Mon. Dec 23rd, 2024

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് കാരണം സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.

രാഷ്ട്രീയ അസ്ഥിരതയുമുള്ള അഫ്ഗാനില്‍ ഉണ്ടാക്കുന്ന മയക്കുമരുന്ന് പാകിസ്താന്‍, പഞ്ചാബ്, രാജസ്ഥാന്‍ വഴിയാണ് ഇന്ത്യയിലെത്തുന്നത് എന്നും കേരളവും അരക്ഷിതാവസ്ഥയുള്ള പ്രദേശമായി മാറിയതിനാല്‍ ലഹരി ഉപഭോഗം വര്‍ധിക്കുന്നതായി മാത്യ കുഴല്‍നാടന്‍ ചുണ്ടിക്കാട്ടി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി ബിസ്‌കറ്റ് കൊടുത്ത് വലയിലാക്കിയ വിഷയത്തില്‍ മൊഴി നല്‍കാന്‍ എത്തിയ കുട്ടി പൊലീസ് സ്റ്റേഷന്റെ പരിസരത്ത് മയക്കുമരുന്ന് മാഫിയക്കാരെ കണ്ട് ഭയപ്പെട്ടു. എങ്ങനെയാണ് മയക്കുമരുന്ന് മാഫിയക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതിക്കാരിയെ സ്വാധീനിക്കാനും നേരിടാനും സാധിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

അതേസമയം, കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന പ്രചാരണം തെറ്റാണെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കി. സമീപകാല സംഭവങ്ങള്‍ ഗൗരവകരമാണ്. സംസ്ഥാനമൊട്ടാകെ വലിയ പ്രാധാന്യത്തോടെ കാണുന്ന വിഷയമാണ് പ്രതിപക്ഷം ഉയര്‍ത്തി കൊണ്ടുവരുന്നത്. ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാമ്പയിന്‍ നടത്തുന്നുണ്ട്. വിഷയത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ജനകീയ കാമ്പയിനുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.