Sun. Jan 19th, 2025

വാഷിംഗ്‌ടൺ

Trump_Putin01032018
2016 ലെ തെരഞ്ഞെടൂപ്പ്; റഷ്യ നുഴഞ്ഞുകയറാൻ നോക്കിയെന്നത് അമേരിക്ക നിഷേധിച്ചു

അലാസ്ക, അരിസോണ, കാലിഫോർണിയ, ഫ്ലോറിഡ, ഇല്ലിനോയി, ടെക്സാസ്, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളുടെ വെബ് സൈറ്റിലേക്കോ ഡാറ്റാബേസുകളിലേക്കോ 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് റഷ്യൻ സാങ്കേതികവിദഗ്ദ്ധർ നുഴഞ്ഞുകയറ്റം നടത്തിയെന്ന മാദ്ധ്യമറിപ്പോർട്ടിനെ അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി നിഷേധിച്ചു.

മുൻ പ്രസിഡന്റ് ഒബാമയുടെ ഭരണത്തിന്റെ അവസാന ആഴ്ചകളിൽ, അദ്ദേഹം ആവശ്യപ്പെട്ട ഒരു സൂക്ഷ്മപരിശോധനയിൽ, വോട്ടർ സൈറ്റിലേക്കോ രജിസ്ട്രേഷൻ സിസ്റ്റത്തിലേക്കോ റഷ്യ നുഴഞ്ഞുകയറ്റം നടത്തിയതായി കണ്ടുവെന്ന് ഒരു അധികാരി പറഞ്ഞതായി എൻ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് , അങ്ങനെയൊന്ന് നടന്നതായി നിഷേധിച്ചത്.

“ 2016ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇന്നു രാത്രി എൻ ബി സി റിപ്പോർട്ടു ചെയ്തത് ശരിയായ വാർത്തയല്ലെന്നും, അത്, രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വിദേശ പ്രതിധികളിൽനിന്ന് സുരക്ഷിതമാക്കാൻ, സംസ്ഥാന, പ്രാദേശിക സർക്കാരുകളുമായിച്ചേർന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി(ഡി എച്ച് എസ്) നടത്തുന്ന പ്രയത്നങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന പ്രവർത്തി ആയെന്നും ഡി എച്ച് എസ്സിന്റെ പ്രസ്സ് സെക്രട്ടറി ടൈലർ ക്യു. ഹൌൾട്ടൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

പല സംസ്ഥാനങ്ങൾക്കും 2016 ലെ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെന്നും, പക്ഷേ, മോസ്കോ ആണ് അതിന്റെ പിന്നിലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നുമാണ് എൻ ബി സി റിപ്പോർട്ടു പ്രകാരം, അമേരിക്കയിലെ അധികാരികൾ പറഞ്ഞിട്ടുള്ളത്.

“റഷ്യൻ സർക്കാരിന്റെ പ്രതിനിധികളുടെ പ്രവർത്തികാരണം ഈ ഏഴു സംസ്ഥാനങ്ങളിലേയും സിസ്റ്റത്തിന് പ്രശ്നം നേരിട്ടതായി എൻബി സിയുടെ റിപ്പോർട്ടിനെ സ്ഥിരീകരിക്കുന്ന ഒരു വസ്തുതയും, പുതിയതോ പഴയതോ, ഞങ്ങളുടെ അടുത്തില്ല. എൻ ബി സി യുടെ ഇന്നത്തെ വാർത്ത, തികച്ചും വാസ്തവവിരുദ്ധവും, വഴിതെറ്റിക്കുന്നതുമാണ്.” ആ റിപ്പോർട്ടു നിഷേധിച്ചുകൊണ്ട്, ഡി എച്ച് എസ്സിന്റെ പ്രസ്താവനയിൽ പറഞ്ഞു.

അവരുടെ സ്വന്തം അന്വേഷണം ആധാരമാക്കി, ഏഴിലെ ആറു സംസ്ഥാനവും നുഴഞ്ഞുകയറ്റം നടന്നെന്നത് നിഷേധിച്ചു. എല്ലാ സംസ്ഥാനങ്ങളിലേയും, സർക്കാരിന്റേയും അധികാരികൾ വോട്ടിന് കുഴപ്പം നേരിട്ടിട്ടില്ലെന്നു പറഞ്ഞു.

റഷ്യൻ ഹാക്കിംഗ് നടന്നുവെന്ന് പറഞ്ഞ് ഡി എച്ച് എസ്സിൽ നിന്നു വിമർശനം നേരിടുന്ന എൻ ബി സി യുടെ, ആദ്യത്തെ റിപ്പോർട്ടല്ല ഇത്. അമേരിക്കൻ തെരഞ്ഞെടുപ്പിനു മുമ്പ് റഷ്യൻ ഹാക്കർമാർ അമേരിക്കൻ വോട്ടർ സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറിയെന്ന എൻ ബി സി വാർത്ത ഈ മാസം ആദ്യവും ഡി എച്ച് എസ് തള്ളിക്കളഞ്ഞിരുന്നു.

2018 മിഡ് ടേമിനിടയിലും റഷ്യ ഇടപെടാൻ ശ്രമിക്കുമെന്ന് അമേരിക്കൻ അധികാരികൾ മുന്നറിയിപ്പു നൽകിയതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.

അവരെ ലക്ഷ്യം വെച്ചിട്ടുണ്ടോ ഇല്ലയോ എന്ന്, 2016 ലെ തെരഞ്ഞെടുപ്പിനു മുമ്പ് ഡിപ്പാർട്ട്മെന്റ്, 50 സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു. 21 സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചിരുന്നെങ്കിലും, വിജയകരമായില്ലെന്ന് ന്യൂസ് ഏജൻസി പറഞ്ഞു.

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പോൾ പ്രകാരം നാലിൽ മൂന്ന് അമേരിക്കക്കാരും പറഞ്ഞത്, റഷ്യ, ഭാവിയിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്താൻ ശ്രമിക്കുമെന്നും, 60% ആളുകൾ പറഞ്ഞത്, ഈ ഭീഷണിയെ നേരിടാൻ ട്രം‌പ് കാര്യമായിട്ടൊന്നും ചെയ്യുന്നില്ലെന്നും ആണ്.

Leave a Reply

Your email address will not be published. Required fields are marked *