Mon. Dec 23rd, 2024

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ട് ഉപേക്ഷിച്ചശേഷം തുന്നിക്കെട്ടിയെന്ന് പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും തുന്നിക്കെട്ടിയെന്ന് പരാതിയില്‍ പറയുന്നു. ചമ്പക്കുളം നടുഭാഗം സ്വദേശി ലക്ഷ്മിക്കാണ് ഈ ദുരനുഭവം നേരിട്ടത്. എന്നാല്‍ കുടുംബത്തിന്റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു.
കഴിഞ്ഞ മാസം 18 നാണ് ലക്ഷ്മിയുടെ പ്രസവ ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം ഡിസ്ചാര്‍ജ് ആയെങ്കിലും പിറ്റേന്ന് മുതല്‍ തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിക്കാന്‍ തുടങ്ങി. ആശുപത്രിയില്‍ തിരിച്ചെത്തി പഞ്ഞിക്കെട്ട് വയറ്റിലുണ്ടെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. പകരം പഴുപ്പിനും വേദനക്കും ചികിത്സ നല്‍കി.
ഈ മാസം ആറിനാണ് ലക്ഷ്മിയുടെ വയര്‍ വീണ്ടും തുന്നിക്കെട്ടണമെന്ന്് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രണ്ട് സ്റ്റിച്ച് മാത്രമിട്ടാല്‍ മതിയെന്ന് പറഞ്ഞ ശേഷം മുഴുവനും തുന്നിക്കെട്ടുകയായിരുന്നു. ഐസിയുവിലായുരുന്ന ലക്ഷ്മിയെ ഇന്ന് രാവിലെയാണ് വാര്‍ഡിലേക്ക് മാറ്റിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.