്‍ അറിയാമായിരുന്നതില്ലേ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.