പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ കെപി ശശിക്ക് ആദരാഞ്ജലികള്‍. ജനകീയ സമരങ്ങളെയും സാമൂഹിക വിഷയങ്ങളെയും കുറിച്ച് ഡോക്യുമെന്ററി സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയില്‍ തുടക്കം കുറിച്ച സംവിധായകരില്‍ ഒരാളായിരുന്നു കെപി ശശി. കാര്‍ട്ടൂണ്‍ മേഖലയില്‍ നിന്നും ഡോക്യുമെന്ററി നിര്‍മ്മാണത്തിലേക്കെത്തിയ കെപി ശശി ഇന്ത്യയിലെമ്പാടും സഞ്ചരിച്ച് ജനകീയ സമരങ്ങളെയും മനുഷ്യാവകാശ പ്രശ്‌നങ്ങളെയും ക്യാമറയില്‍ പകര്‍ത്തി. ആനന്ദ് പട്‌വര്‍ദ്ധന്‍, തപന്‍ ബോസ് എന്നിവര്‍ നേതൃത്വം നല്‍കിയിരുന്ന ഡോക്യുമെന്ററി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയത് കെപി ശശി നടത്തിയ ശ്രമങ്ങള്‍ കൂടിയാണ്.
സി ശരത്ചന്ദ്രന്റെയും പി ബാബുരാജിന്റെയും മുന്‍കൈയില്‍ കേരളത്തില്‍ ജനകീയ വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മ്മാണ ശാഖ സജീവമാക്കുന്നതിലും കെപി ശശി വഴികാട്ടിയായി. ജനാധിപത്യ സമൂഹത്തിലെ നീതിനിഷേധത്തിന്റെ കാഴ്ചകളാണ് ശശി പറയാന്‍ ശ്രമിച്ചത്.
ഡല്‍ഹിയില്‍ താമസിക്കുന്ന കാലത്താണ് സമരങ്ങളില്‍ സജീവമായി പങ്കെടുത്തു തുടങ്ങിയത്. അതിന്റെ പേരില്‍ പലപ്പോഴും ജയിലുകളില്‍ കിടന്നു. എണ്‍പതുകളുടെ തുടക്കംവരെ പീപ്പിള്‍ ഡയ്ലി, സെക്കുലര്‍ ഡെമോക്രസി തുടങ്ങിയ പത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. 1981 വരെ കാര്‍ട്ടൂണ്‍ രചനയിലായിരുന്നു. മുംബൈയില്‍ ഫ്രീ പ്രസ് മാഗസിനില്‍ വരക്കുന്ന കാലത്താണ് ആനന്ദ് പട്‌വര്‍ദ്ധന്റെയും തപന്‍ ബോസിന്റെയും ഡോക്യുമെന്ററികള്‍ കാണുന്നത്. തുടര്‍ന്ന് ഇവരുമായി ചങ്ങാത്തത്തില്‍ ആവുകയും ഡോക്യുമെന്ററി സിനിമാ നിര്‍മാണ മേഖലയിലേയ്ക്ക് എത്തുകയും ചെയ്തു.
1982-ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിച്ചു. പിന്നീട് നര്‍മദാ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘വാലി റഫ്യൂസസ് ടു ഡൈ’ എന്ന് മറ്റൊരു ഡോക്യുമെന്ററി നിര്‍മിച്ചു. അത് അന്തര്‍ദേശീയ തലത്തില്‍ പ്രദര്‍ശിപ്പിച്ചു. സംസ്ഥാനത്ത് ഏറെ വിവാദമായ മഅ്ദനി കേസിന്റെ പശ്ചാത്തലത്തില്‍ മഅ്ദനിയെക്കുറിച്ച് ഫാബ്രിക്കേറ്റഡ് എന്ന ഡോക്യുമെന്ററി നിര്‍മിച്ചു.
കുടിയിറക്കലിനെതിരെ സമരം ചെയ്തിരുന്ന കൂടംകുളത്തേയും ആതിരപ്പിള്ളിയിലേയും മനുഷ്യര്‍ക്കൊപ്പം നിന്നു. കാന്ധമാലിലെ ക്രിസ്ത്യാനികള്‍ക്കൊപ്പവും ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കൊപ്പവും ചാലിയാര്‍ മലിനീകരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിനൊപ്പവും നര്‍മ്മദാ പ്രോജെക്റ്റിനുവേണ്ടി കുടിയൊഴിക്കപ്പെട്ട ഗ്രാമീണര്‍ക്കൊപ്പവും എയ്ഡ്‌സിന്റെ ഇരകള്‍ക്കൊപ്പവും ശശി നിലനിന്നു. മണിപ്പൂരിലെ അഫ്‌സ്പാ നിയമത്തിനെതിരായ പോരാട്ടത്തിലും ശശി സജീവമായിരുന്നു. ഇന്ത്യയിലെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ എല്ലാ ജനകീയ പ്രസ്ഥാനങ്ങളോടോപ്പവും അവസാനം വരെ കെപി ശശി അടിയുറച്ചുനിന്നു.
റെസിസ്റ്റിങ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡെവലപ്‌മെന്റ് അറ്റ് ഗണ്‍പോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്ററികള്‍.
‘ഇലയും മുള്ളും’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് കെപി ശശി. തിലകന്‍, പല്ലവി ജോഷി, ശാന്തികൃഷ്ണ തുടങ്ങിയവര്‍ അഭിനയിച്ച ഈ സിനിമ വെനീസ്, ടൊറോന്റോ, മോണ്‍ട്രിയോള്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലിന്റെ ശില്‍പികളിലൊരാള്‍ ശശിയായിരുന്നു. 2003 ല്‍ ഏക് അലഗ് മൗസം എന്ന പേരില്‍ നന്ദിതാ ദാസ്, അനുപം ഖേര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കെപി ശശിയുടെ അന്ത്യം. പാറമേക്കാവ് ശാന്തികവാടത്തിലാണ് സംസ്‌കാരം നടന്നത്. എഴുത്തുകാരനും കമ്യൂണിസ്റ്റ് ചിന്തകനുമായിരുന്ന കെ ദാമോദരന്റെ മകനാണ്.