അമേരിക്കയില്‍ അതിശൈത്യത്തില്‍ മരണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ മാത്രം ഹിമപാതത്തില്‍ കഴിഞ്ഞ ദിവസം 27 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആറടി ഉയരത്തിലേറെ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ ഇവിടേക്കുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. യുഎസില്‍ 15 ലക്ഷത്തോളംപേര്‍ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ്.
വൈദ്യുതിയും ഇന്ധനവും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. 70 ഹൈവേകള്‍ താല്‍ക്കാലികമായി അടച്ചു. ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെ മഞ്ഞുരുകിയാലേ ദുരന്തത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകൂ. ബോംബ് സൈക്ലോണ്‍ എന്നു പേരിട്ട ശീതക്കാറ്റിന്റെ ശക്തി ഏതാനും ദിവസത്തിനുള്ളില്‍ കുറയുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് കരുതുന്നത്.
കാറുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയവർ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് കൗണ്ടി എക്‌സിക്യൂട്ടീവ് മാര്‍ക്ക് പോളോണ്‍ കാഴ്സ് പറഞ്ഞു.