ലഹരികേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം എന്ന ആരോപിച്ച നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ കാമ്പയിന്‍ മാത്രം പോരെന്നും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടെ എന്നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. മയക്കുമരുന്നു മാഫിയയുടെ കണ്ണികള്‍ മുറിക്കാനോ ഉറവിടം കണ്ടെത്താനോ നമ്മുക്ക് കഴിയുന്നുണ്ടോ എന്നും വി ഡി സതീശന്‍ വാക്കൗട്ട് പ്രസംഗത്തില്‍ ചോദിച്ചു.മേപ്പാടി പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ നേതാവ് ആക്രമിക്കപ്പെട്ട സംഭവം മന്ത്രി എം.ബി രാജേഷ് സഭയില്‍ ചൂണ്ടിക്കാട്ടി. മേപ്പാടിയില്‍ 23 വര്‍ഷത്തിന് ശേഷം കെ.എസ്.യു ജയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നും ലഹരി ഉപയോഗത്തില്‍ സസ്‌പെന്‍ഡ് ചെയ്തത് എസ്.എഫ്.ഐ നേതാവിനെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ പ്രകോപിതരായ ഭരണപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി.
പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്തുവന്നുവെങ്കില്‍ പ്രതിപക്ഷ നേതാവ് തയാറായില്ല. ഇടതുപക്ഷവുമായി ബന്ധമുള്ള നിരവധി നേതാക്കള്‍ക്ക് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നും ലഹരിക്കെതിരെ ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ച എറണാകുളത്തെ സി.ഐ.ടി.യു നേതാവ് മയക്കുമരുന്നു കേസില്‍ ജയിലിലാണെന്ന വിവരവും സതീശന്‍ സഭയില്‍ ഉന്നയിച്ചു.
ഇതോടെ പ്രകോപിതരായ ഭരണപക്ഷ അംഗങ്ങള്‍ പ്രതിപക്ഷവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് സഭാ നടപടികള്‍ തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ നിയമസഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.
