തിരുവനന്തപുരത്തെ ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇരകളെ കണ്ടെത്താന്‍ ഏജന്റുമാരെ നിയമിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉദ്യോഗാര്‍ഥികളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് തട്ടിപ്പ് സംഘം ഒരു ലക്ഷം രൂപ വീതം കമ്മീഷന്‍ നല്‍കിയിരുന്നു. നാല് വര്‍ഷമായി സംഘം സജീവമാണെന്ന് സ്ഥിരീകരിച്ചതോടെ ഈകാലയളവിലെ നിയമനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ടൈറ്റാനിയം ജോലി തട്ടിപ്പിലെ ഇരകളേറെയും. ഇവരെ ദിവ്യാ നായരും സംഘവും എങ്ങനെ വരുതിയിലാക്കിയെന്ന അന്വേഷണത്തെ തുടര്‍ന്നാണ് തട്ടിപ്പിന് പിന്നില്‍ ഏജന്റുമാര് ഉണ്ട് എന്ന് തിരിച്ചറിഞ്ഞത്. ഉദ്യോഗാര്‍ഥികളെ തട്ടിപ്പ് സംഘത്തിന് മുന്നിലെത്തിക്കാന്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഏജന്റുമാരുണ്ടായിരുന്നു. ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്ന് പണം വാങ്ങി നല്‍കിയാല്‍ ഒരു ലക്ഷം രൂപയായിരുന്നു കമ്മീഷന്‍. പൂജപ്പുര പൊലീസെടുത്ത രണ്ട് കേസുകളിലെ ഏജന്റ് കാട്ടാക്കട സ്വദേശിയായ അധ്യാപകനാണ്. ഇയാളെയും പ്രതിചേര്‍ത്തു. തട്ടിപ്പിന് പിന്നിലെ ഏജന്റുമാര് ഉണ്ടെന്ന് ഉറപ്പിച്ചതോടെ ഇരകളുടെയും പ്രതികളുടെയും എണ്ണം കൂടുമെന്നും പൊലീസ് കരുതുന്നു. അതേസമയം ഈ നാല് വര്‍ഷത്തിനിടെ നടന്ന സ്ഥിരം, താല്‍കാലിക, കരാര്‍ നിയമനങ്ങളുടെ വിവരം ആവശ്യപ്പെട്ട് പൊലീസ് ടൈറ്റാനിയം മാനേജ്‌മെന്റിന് കത്ത് നല്‍കി.