Sat. Jan 18th, 2025

“ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ പോകുന്ന പാക്കേജ്”- പുതിയ വ്യാപാര കരാറുകൾ കുറിച്ച് ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ എവെയ്-ല വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം 12-ാമത് മന്ത്രിതല സമ്മേളനത്തിൽ വെച്ചാണ് ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച പുതിയ വ്യാപാര കരാറുകൾ പ്രഖ്യാപിച്ചത്. കോവിഡ് -19 വാക്സിനുകളുടെ താൽക്കാലിക ഇളവുകൾ, ഇ-കൊമേഴ്‌സ് വ്യാപാരത്തിന് മൊറട്ടോറിയം, ഭക്ഷ്യ സുരക്ഷ, ഹാനികരമായ മത്സ്യബന്ധന സബ്‌സിഡികൾക്ക് പരിധി നിശ്ചയിക്കൽ എന്നിവയാണ് കരാറിലെ പ്രധാന തീരുമാനങ്ങൾ. 

പുതിയ പാക്കേജ് വിശദമാക്കുന്നതിനു മുൻപ് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ അഥവാ ലോക വ്യാപാര സംഘടന എന്ന് നോക്കാം. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിയമങ്ങൾ കൈകാര്യം ചെയ്യുന്ന ഏക അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 164 അംഗങ്ങളുള്ള സംഘടനയുടെ നിയമമനുസരിച്ച്  എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാണ് എടുക്കുന്നത്. അതായത്, ഏത് അംഗത്തിനും വീറ്റോ പ്രയോഗിക്കാൻ കഴിയും.അംഗരാജ്യങ്ങൾ ചർച്ച ചെയ്ത് ഒപ്പുവെക്കുന്ന വ്യാപാര കരാറുകളിലൂടെ സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടന ലക്ഷ്യം വെയ്ക്കുന്നത്. വ്യാപാര നിയമങ്ങൾ ചർച്ച ചെയ്യുന്നതിനും അവ തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു ഫോറവും ലോകാ വ്യപാര സംഘടന രാജ്യങ്ങൾക്ക് നൽകുന്നുണ്ട്. എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടനയുടെ  പ്രധാന തീരുമാനമെടുക്കുന്ന കമ്മിറ്റിയാണ് മന്ത്രിതല സമ്മേളനം. സാധാരണയായി ഓരോ രണ്ട് വർഷത്തിലുമാണ് ഇവരുടെ യോഗം ചേരുക. ഏതെങ്കിലും ബഹുമുഖ വ്യാപാര കരാറുകൾക്ക് കീഴിൽ വരുന്ന എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് കഴിയും. ലോക വ്യാപാര സംഘടനയുടെ പന്ത്രണ്ടാമത് മന്ത്രിതല സമ്മേളനമായിരുന്നു ജൂൺ 12 മുതൽ 17 വരെ ജനീവയിൽ വെച്ച് നടന്നത്. ജൂൺ 15 ന് അവസാനിക്കേണ്ട സമ്മേളനം ചർച്ചകൾ ശക്തമാക്കിയതോടെ രണ്ട് ദിവസത്തേക്ക് കൂടെ നീട്ടുകയായിരുന്നു. 

ആഗോള മത്സ്യസമ്പത്തിനെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി അടുത്ത നാല് വർഷത്തേക്ക് നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനത്തിന് സബ്‌സിഡികൾ തടയുന്ന ഒരു ബഹുമുഖ കരാർ ലോക വ്യാപാര സംഘടന പാസാക്കി. അമിത മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്ന സബ്‌സിഡികൾ നിരോധിക്കുന്നതിനുള്ള ചർച്ചകൾ 2001 മുതൽ അംഗരാജ്യങ്ങൾ നടത്തിവരുന്നുണ്ട്. പുതിയ വ്യാപാര നിയമങ്ങൾ സ്ഥാപിക്കുന്ന നിലവിലെ കരാർ,ലോക വ്യാപാര സംഘടനയുടെ ചരിത്രത്തിലെ രണ്ടാമത്തെ ബഹുമുഖ കരാറാണ്. നിയമ വിരുദ്ധവും അനിയന്ത്രിതവുമായ മീന്‍പിടുത്തം തടഞ്ഞ് മത്സ്യ സമ്പത്ത് സംരക്ഷിക്കുകയാണ് നിർദിഷ്ട ഉടമ്പടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതു പ്രകാരം രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മത്സ്യബന്ധന മേഖലയില്‍ സബ്‌സിഡികള്‍ നല്‍കുന്നത് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങൾ അവസാനിപ്പിക്കണം. 

