കച്ച്, ഗുജറാത്ത്:
ജെ. എൻ. യു. വിദ്യാർത്ഥിയായ നജീബ് അഹമ്മദ് അപ്രത്യക്ഷനായിട്ട് രണ്ടുവർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു റാലിയിൽ പങ്കെടുക്കാനായി ഗുജറാത്തിലെ കച്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഡൽഹിയിൽ എത്തിയതാണ് ആഷിയാന തേബ എന്ന ഇരുപത്തിരണ്ടുകാരി. നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ വേദന ആഷിയാനയ്ക്ക് മനസ്സിലാവാത്ത ഒരു കാര്യമല്ല. ഈ വർഷം ജൂലൈയിൽ കാണാതായ തന്റെ ഭർത്താവ് മജീദിനെ കണ്ടെത്താൻ വേണ്ടി അതുപോലെയൊരു പോരാട്ടം നടത്തുകയാണ് അവൾ.
“ഞാൻ ഇതുവരെ ഡൽഹിയിൽ വന്നിട്ടില്ല. അഹമ്മദാബാദിൽപ്പോലും മുമ്പ് വന്നിട്ടില്ല. എന്റെ ഗ്രാമമായ കച്ചിൽ ഞാൻ സന്തുഷ്ടയായിരുന്നു. കഴിഞ്ഞവർഷമാണ് മജീദിനെ വിവാഹം കഴിച്ചത്. ഇപ്പോൾ നാലുമാസം ഗർഭിണിയുമാണ്. അപ്രത്യക്ഷനായ ശേഷം മജീദിനെ കണ്ടെത്താൻ കഠിനശ്രമത്തിലായിരുന്നു ഞാൻ. അതിനുശേഷം ജീവിതം വളരെയധികം മാറിപ്പോയി.” ആഷിയാന വോക്ക് ജേണലിനോടു പറഞ്ഞു.
ജൂലൈ 19ന് ആഷിയാനയും ഭർത്താവ് മജീദ് (27), മജീദിന്റെ സഹോദരൻ ഗുലാം (25) എന്നിവർ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പോലീസ് അവരുടെ വീട്ടിലെത്തിയത്. മജീദിനെ തിരിച്ചറിഞ്ഞതോടെ അവർ അയാളെ മർദ്ദിക്കാൻ തുടങ്ങി. തടയാൻ ചെന്നപ്പോൾ ആഷിയാനയുടെ വയറിനും ഇടി കൊണ്ടു. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാർ, ഗർഭിണിയായ ആഷിയാനയെ മർദ്ദിക്കരുതെന്ന് പോലീസിനോട് പറഞ്ഞു. ആഷിയാനയെ ഉടൻ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് മജീദ് ആവശ്യപ്പെട്ടു.
അന്നാണ് തന്റെ ഭർത്താവിനെ ആഷിയാന അവസാനമായി കണ്ടത്.
വയറുവേദനയെത്തുടർന്ന് ആഷിയാനയെ ഭുജിലെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടുമണിക്ക് ഒരു ഡോക്ടർ വന്ന് ഡിസ്‌ചാർജ്ജ് ചെയ്തെന്നും, ആശുപത്രിയിൽ നിന്നു പോവണമെന്നും ആഷിയാനയെ അറിയിച്ചു. പുറത്ത് ആശുപത്രിഗേറ്റിൽ ഒരു പോലീസ് വാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആഷിയാന പോലീസ് സ്റ്റേഷനിലേക്കു പോകണമെന്ന് പോലീസ് ഉദ്യോഗസ്ഥർ നിർബ്ബന്ധം പിടിച്ചു. ആ വാഹനത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ അത് സുരക്ഷിതമല്ലെന്ന് ആഷിയാനയ്ക്കു തോന്നി. കച്ചിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് വരണമെന്ന് പോലീസ് അവളോട് ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനിൽ എത്തിയ ആഷിയാന അവിടെയും വനിതാകോൺസ്റ്റബിൾമാരില്ലെന്ന് മനസ്സിലാക്കി. പോലീസ് അവഹേളിക്കുകയും, മർദ്ദിക്കുകയും ചെയ്ത് ‘മജീദിനെ വേണമെങ്കിൽ സ്വയം കണ്ടെത്തിക്കൊള്ളണ’മെന്ന് പറയുകയും ചെയ്തതായി ആഷിയാന വോക്ക് ജേർണലിനോട് പറഞ്ഞു. അവൾ ഭീതിദയും ക്ഷീണിതയും ആയി വീട്ടിലെത്തിയെങ്കിലും മജീദിനെ കണ്ടില്ല. മജീദിന്റെ സഹോദരനും, മാനസികാസ്വാസ്ഥ്യമുള്ളയാളുമായ ഗുലാം വീട്ടുവിട്ട് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. “അയൽക്കാരെല്ലാം പേടിച്ചുപോയിരുന്നു. അവർ ആരോടും പറഞ്ഞില്ല. ഞാൻ അതിനുശേഷം മജീദിനെ കണ്ടിട്ടില്ല. പോലീസ് അദ്ദേഹത്തെ കൊന്നുവെന്നാണ് ഞാൻ സംശയിക്കുന്നത്” ആഷിയാന പറഞ്ഞു.
