Sun. Dec 22nd, 2024

 

പാരീസ്: ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ. ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിലാണ് ഹരിയാനക്കാരിയായ മനു ഭാക്കര്‍ ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലാണ് മനു ഭാക്കര്‍ സ്വന്തമാക്കിയത്.

ഫൈനലില്‍ തുടക്കം മുതലേ മെഡല്‍ പൊസിഷനില്‍നിന്ന് പുറത്താവാതെയാണ് താരം മുന്നേറിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് താരം മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.

അതേസമയം, ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മലദ്വീപിന്റെ ഫാത്തിമ നബാഹിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (219, 216) സിന്ധുവിന്റെ ജയം. വെറും 30 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി.