ഭുവനേശ്വർ, ഒഡീഷ
ഒറിയയിലെ പ്രമുഖ സംഗീതജ്ഞനും, ഗാനരചയിതാവും, ഭജൻ ഗായകനുമായ അരബിന്ദ മുദുലി, ഒഡീഷയിലെ ഭുവനേശ്വറിൽ ഹൃദയാഘാതം മൂലം ഇന്നലെ അന്തരിച്ചു. അദ്ദേഹത്തിന് 56 വയസ്സായിരുന്നു.
പുലർച്ചെ രണ്ടുമണിക്ക് അദ്ദേഹത്തിനു നെഞ്ചുവേദന അനുഭവപ്പെടുകയും, ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമാണുണ്ടായത്. അവിടെവെച്ചാണ് അദ്ദേഹം മരിക്കുന്നത്.
പ്രമുഖ ഭജനഗാനങ്ങളായ “കലാ സാന്തേ അച്ഛാ കെമന്റേ, ജാഗാ പേ നീതി മാലി ഫൂലാ” എന്നീ ഗാനങ്ങളാൽ അദ്ദേഹം ഓർമ്മിക്കപ്പെടും. ഭക്തിഗാനങ്ങളാൽ അദ്ദേഹം എന്നും പ്രേക്ഷകരെ സ്വാധീനിക്കുകയും, ഒഡീഷയിലും മറ്റു സ്ഥലങ്ങളിലും ലക്ഷക്കണക്കിന് ആളുകളുടെ മനം കവരുകയും ചെയ്തിരുന്നു.
ഖോർദ്ദ ജില്ലയിലെ ഖനാതിയിൽ 1961 സെപ്തംബർ 1 നു ജനിച്ച അദ്ദേഹം ജഗന്നാഥഭഗവാന്റെ ഭക്തനായിരുന്നു. ഭജനകൾ മാത്രമാണ് പാടിയിരുന്നതും.
മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് അടക്കം, പല പ്രമുഖവ്യക്തികളും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രമുഖ ഗായകന്റെ വിയോഗത്തിൽ പട്‌നായിക്ക് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, ദുഃഖിതരായ കുടുംബത്തെ സഹതാപം അറിയിക്കുകയും ചെയ്തു.