Mon. Dec 23rd, 2024

വാഷിങ്ങ്ടണ്‍: എലോണ്‍ മസ്‌കിന്റെ കടന്നുവരവ് ട്വിറ്ററിന്റെ അവസ്ഥ മോശമാക്കുമെന്ന് മെക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ സിഇഒ കൗണ്‍സില്‍ ഉച്ചകോടിയിലില്‍ സംസാരിക്കുമ്പോഴാണ്   ട്വിറ്ററിന്റെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. 

എലോണ്‍ മസ്‌കിന്റെ സ്‌പേയ്‌സ് എക്‌സ്, ടെസ്ല എന്നീ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് പ്രശംസനാര്‍ഹമാണ്. ഈ മേഖലയില്‍ മസ്‌കിന് ട്രാക്ക് റെക്കോര്‍ഡുകളുണ്ട്. ഈ കമ്പനികളിലെ എന്‍ജിനീയര്‍മാരെ ഒരു മികച്ച ടീമായി ഏകോപിപ്പിച്ചുകൊണ്ടുള്ള മസ്‌കിന്റെ പ്രവര്‍ത്തികള്‍ എടുത്തുപറയേണ്ടതാണ്. പക്ഷെ ട്വിറ്ററിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് സംശയമുണ്ടെന്നാണ് ബില്‍ഗേറ്റ്‌സ് പറഞ്ഞത്. 

മസ്‌കിന്റെ ഉദ്ദേശ്യങ്ങള്‍ ഇതുവരെ വ്യക്തമല്ല, എങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കി ട്വിറ്ററിനെ പോലൊരു പ്ലാറ്റ്‌ഫോമിനെ മോശമാക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ബില്‍ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ആളുകളെ അവര്‍ ആഗ്രഹിക്കുന്നത് പറയാന്‍ അനുവദിച്ചാല്‍ അത് അപകടകരമാകുമെന്നും ബില്‍ഗേറ്റ്‌സ് മസ്‌ക്കിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെന്‍സര്‍ഷിപ്പില്‍ നിന്നും മാറി ആശയവിനിമയം സ്വതന്ത്രമാക്കുകയെന്നതാണ് മസ്‌ക്കിന്റെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.