രണ്ടു ദിവസത്തിനുശേഷം, ചില പ്രാദേശിക സംഘടനകളുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകാൻ ശ്രമിച്ചു. “എന്നെ ഉപദ്രവിച്ചതിന്റെ തെളിവ് പോലീസ് സ്റ്റേഷനിലെ സി. സി. ടി. വി ദൃശ്യങ്ങളിൽ ഉണ്ടാവും. പക്ഷെ, പോലീസ് കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. അവർ മജീദിനെ പത്തു കേസുകളിൽ തേടിക്കൊണ്ടിരിക്കുന്നുവെന്ന ലിസ്റ്റിൽ ഉൾപ്പെടുത്തുകയും, അയാൾ കടന്നുകളഞ്ഞതായി അവകാശപ്പെടുകയും ചെയ്തു” ആഷിയാന പറഞ്ഞു. പിന്നീട് ആഷിയാന ഹൈക്കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് റജിസ്റ്റർ ചെയ്തു. “മജീദിനെ പോലീസ് വാഹനത്തിൽ കയറ്റുന്ന ഒരു ഫോട്ടോ ഞങ്ങൾ കണ്ടെത്തുകയും, അത് കോടതിക്കുമുമ്പാകെ സമർപ്പിക്കുകയും ചെയ്തു” ആഷിയാന പറഞ്ഞു.
മാറിമാറി വരുന്ന ഓരോ സർക്കാരിന്റെ കാലത്തും ഗുജറാത്തിലെ കച്ചിലെ ജനങ്ങൾ 1985 മുതൽ ഇത്തരം സംഭവങ്ങൾ കണ്ടുവരികയാണ്. പോലീസുകാർ മുസ്ലീം പുരുഷന്മാരെ കൊണ്ടുപോവുന്നു. പിന്നീട് അവർ ഒരിക്കലും തിരിച്ചെത്തുന്നില്ല. കച്ചിൽ നിന്ന് 1985 മുതൽ ഇങ്ങനെ ഒമ്പതു പേർ അപ്രത്യക്ഷരായിട്ടുണ്ടെന്ന് ഭുജിലെ ഒരു സാമൂഹ്യപ്രവർത്തകനായ മൊഹ്സിൻ അത്തർ (46) വോക്ക് ജേർണലിനോട് പറഞ്ഞു. “ലോകത്തിനു മുന്നിൽ കച്ച് അറിയപ്പെടുന്നത് വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലും റാൺ ഓഫ് കച്ച് ഉത്സവത്തിന്റെ പേരിലുമാണ്. പ്രധാനമന്ത്രി, കച്ചിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് അതിന്റെ ഗുണങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും പുകഴ്ത്താറുണ്ട്. കച്ചിലെ ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യത്തെക്കുറിച്ച് അദ്ദേഹം പക്ഷെ, ഒന്നും പറയാറില്ല. ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ വിധിക്കപ്പെട്ട പോലീസിന്റെ ക്രൂരതകളെക്കുറിച്ച് അദ്ദേഹം ആലോചിക്കാറുമില്ല” അത്തർ പറഞ്ഞു.
കച്ചിലേയും അഹമ്മദാബാദിലേയും പ്രാദേശികരായ പൊതുപ്രവർത്തകർ ചേർന്ന് ‘മജീദ് ഖോജ് യാത്ര’(മജീദിനെ കണ്ടെത്താനുള്ള റാലി) എന്ന പേരിൽ ഭുജ് മുതൽ അഹമ്മദാബാദ് വരെ ഒരു റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ, അതിന് പോലീസ് അനുമതി നിഷേധിച്ചു. അനുമതി ലഭിക്കാനായി സംഘാടകർ അഭിഭാഷകനായ ഷംഷാദ് പത്താൻ മുഖേന ഒരു പെറ്റീഷൻ ആഗസ്റ്റ് 22 ന് അഹമ്മദാബാദ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പക്ഷെ, ഹൈക്കോടതി അനുമതി നിഷേധിക്കുകയും, വ്യക്തമായ തീരുമാനത്തിനായി ഡി. ജി. പി. ഓഫീസിലേക്ക് നിർദ്ദേശം നൽകുകയും ചെയ്തു. “ഈ ഭരണകൂടം എന്തിനാണ് ഞങ്ങളെ സമാധാനപരവും ജനാധിപത്യപരവുമായ ഒരു റാലി നടത്തുന്നതിൽ നിന്ന് വിലക്കുന്നത്?,” മൊഹ്സിൻ ആരാഞ്ഞു.
പക്ഷെ, മജീദിന്റെ കുടുംബം, പ്രത്യേകിച്ചും ആഷിയാന, അത്ര പെട്ടെന്ന് പിൻമാറാൻ ഒരുക്കമല്ല.
ജെ എൻ യു വിൽ നിന്ന് രണ്ടുവർഷം മുമ്പ് മകനെ കാണാതായ നജീബിന്റെ മാതാവിനേയും, സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റുള്ളവരേയും കാണാൻ കഴിഞ്ഞത് ആഷിയാനയ്ക്ക് കൂടുതൽ ശക്തി പകരുന്നുണ്ട്. “ഈ സ്ത്രീകൾ ഇതുവരെ പിന്മാറിയിട്ടില്ല. അവർ നീതിക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. ഞാനും പിന്മാറാനൊരുക്കമല്ല. ഗുജറാത്ത് മോഡൽ വികസനത്തെക്കുറിച്ചാണ് പ്രധാനമന്ത്രി എല്ലായിടത്തും പറയുന്നത്. അയാൾ (നരേന്ദ്രമോദി) ഒരു നാണമില്ലാത്ത മനുഷ്യനാണ്. അയാളുടെ ഗുജറാത്ത് മോഡൽ പാവപ്പെട്ടവരുടെ രക്തവും കണ്ണീരും കൊണ്ടാണ് കെട്ടിപ്പടുത്തിയിരിക്കുന്നത്.”