നേരിട്ടോ അല്ലാതെയോ കടൽ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന 260 ദശലക്ഷം ആളുകളുടെ ഉപജീവനത്തെ ബാധിക്കുന്ന കരാറാണ് ഇതെന്നും, ലോക വ്യാപാര സംഘടനയുടെ അംഗങ്ങൾ ആദ്യമായി പാരിസ്ഥിതിക സുസ്ഥിരതയോടെ ഒരു കരാർ കൊണ്ടുവന്നെന്നുമാണ് ഒകോൻജോ-ഇവാല പ്രസ്തുത കരാറിനെ കുറിച്ച് പറഞ്ഞത്.  ഈ കരാറിൽ ഇന്ത്യയ്ക്കും മറ്റ് വികസ്വര രാജ്യങ്ങൾക്കും ചില ഇളവുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ചെറുകിട മത്സ്യബന്ധനത്തെ സഹായിക്കുന്ന ചില സബ്‌സിഡികളെ ഭീഷണിപ്പെടുത്തുന്ന നിർദ്ദേശങ്ങൾ  ഒഴിവാക്കാനായതിനാൽ, ഈ കരാറിന് കീഴിൽ ഇവർക്ക് ഒരു നിയന്ത്രണവും നേരിടേണ്ടി വരില്ലെന്നാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇത് സംബന്ധിച്ച് പറഞ്ഞത്.

എന്നാൽ ഈ കരാർ നിയമവിരുദ്ധമായ മത്സ്യബന്ധനത്തിനുള്ള സബ്‌സിഡികൾ ഇല്ലാതാക്കുകയല്ല മറിച്ച് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വിമർശകർ വാദിക്കുന്നത്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ കരാർ തിരിച്ചടിയാകും എന്നതാണ് യാഥാർഥ്യം. വള്ളം, വല, എഞ്ചിന്‍ തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങൾ, മണ്ണണ്ണ തുടങ്ങിയവയ്ക്കാണ് നിലവില്‍ ഇന്ത്യയില്‍ സബ്‌സിഡിയുള്ളത്. ഈ സബ്‌സിഡിയെ ആശ്രയിച്ചാണ് കേരളത്തിലെ മത്സ്യഫെഡിന് കീഴിലുള്ള പരമ്പരാഗത തൊഴിലാളികള്‍ ജീവിക്കുന്നത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 25 രൂപ നിരക്കില്‍ കേരളം കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 56 കോടി രൂപയാണ്. പുതിയ കരാര്‍ പ്രകാരം 200 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മത്സ്യബന്ധനത്തിന് പോവുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് സബ്‌സിഡി ലഭിക്കുന്നത്. എന്നാൽ 25 വര്‍ഷത്തേക്ക് കൂടി സബ്‌സിഡി തുടരണമെന്നായിരുന്നു യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല.

