Sat. Apr 27th, 2024

ന്യൂഡൽഹി

pexels-photo-251287-1
ജൂനിയർ ട്രം‌പ് ഇന്ത്യ സന്ദർശിക്കുന്നു

വ്യാപാരവും വിദേശനയവും ലക്ഷ്യമാക്കിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിന്റെ മകൻ ഡൊണാൾഡ് ട്രം‌പ് ജൂനിയർ ഇന്ത്യയിലെത്തുന്നത്.

ട്രം‌പ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് ഡയറക്ടറായ ജൂനിയർ ട്രം‌പിന്റെ ഇന്ത്യയിലേക്കുള്ള ആദ്യത്തെ വരവ് ചൊവ്വാഴ്ചയാണ്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്രയിൽ ജൂനിയർ ട്രം‌പ്, ആർഭാട പാർപ്പിട പദ്ധതിയായ ട്രം‌പ് ടവേഴ്സിന്റെ വില്പന കൂടാതെ, ഇന്ത്യയിലെ വിദേശനയത്തെക്കുറിച്ച് ഒരു പ്രസംഗവും നടത്തുന്നുണ്ട്.

കൊൽക്കത്ത, മുംബൈ, പൂനെ, ഗുരുഗ്രാം എന്നിവിടങ്ങളിലെ നിക്ഷേപകരുമായും, വ്യാപാരപ്രമുഖന്മാരുമായും ട്രം‌പ് ജൂനിയർ കൂടിക്കാഴ്ച നടത്തുമെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

ഡൊണാൾഡ് ട്രം‌പിന്റെ മൂത്ത മകനായ ഇദ്ദേഹം വരുന്നതിനു മുമ്പു തന്നെ പരസ്യം കൊടുത്തുതുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ പത്രങ്ങളിൽ, ഗുരുഗ്രാമിലെ ട്രം‌പ് ഓർഗനൈസേഷൻ പ്രൊജക്ടിന്റെ ഭാഗമാവാനും, പിന്നീട് ജൂനിയർ ട്രം‌പിന്റെ കൂടെ അത്താഴത്തിനും, ഇന്ത്യയിലെ നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള മുഴുവൻ പേജ് പരസ്യം കൊടുത്തിട്ടുണ്ട്.

“ട്രം‌പ് വന്നു. നിങ്ങളോ” എന്നാണ് പരസ്യം. അതിൽ ബുധനാഴ്ചയ്ക്കകം ഒരു അപ്പാർട്ട്മെന്റ് ബുക്കു ചെയ്യാനും, വെള്ളിയാഴ്ച ട്രം‌പ് ജൂനിയറിന്റെ കൂടെ സംഭാഷണത്തിനും അത്താഴത്തിലും പങ്കുചേരാനും ഉപഭോക്താക്കളെ ക്ഷണിച്ചിരിക്കുന്നു. ഞായറാഴ്ചത്തെ ഒരു പത്രത്തിൽ “ട്രം‌പ് ഇവിടെയുണ്ട്. നിങ്ങളെ ക്ഷണിച്ചിട്ടുണ്ടോ” എന്നാണുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന ആഗോള വ്യാപാര ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയിലെ തന്റെ ആദ്യത്തെ പ്രസംഗത്തിൽ “റീ ഷേപ്പിംഗ് ഇന്തോ- പസിഫിക് ടൈസ്; ദി ന്യൂ ഇറ ഓഫ് കോ-ഓപ്പറേഷൻ (Reshaping Indo-Pacific Ties: The New Era of Cooperation”) എന്ന വിഷയം സംസാരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആ ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയെ ഭാവിയിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പുകൾ എന്ന വിഷയം സംസാരിക്കും.

ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ ഇന്ത്യ സന്ദർശനത്തിലെ താത്പര്യങ്ങളിലെ വൈരുദ്ധ്യം അമേരിക്കയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

കൊൽക്കത്തയിൽ 137 ലക്ഷ്വറി പദ്ധതി തുടങ്ങാൻ പോകുന്നു. അവിടയും ട്രം‌പ് ജൂനിയർ സന്ദർശിക്കും.

“ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. ഈ സന്ദർശനം, മാസങ്ങളായി കൊൽക്കത്തയിലും ഡൽഹിയിലും നടന്നുകൊണ്ടിരിക്കുന്ന ട്രം‌പ് പദ്ധതിയുടേതടക്കം, ഞങ്ങൾ നേടിയിട്ടുള്ള എല്ലാത്തിന്റേയും ആഘോഷത്തിനു വേണ്ടിയാണ്.” ട്രം‌പ് ജൂനിയർ പറഞ്ഞു.

വ്യാപാരത്തിലെ പങ്കാളികളുടെ അഭിപ്രായപ്രകാരം ഇപ്പോഴത്തെ സ്ക്വയർ ഫൂട്ടിന് മാർക്കറ്റ് വിലയേക്കാളും 30% അധികമായിട്ടാണ് ട്രം‌പ് ടവേഴ്സിലെ യൂണിറ്റുകൾ വിറ്റുപോകുന്നത്. ഈ രീതി തന്നെ ഒന്നുകൂടെ ദൃഢമാക്കാൻ ജൂനിയർ ട്രം‌പിന്റെ സന്ദർശനം വഴിതെളിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്.

ട്രം‌പ് ഓർഗനൈസേഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അന്തർദ്ദേശീയ മാർക്കറ്റാണ് ഇന്ത്യ. മുംബൈ, കൊൽക്കത്ത, പൂനെ, ഗുരുഗ്രാം എന്നീ നാലുസ്ഥലങ്ങളിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നു.

ജൂനിയർ ട്രം‌പിന്റെ സഹോദരി ഇവാൻ‌ക നവംബറിൽ വ്യവസായസംരംഭകരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഹൈദരാബാദിൽ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *