Fri. May 17th, 2024

തൃശൂര്‍: സംസാരശേഷിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും സംസാരിക്കാന്‍ കഴിയുന്ന ധ്വനി ഉപകരണം വികസിപ്പിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കേച്ചേരി തലക്കോട്ടുകര വിദ്യ കോളേജ് വിദ്യാർത്ഥികളാണ് വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഈ ഉപകരണം നിർമ്മിച്ചത്. 

ഓട്ടിസം ബാധിച്ച കുട്ടികള്‍ ഉൾപ്പെടെ ദിവസേന ഉപയോഗിക്കുന്ന വാക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് ഓരോ ചാനലായി ഈ ഉപകരണത്തിൽ സൂക്ഷിക്കും. മറ്റൊരാളോട് ആശയവിമിനിമയം നടത്തുന്ന സമയത്ത് ബട്ടണ്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ ഉപയോഗിക്കാം. ഇന്ത്യയിൽ ഈ സാങ്കേതിക വിദ്യയ്ക്ക് പ്രചാരം കുറവായതിനാല്‍, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി സഹകരിച്ച്  ഉപകരണം നിര്‍മിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യുറ്റ് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ്  വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. 

മികച്ച രീതിയിൽ ഈ ഉപകരണം നിർമ്മിച്ച ഇന്ത്യയില്‍ അഞ്ച് കോളേജുകളില്‍ വിദ്യ എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രാണിക്‌സ് വിഭാഗം നിര്‍മിച്ച ഉപകരണവും ഇടം നേടി. സര്‍വകലാശാലയിലേക്ക് വിശകലനത്തിനായി അയക്കുന്നതിനു മുൻപ് തൃശൂരിലെ സ്‌പെഷല്‍ സ്‌കൂളില്‍ ഉപകരണം ട്രയല്‍ നടത്തി വിജയിച്ചിരുന്നു.

ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രാണിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ കെ ആര്‍ വിഷ്ണു രാജ്, ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ എം അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ എ ജെ അഭിനവ്, എം ആര്‍ എയ്ഞ്ചല്‍ റോസ്, അഭിറാം പ്രകാശ്, യു ഐശ്വര്യ, അഭിഷേക് എസ് നായര്‍, കെ ഋഷികേശ് കൃഷ്ണന്‍ എന്നിവരാണ് ഉപകരണം നിർമ്മിച്ചത്. സര്‍വകലാശാലയുടെ പിന്തുണയോടെ ഈ ഉപകരണം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനാണ് വിദ്യാര്‍ത്ഥികൾ ലക്ഷ്യമിടുന്നത്.