അപകടകരമായ രീതിയിൽ അമിത മത്സ്യബന്ധനമാണ് വികസിത രാജ്യങ്ങളിലുള്ളത്. 2020ലെ യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അനുവദിക്കപ്പെടുന്നതിന്റെ 34 ശതമാനം അധികമാണ് ഇപ്പോള്‍ നടക്കുന്ന മത്സ്യ ബന്ധനം. ഈ സാഹചര്യത്തിൽ മത്സ്യസമ്പത്ത് വീണ്ടും പഴയ പടി നിലനിര്‍ത്താനുള്ള പ്രധാനപ്പെട്ട മാർഗമാണ് സബ്‌സിഡികള്‍ ഒഴിവാക്കുക എന്നത്. പക്ഷെ, ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളും പരമ്പരാഗ സമൂഹങ്ങളില്‍ നിന്നാണെന്നിരിക്കെ സബ്‌സിഡികളില്‍ 81 ശതമാനവും കൈയ്യടക്കുന്നത് വന്‍കിടക്കാരാണ് എന്നതാണ് യാഥാർഥ്യം. വികസിത-വികസ്വര രാജ്യങ്ങളെന്നോ, അനുവദിക്കുന്ന സബ്‌സിഡിയെയോ,  ചെറുകിട വൻകിടക്കാർ എന്ന വ്യത്യാസമോ കണക്കിലെടുക്കാതെ എല്ലാ രാജ്യങ്ങളെയും ഒരേ രീതിയില്‍ ലോക വ്യാപാര സംഘടനാ പരിഗണിച്ചു എന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ പോരായ്മ. 

മാനുഷിക ആവശ്യങ്ങൾക്കായി യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം വാങ്ങുന്ന ഭക്ഷണത്തെ ഏതെങ്കിലും കയറ്റുമതി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള നിർബന്ധിത തീരുമാനമാണ് രണ്ടാമത്തെത്. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം മൂലമുണ്ടായ ആഗോള ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും സാഹചര്യത്തിൽ ആഗോള ഭക്ഷ്യസുരക്ഷയിൽ വ്യാപാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ സംഘടന, ഭക്ഷ്യ കയറ്റുമതി നിരോധനം ഒഴിവാക്കുമെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. എന്നാൽ, ആഭ്യന്തര ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനായി ഭക്ഷ്യവിതരണം നിയന്ത്രിക്കാൻ രാജ്യങ്ങളെ അനുവദിക്കും. ഇന്ത്യയുടെ പൊതു സ്റ്റോക്ക് ഹോൾഡിംഗുകളിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ പ്രധാന ആവശ്യം 2023 ലെ അടുത്ത മന്ത്രിതല സമ്മേളനത്തിലായിരിക്കും ചർച്ച ചെയ്യുക.

പേറ്റന്റ് ഉടമയുടെ സമ്മതമില്ലാതെ കോവിഡ് -19 വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശ പേറ്റന്റുകൾ 5 വർഷത്തേക്ക് താൽക്കാലികമായി ഒഴിവാക്കാനുള്ള തീരുമാനമാണ് അടുത്തത്. ഇതുവഴി ആഭ്യന്തരമായി കൂടുതൽ വാക്സിനുകൾ നിർമ്മിക്കാൻ കഴിയും. വാക്സിൻ നിർമ്മാണ ശേഷിയെ കേന്ദ്രീകരിക്കാനും വൈവിധ്യവത്കരിക്കാനുമുള്ള ഈ ശ്രമം ഒരു മേഖലയിലെ പ്രതിസന്ധി മറ്റുള്ളവരെ ബാധിക്കാതിരിക്കാൻ സഹായിക്കുമെന്നാണ് എൻഗോസി ഒകോൻജോ-ഇവാല പറഞ്ഞത്. എന്നാൽ 2020-ൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേർന്ന് നടത്തിയ യഥാർത്ഥ നിർദ്ദേശത്തിന്റെ മറ്റൊരു രൂപമാണ് നിലവിലെ കരാർ എന്ന് പറയേണ്ടി വരും. വാക്‌സിനുകൾ, ചികിത്സകൾ, പരിശോധനകൾ എന്നിവയിൽ വിപുലമായ ബൗദ്ധിക സ്വത്തവകാശ ഇളവുകളായിരുന്നു ഈ രാജ്യങ്ങൾ മുന്നോട്ട് വെച്ചത്. 

