Mon. Dec 23rd, 2024

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. കര്‍ഷക കൂട്ടക്കൊല കേസിലെ നാല് പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പ്രസ്താവന. 

അധികാര സ്ഥാനങ്ങളിലുള്ള രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടത് മാന്യമായ ഭാഷയിലായിരിക്കണം. തങ്ങളുടെ അഭിപ്രായം സമൂഹത്തില്‍ എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന് അവർക്ക് തന്നെ ബോധ്യമുണ്ടാകണം. ഉയര്‍ന്ന പദവികളിലുള്ളവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും ഉത്തരവിൽ പറയുന്നു. 

നിരോധനാജ്ഞ ഉണ്ടായിരുന്ന സ്ഥലത്ത് എങ്ങനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുത്ത ഗുസ്തി മത്സരം നടന്നതെന്നും കോടതി ചോദിച്ചു. നിരോധനാജ്ഞ സംബന്ധിച്ച വിവരം ഉപമുഖ്യമന്ത്രിക്ക്  മുന്‍കൂട്ടി ലഭിച്ചില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല. നിയമം ഉണ്ടാക്കുന്നവര്‍ക്ക് നിയമം ലംഘിക്കാനുള്ള അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.