Wed. Jan 22nd, 2025

 

നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും മേപ്പാടി സിഎച്ച്‌സിയിലേയ്ക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. മുപ്പതോളം ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിക്കുക.

അതേസമയം, 71 മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്നും ഇതുവരെ കണ്ടെത്തി. 39 പൂര്‍ണ മൃതദേഹങ്ങള്‍, 32 ശരീര ഭാഗങ്ങള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയത്. പുഴയുടെ തീരത്തുനിന്ന് ചൊവ്വാഴ്ച കണ്ടെടുത്തത് 32 മൃതദേഹങ്ങളാണ്.

ഭൂദാനം ഭാഗത്ത് ഒരു ചെറിയ കുട്ടിയുടെ മൃതദേഹഭാഗമാണ് കരയ്ക്കടിഞ്ഞതായി നാട്ടുകാര്‍ ആദ്യം കണ്ടത്. അതോടെ അവര്‍ തിരച്ചില്‍തുടങ്ങി. വാണിയമ്പുഴ പുഴയോരത്ത് ആറു മൃതദേഹഭാഗങ്ങള്‍ കണ്ടതായി അവിടുത്തെ ആദിവാസികള്‍ അറിയിച്ചു.

പിന്നീട് ഓരോരോ ഭാഗത്തുനിന്നായി മൃതദേഹഭാഗങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. അതോടെ നാട്ടുകാര്‍ പോലീസിനെയും മറ്റധികൃതരെയും അറിയിച്ചു. അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും വിവിധ സംഘടനാ പ്രവര്‍ത്തകരുമെല്ലാം കൈമെയ് മറന്നു നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

പോത്തുകല്‍, വാണിയമ്പുഴ, ഇരുട്ടുകുത്തിക്കടവ് പനങ്കയം തുടങ്ങി പലയിടങ്ങളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലൂടെയൊഴുകുന്ന ചൂരല്‍മലപ്പുഴ (കള്ളാടിപ്പുഴ) ഏതാനും കിലോമീറ്ററുകള്‍ കൂടി ഒഴുകി അരുണപ്പുഴയും സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ വെള്ളവും താഴേക്കൊഴുകിയാണ് ചാലിയാറായി രൂപപ്പെടുന്നത്. ചൂരല്‍മല ഭാഗത്തുനിന്നുള്ള മറ്റൊരു പുഴയായ ഏറാട്രപുഴയും ഒടുവിലെത്തുന്നത് ചാലിയാറില്‍ത്തന്നെയാണ്.

മേപ്പാടിയില്‍നിന്നുള്ള മറ്റു ചെറുപുഴകളും ചേര്‍ന്ന് ഒഴുകി 15 കിലോമീറ്ററോളം വനനത്തിലൂടെ ഒഴുകിയാണ് മുണ്ടേരിയിലെത്തുന്നത്. അപകടംനടന്ന സ്ഥലത്തുനിന്നുള്ള അവശിഷ്ടങ്ങള്‍ അതുകൊണ്ടുതന്നെ ഒഴുകിയെത്തുക ചാലിയാറിലേക്കു മാത്രമാണ്.

ചൂരല്‍മലയില്‍നിന്ന് വനത്തിലൂടെ ഒഴുകിയെത്തുന്ന ചൂരല്‍മലപ്പുഴ തുടര്‍ന്ന് കുത്തനെയുള്ള മലമ്പ്രദേശങ്ങളിലൂടെ ഒഴുകിയാണ് ചാലിയാറിലേക്കെത്തുന്നത്. മുണ്ടേരി വനമേഖലയിലൂടെ ഒഴുകുന്ന ചാലിയാര്‍ ചെങ്കുത്തായ മലനിരകളിലൂടെ ഒഴുകുന്നതിനാലാണ് പുലര്‍ച്ചെ രണ്ടുമണിയോടെ മുണ്ടക്കൈയിലുണ്ടായ അപകടത്തിന്റെ അവശിഷ്ടങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ മുണ്ടേരി വനമേഖലയില്‍ ചാലിയാറിലെത്തിയത്.