Tue. Nov 5th, 2024

യഥാര്‍ത്ഥത്തില്‍ അതീവ സുരക്ഷാ ജയിലിലെ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വ്യക്തിപരമായി ഒരാളെ എത്രത്തോളം മാനസികമായി പീഡിപ്പിക്കാന്‍ കഴിയുമോ അത്തരത്തില്‍ പീഡിപ്പിക്കാന്‍ വേണ്ടിയാണ്

തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനും ചത്തീസ്ഗഢ് സ്വദേശിയുമായ ദീപക് നിരാഹാരം സമരം ആരംഭിച്ചിരിക്കുകയാണ്. പൂര്‍ണ നഗ്‌നനാക്കി ദേഹ പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപക്ക് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റാണ് ദീപക് എന്ന കൊര്‍സ സന്നു.

കഴിഞ്ഞ ദിവസം ദീപക്കിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് ചികിത്സയ്ക്ക് വേണ്ടി കൊണ്ടുപോയിരുന്നു. കയ്യിലെ എല്ല് സംബന്ധമായ ചികിത്സയ്ക്ക് വേണ്ടിയാണ് ദീപക്കിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ചികിത്സ തേടി തിരിച്ച് ജയിലില്‍ എത്തിച്ചപ്പോള്‍, ദീപക് മലദ്വാരത്തില്‍ വെച്ച് കഞ്ചാവ് കടത്തുന്നുണ്ടെന്ന് ആരോപിച്ച് ജയിലധികൃതര്‍ പൂര്‍ണ നഗ്‌നനാക്കി ദേഹ പരിശോധന നടത്തുകയായിരുന്നു. ദീപക് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ജയില്‍ അധികൃതര്‍ നഗ്‌നമാക്കിയുള്ള ദേഹ പരിശോധന നടത്തിയത്.

തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള സായുധ പോലീസിന്റെ സുരക്ഷയിലാണ് ദീപക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാത്രമല്ല, കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ദീപക് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറില്ല എന്ന് ജയിലധികൃതര്‍ക്ക് അറിവുള്ളതാണ്. എന്നിട്ടും തടവുകാരുടെ അവകാശങ്ങളെ ഹനിക്കുന്ന പ്രവര്‍ത്തിയാണ് അധികൃതരില്‍ നിന്നും ദീപക്കിന് നേരിടേണ്ടി വന്നത്.

മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ ദീപക് Screengrab, Copyright: The Hindu

ഓരോ തടവുകാരനോടും പക്ഷപാതരഹിതമായും മനുഷ്യത്വപരമായും പെരുമാറണമെന്ന് പ്രിസണ്‍ ആക്റ്റില്‍ പറയുന്നുണ്ട്. കൂടാതെ മനുഷ്യന് ചേര്‍ന്ന അന്തസോടുകൂടി ജീവിക്കുന്നതിന് തടവകാരന് അവകാശമുണ്ടെന്നും അനാവശ്യ പീഡനം, അവഹേളനം, മാനഹാനി എന്നിവയ്ക്ക് വിധേയമാവാത്ത രീതിയില്‍ ദേഹ പരിശോധന നടത്തണമെന്നും പ്രിസണ്‍ ആക്റ്റില്‍ പറയുന്നുണ്ട്.

എല്ലാവരുടെയും മുമ്പില്‍ വെച്ചുള്ള പൂര്‍ണമായും നഗ്‌നനാക്കിയുള്ള ദേഹ പരിശോധനയാണ് ദീപക്കിന് നേരിടേണ്ടി വന്നത്. ഇത് ഒരു മനുഷ്യന്റെ അന്തസിന് നിരക്കാത്തതും പ്രിസണ്‍ ആക്റ്റിന്റെ ലംഘനവുമാണ്. കൂടാതെ ഇത്തരം പരിശോധനകള്‍ നടത്തരുതെന്ന് എന്‍ഐഎ കോടതി പല സംഭവങ്ങളിലായി അതീവ സുരക്ഷാ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതുമാണ്.

‘മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരെ കോടതിയില്‍ കൊണ്ടുപോയാലും ആശുപത്രിയില്‍ കൊണ്ടുപോയാലും പരോളില്‍ പോയാലും ബന്ധുക്കള്‍ ആരെങ്കിലും മരണപ്പെട്ടാല്‍ മരണത്തിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയാലും വളരെ അധികം സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ കൊണ്ടുപോകുന്നത്.

