Sat. Apr 27th, 2024
പെടേന:

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചു പൂട്ടിയ കരിങ്കൽ ക്വാറിയും, ക്രഷറും മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തനം തുടങ്ങിയതോടെ പെടേന നിവാസികളുടെ കുടിവെള്ളം മുടങ്ങുന്ന നിലയിലാണ്. കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്ന് മലിനജലം താഴ്ന്ന പ്രദേശത്തെ പെടേന, പെരുവാമ്പ പുഴകളിലേക്കൊഴുക്കിയാണ് ക്വാറിയുടമകൾ ജനത്തിന് വെല്ലുവിളിയുയർത്തുന്നത്. രണ്ട് വർഷമായി അടച്ചിട്ട ക്വാറികളാണ് താൽക്കാലിക ഉത്തരവിൽ പ്രവർത്തനം തുടങ്ങിയത്.

ക്വാറികളിലെ സ്ഫോടനത്തിൽ വീടുകൾ തകരുന്നതും പതിവായി. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകേണ്ട ഗ്രാമ പഞ്ചായത്ത് ക്വാറിയുടമകളെ സഹായിക്കുന്ന നിലപാടിലാണ്. ക്വാറികൾ പ്രവർത്തനം തുടങ്ങിയതോടെ നീർചാലുകളിലെ നീരൊഴുക്കും നിലച്ച നിലയിലാണ്.

മാലിന്യം കലർന്ന പുഴവെള്ളത്തിൽ കുളിക്കുവാനോ, നനയ്ക്കുവാനോ കഴിയാത്ത നിലയിലാണ്. നിറം മങ്ങിയ വെള്ളത്തിൽ കുളിച്ചാൽ ചൊറിച്ചിലും, ദേഹത്ത് പുകച്ചിലും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.