ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കായി ഗംഗാവാലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും. നാവികസേനയെ കൂടാതെ പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളും ശനിയാഴ്ച തിരച്ചില്‍ നടത്തിയിരുന്നു.
ഡ്രഡ്ജര്‍ പുഴയിലെത്തിച്ചാണ് ഇന്നത്തെ പരിശോധന. രണ്ടു ദിവസമായി പ്രദേശത്ത് മഴയില്ലാത്തതിനാല്‍ രക്ഷാദൗത്യം ഇന്ന് കൂടുതല്‍ സുഗമമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്‍വാര്‍ എംഎല്‍എ സതീശ് സെയില്‍ പറഞ്ഞു. മഴയിലും മണ്ണിടിച്ചിലിലും വ്യാപകമായി കല്ലും മരങ്ങളും പുഴയില്‍ പതിച്ചിട്ടുണ്ട്. അതിനൊപ്പം വനത്തിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ നദിയിലെ വെള്ളം കലങ്ങിമറിഞ്ഞ സ്ഥിതിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളി ഇതാണെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നദിയില്‍ ലോറിയുടെ സാന്നിധ്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കേരള-കര്‍ണാടക മന്ത്രിമാരും എംഎല്‍എമാരും കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത യോഗ തീരുമാന പ്രകാരമാണ് മുങ്ങല്‍ വിദഗ്ധരെ എത്തിച്ചത്.
രാജസ്ഥാനില്‍നിന്ന് അതിവിദഗ്ധരായ സ്‌കൂബ ഡൈവര്‍മാരെ കൊണ്ടുവരാനും ഗോവയില്‍നിന്ന് മണ്ണുനീക്കല്‍ യന്ത്രം കൊണ്ടുവരാനുമുള്ള തീരുമാനം നടപ്പായില്ല. ഇതില്‍ മന്ത്രി മുഹമ്മദ് റിയാസ് ഡെപ്യൂട്ടി കമീഷണര്‍ ലക്ഷ്മിപ്രിയയെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്നാണ് ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ എത്തിച്ചത്.
നദിയില്‍ നിന്ന് നാലാമത്തെ സിഗ്നല്‍ ലഭിച്ചിടത്തായിരുന്നു ശനിയാഴ്ച പ്രധാനമായും തിരച്ചില്‍ നടത്തിയത്. സിഗ്നല്‍ ലഭിച്ച സ്ഥലങ്ങള്‍, നദിയില്‍ മണ്‍കൂഞ്ഞ രൂപപ്പെട്ട സ്ഥലം എന്നിവടങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികളും നാവിക സേനയും പരിശോധന നടത്തി. തിരച്ചില്‍ സംഘത്തിലെ തലവന്‍ ഈശ്വര്‍ മല്‍പെ ശനിയാഴ്ച ഗംഗാവലി നദിയില്‍ ആറ് തവണയാണ് മുങ്ങിതപ്പിയത്. എന്നാല്‍ നദിയിലെ ശക്തമായ അടിയൊഴുക്കും കയവും കാരണം അധികനേരം മുങ്ങിതപ്പാന്‍ സംഘത്തിന് കഴിഞ്ഞില്ല.
ബോട്ടിന്റെ എഞ്ചിന്‍ ഓഫാക്കി, നൂറ് കിലോ ഭാരമുള്ള വടം ശരീരത്തില്‍ കെട്ടിയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയത്. എന്നാല്‍, പുഴയിലെ കുത്തൊഴുക്ക് കാരണം ബോട്ടിന്റെ എന്‍ജിന്‍ നിര്‍ത്തി പരിശോധന തുടരാനാകാത്ത സ്ഥിതിയായിരുന്നു. ഇതിനിടയില്‍ ഒരുതവണ വടം പൊട്ടി, ഈശ്വര്‍ മല്‍പെ നദിയിലെ കുത്തൊഴുക്കില്‍ അകപെട്ട് പോയെങ്കിലും നാവിക സേന രക്ഷപ്പെടുത്തുകയായിരുന്നു. വൈകീട്ട് ആറരവരെയും പ്രാദേശിക സംഘം തിരച്ചില്‍ തുടര്‍ന്നെങ്കിലും ഇരുട്ടും കുത്തൊഴുക്കും കാരണം തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ എംകെഎം അഷ്‌റഫ്, എം വിജിന്‍, ലിന്റോ ജോസഫ്, സച്ചിന്‍ ദേവ്, എം രാജഗോപാലന്‍ എന്നിവര്‍ ഷിരൂരില്‍ ഉണ്ടായിരുന്നു.
ജൂലൈ 16നാണ് ദേശീയപാത 66ല്‍ മണ്ണിടിച്ചിലുണ്ടാകുന്നത്. ലോറി ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി വിശ്രമിക്കുന്ന മേഖലയിലാണ് വന്‍തോതില്‍ മണ്ണിടിഞ്ഞത്. 12 ലേറെ പേര്‍ സംഭവത്തില്‍ മരിച്ചിരുന്നു. കാണാതായ അര്‍ജുന്‍ മണ്ണിനടിയിലുണ്ടാകുമെന്ന നിഗമനത്തില്‍ ദിവസങ്ങളോളം മണ്ണ് മാറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നദിയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാല് പോയിന്റുകളില്‍ ലോഹവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുന്നത്.