സുരക്ഷയ്ക്കായി തണ്ടര്‍ബോള്‍ട്ട് സേന ഉണ്ടാകും. ചിലപ്പോള്‍ ഐആര്‍ബിക്കാര്‍ ഉണ്ടാകും. ഇതല്ലാതെ ജയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനിലെ പോലീസുകാര്‍ ഉണ്ടാകും. കൂടാതെ എസ്‌കോട്ടിന് ചാര്‍ജ് ഉള്ള പോലീസുകാരും ഉണ്ടാകും.

ഇത്രയും വലിയ സന്നാഹത്തിലാണ് ഒരാളെ ജയിലില്‍ നിന്നും കൊണ്ടുപോകുന്നത്. ഇത്രയും സുരക്ഷാ സന്നാഹത്തിലാണ് ദീപക്കിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതും. ഇത്രയും വലിയ സന്നാഹത്തിന്റെ അകമ്പടിയോടെ പോകുന്ന ഒരാള്‍ എങ്ങനെയാണ് മലദ്വാരത്തില്‍ കഞ്ചാവ് കടത്തുക എന്ന വളരെ പ്രധാനപ്പെട്ട ചോദ്യമുണ്ട്. ഇത് യുക്തിയ്ക്ക് നിരക്കുന്ന ചോദ്യം കൂടിയാണ്. എന്നാല്‍ അതീവ സുരക്ഷാ ജയിലിലെ അധികൃതര്‍ ഈ ആരോപണം ഉന്നയിച്ച് അയാളെ നഗ്‌നനാക്കി പരിശോധിച്ചു.

വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍ Screengrab, Copyright: Kerala Prisons

യഥാര്‍ത്ഥത്തില്‍ അതീവ സുരക്ഷാ ജയിലിലെ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വ്യക്തിപരമായി ഒരാളെ എത്രത്തോളം മാനസികമായി പീഡിപ്പിക്കാന്‍ കഴിയുമോ അത്തരത്തില്‍ പീഡിപ്പിക്കാന്‍ വേണ്ടിയാണ്. ഇത്തരത്തില്‍ പീഡിപ്പിക്കുന്നതിന്റെ ഉദാഹരണമാണ് തടവുകാരെ എല്ലാവരുടെയും മുന്നില്‍ വെച്ച് നഗ്‌നമായി പരിശോധിക്കുന്നത്. ഇതിനെതിരെയാണ് ദീപക് ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

ഇതിനു മുമ്പ് പല തടവുകാരും നഗ്‌നരാക്കി പരിശോധിക്കുന്നു എന്ന സമാനമായ പരാതികള്‍ എന്‍ഐഎ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പരിശോധിക്കരുത് എന്ന് എന്‍ഐഎ കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ ഡാനിഷിനെ അതീവ സുരക്ഷാ ജയിലില്‍ നിന്നും തിരുവനന്തപുരം സെന്റര്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. അവിടേയും ഇതുപോലെ അദ്ദേഹത്തെ നഗ്‌നനാക്കി പരിശോധിച്ചു. കോടതിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് നഗ്നനാക്കി പരിശോധിച്ചത്. ഈ വിഷയത്തില്‍ ഇത്തരത്തിലുള്ള പരിശോധന നടത്തരുത് എന്ന് എന്‍ഐഎ കോടതി കൃത്യമായി പറഞ്ഞിരുന്നു.

ജയില്‍ നിയമത്തില്‍ തന്നെ പറയുന്നുണ്ട് തടവുകാരന്റെ മാനസിക-ശാരീരിക അവസ്ഥകള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ ആയിരിക്കണം തടവുകാരന്റെ ദേഹ പരിശോധന നടത്തേണ്ടത് എന്ന്. ഇന്ന് സാങ്കേതികമായി തന്നെ ലോകത്ത് വ്യത്യസ്ഥങ്ങളായ വികസനങ്ങള്‍ നടന്നുകഴിഞ്ഞു. മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരും അതുതന്നെയാണ് ആവശ്യപ്പെടുന്നത്.