സമ്പന്നരായ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇതിനെ ശക്തമായി എതിർത്തിരുന്നു, ഐപികൾ അഥവാ ഇന്ത്യൻ ഫാർമക്കോബിയ, കോവിഡ് വാക്സിനുകളുടെ ഉപയോഗം  നിയന്ത്രിക്കുന്നില്ലെന്നും പേറ്റന്റ് പരിരക്ഷകൾ നീക്കം ചെയ്യുന്നത് ജീവൻ രക്ഷാ വാക്സിനുകൾ വേഗത്തിൽ നിർമ്മിക്കുന്ന ഗവേഷകർക്ക് ഒരു നെഗറ്റീവ് സന്ദേശമാണ് നൽകുന്നതെന്നുമായിരുന്നു അവർ വാദിച്ചത്. ഡയഗ്‌നോസ്റ്റിക്‌സും ചികിത്സകളും പോലുള്ള എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഉൾക്കൊള്ളാത്തതിനാൽ, കരാറിന് ഇടുങ്ങിയ സാധ്യതകളാണ് ഉള്ളതെന്ന് അഭിഭാഷക ഗ്രൂപ്പുകളും വിമർശിച്ചിട്ടുണ്ട്. “ കരാർ പ്രകാരം എല്ലാ അവശ്യ കോവിഡ് -19 മെഡിക്കൽ ഉപകരണങ്ങളിലും ഐപി ഒഴിവാകുന്നില്ല. മാത്രമല്ല ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമല്ല. മഹാമാരി സമയത്ത് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം ആളുകൾക്ക് വർദ്ധിപ്പിക്കാൻ ഫലപ്രദവും അർത്ഥവത്തായതുമായ ഒരു പരിഹാരം ഈ കരാർ നൽകുന്നില്ല എന്നുമാണ് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ അന്താരാഷ്ട്ര പ്രസിഡന്റ് ക്രിസ്റ്റോസ് ക്രിസ്റ്റോ പറയുന്നത്. 

ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മൊറട്ടോറിയം ആയിരുന്നു അടുത്ത തീരുമാനം. ബുധനാഴ്ച നടന്ന സമ്മേളനത്തിൽ, ഡിജിറ്റലായി വ്യാപാരം ചെയ്യുന്ന ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്ന ഇ-കൊമേഴ്‌സ് ഇടപാടുകളുടെ കസ്റ്റം തീരുവകൾക്കുള്ള മൊറട്ടോറിയം നീട്ടുന്നത് അവലോകനം ചെയ്യാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.ഇത്തരമൊരു മൊറട്ടോറിയത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുമെന്നായിരുന്നു പിയൂഷ് ഗോയൽ വാദിച്ചത്. 2017-2020 മുതൽ, വികസ്വര രാജ്യങ്ങൾക്ക് 49 ഡിജിറ്റൽ ഉൽപ്പന്നങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ ഏകദേശം 50 ബില്യൺ ഡോളറിന്റെ താരിഫ് വരുമാനം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. 1998-ലെ ഇലക്ട്രോണിക് ട്രാൻസ്മിഷനുകൾക്ക് കസ്റ്റം തീരുവ ചുമത്തില്ലെന്ന് ലോക വ്യാപാര സംഘടന അംഗങ്ങൾ ആദ്യം സമ്മതിച്ചിരുന്നെങ്കിലും മൊറട്ടോറിയം നീട്ടുകയായിരുന്നു. എന്തായാലും അടുത്ത മന്ത്രിതല സമ്മേളനം വരെയോ അല്ലെങ്കിൽ 2024 മാർച്ച് 31 വരെയോ, ഏതാണോ ആദ്യം വരുന്നത്, അതുവരെ ഇ-കൊമേഴ്‌സ് ട്രാൻസ്മിഷനുകളുടെ ദീർഘകാല മൊറട്ടോറിയം തുടരാൻ എല്ലാ അംഗങ്ങളും സമ്മതിച്ചിട്ടുണ്ട്. 

ഇന്ത്യ 100% സംതൃപ്തരാണെന്നും ആശങ്കകളില്ലാതെയാണ് താൻ ഇന്ത്യയിലേക്ക് മടങ്ങുന്നതെന്നുമാണ് പാക്കേജ് പ്രഖ്യാപിച്ചതിനു ശേഷം പീയുഷ് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ വ്യാപാര കരാറുകൾ ഏതൊക്കെ രീതിയിൽ  രാജ്യങ്ങൾക്ക് ഗുണകരമാകുമെന്ന്, അവരെ ബാധിക്കുമെന്ന് ഇനി വഴിയേ അറിയാം.