ധാക്ക, ബംഗ്ലാദേശ്
ശനിയാഴ്ച , സിലെറ്റിലെ, (Sylhet)ഷാജലാൽ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ വെച്ച് കുത്തേറ്റ, പ്രമുഖ ബംഗ്ലാദേശി സയൻസ് ഫിക്ഷൻ എഴുത്തുകാരനും, വിദ്യാഭ്യാസ വിദഗ്ദ്ധനുമായ പ്രൊഫസ്സർ മുഹമ്മദ് സഫർ ഇക്ബാലിനെ എയർ ആംബുലസിൽ ധാക്കയിലേക്കു കൊണ്ടുവന്നു.
ബംഗ്ലാദേശിലെ പല മാദ്ധ്യമങ്ങളിലേയും റിപ്പോർട്ടു പ്രകാരം, അക്രമി, ഇക്ബാലിനെ(65) തലയ്ക്ക് അടിക്കുകയും, കൈയിലും പുറത്തും കുത്തുകയുമാണുണ്ടായത്.
ഒരു ശാസ്ത്രമേളയിൽ , വിദ്യാർത്ഥികളുടെ മുന്നിൽ പ്രസംഗിക്കാൻ തുടങ്ങുമ്പോഴാണ് സംഭവം.
അക്രമിയെ കൈയോടെ പിടികൂടി കസ്റ്റഡിയിലയച്ചു. ആളാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ആക്രമിക്കപ്പെട്ട ഉടൻ തന്നെ ഇക്ബാലിനെ സിലെറ്റിലെ ഒസ്മാനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ എയർ ആംബുലൻസിൽ ധാക്കയിലെ കംബൈൻഡ് മിലിട്ടറി ആശുപത്രിയിൽ വിദഗ്ദ്ധചികിത്സയ്ക്കായി കൊണ്ടുവന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അദ്ദേഹത്തിന്റെ തലയിലും, ഇടതുകൈയിലും, പുറത്തുമായി 26 സ്റ്റിച്ചുകൾ ഇട്ടിട്ടിട്ടുണ്ടെന്ന് ഒസ്മാനി മെഡിക്കൽ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്ബൂബുൾ ഹഖ് ചൌധരി ശനിയാഴ്ച രാത്രി മാദ്ധ്യമങ്ങളോട് അറിയിച്ചു.
അക്രമിയുടെ ലക്ഷ്യം എന്തെന്ന് വ്യക്തമായിട്ടില്ല. പ്രൊഫസർ ഇക്ബാൽ, വർഗ്ഗീയതയ്ക്കും, തീവ്രവാദത്തിനുമെതിരെ സ്വീകരിച്ച കഠിനനിലപാടുകൾ കാരണം തീവ്രവാദികൾ ആക്രമിച്ചതായിരിക്കും എന്ന് വിദ്യാർഥികളും മറ്റുള്ളവരും കരുതുന്നു. ക്യാമ്പസ്സിലെ റാഗിംഗിനെയും അടുത്തകാലത്ത് അദ്ദേഹം എതിർത്തിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ടാണോ കൊലയ്ക്ക് ശ്രമം നടന്നതെന്ന് വ്യക്തമല്ല.