സ്‌കാനര്‍ വഴിയുള്ള പരിശോധന നടപ്പാക്കണമെന്നും ഇത്തരം പരിശോധനയ്ക്ക് സഹകരിക്കും എന്നുമാണ് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാര്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും വളരെ പ്രാകൃതമായ, തടവുകാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന പരിശോധനയാണ് അതീവ സുരക്ഷാ ജയിലില്‍ നടക്കുന്നത്.’, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനര്‍ ഹരി എസ് വോക്ക് മലയാളത്തോട് പറഞ്ഞു.

എന്‍ജിനീയറിംഗ് കോഴ്‌സ് പഠിക്കുന്ന അനീഷ് ബാബു എന്ന മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരന് പഠനത്തിന്റെ ആവശ്യത്തിനായി എന്‍ഐഎ കോടതി സയന്റിഫിക് കാല്‍ക്കുലേറ്റര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ ഒരു മണിക്കൂര്‍ സമയം മത്രമാണ് ജയില്‍ അധികൃതര്‍ അനുവദിച്ചിരുന്നത്. ഇത് വോക്ക് മലയാളം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്ത വന്നതിന് ശേഷം കാല്‍ക്കുലേറ്റര്‍ അനുവദിക്കുന്ന സമയം ഒരു മണിക്കൂറില്‍ നിന്നും ചില മണിക്കൂറുകളായി വര്‍ധിപ്പിച്ചിട്ടുണ്ട്. രാവിലെ രണ്ട് മണിക്കൂര്‍, ഉച്ചക്ക് ശേഷം രണ്ട് മണിക്കൂര്‍ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനര്‍, ഹരി എസ് Screengrab, Copyright: Facebook

‘സയന്റിഫിക് കാല്‍ക്കുലേറ്റര്‍ അനുവദിക്കുന്ന സമയം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നീതി കിട്ടുന്നില്ല. പഠിക്കുന്ന ഒരാള്‍ക്ക് പഠനോപകരണമായ കാല്‍ക്കുലേറ്റര്‍ മണിക്കൂറുകള്‍ക്ക് നല്‍കുക എന്നുള്ളതല്ല, മുഴുവന്‍ സമയവും അയാള്‍ക്ക് കൊടുക്കുക എന്നുള്ളതാണ്. ഇത് അധികാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമല്ലോ.

എല്ലാ തരത്തിലുള്ള സന്നാഹങ്ങളും അതീവ സുരക്ഷാ ജയിലിലെ അധികൃതരുടെ കയ്യിലുണ്ട്. എന്നാല്‍ അവര്‍ വിചാരണ തടവുകാരെ മുന്‍കൂട്ടി തന്നെ കുറ്റവാളികളാക്കി കരുതുകയാണ്. കോടതി ശിക്ഷ പോലും വിധിക്കാത്ത കേസുകളിലെ വിചാരണ തടവുകാരാണ് ഭൂരിഭാഗം പേരും. ഇവരെ കുറ്റക്കാരാണെന്ന് തീരുമാനിച്ച് കരുതികൂട്ടി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും തടവുകാര്‍ക്ക് ജയിലില്‍ കിട്ടേണ്ട അവകാശങ്ങളെ റദ്ദാക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ് അതീവ സുരക്ഷാ ജയിലിലുള്ളത്.’, ഹരി എസ് വോക്ക് മലയാളത്തോട് പറഞ്ഞു.

നഗ്‌നരാക്കിയുള്ള പരിശോധന മാത്രമല്ല, തടവുകാര്‍ക്ക് പുസ്തകങ്ങള്‍ നല്‍ക്കുന്നത് തടയുക, ജയിലിലിരുന്ന് വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവരുടെ പുസ്തകങ്ങള്‍ കൃതമായി എത്തിച്ചു കൊടുക്കാതിരിക്കല്‍, മറ്റു പഠന സാമഗ്രികള്‍ തടഞ്ഞുവെക്കല്‍ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളും വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍ നടക്കുന്നുണ്ട്.

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ തടവുകാര്‍ക്ക് പുസ്തകങ്ങളും പഠന സാമഗ്രികളും നിഷേധിക്കല്‍, തടവുകാര്‍ക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, തടവുകാരുടെ ബന്ധുക്കള്‍ക്ക് നേരിടേണ്ടി വരുന്ന ദുരവസ്ഥകള്‍ തുടങ്ങിയവയെ കുറിച്ച് വോക്ക് മലയാളം നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

FAQs

അതീവ സുരക്ഷാ ജയില്‍?

സംസ്ഥാനത്തെ ആദ്യത്തെ ഹൈ സെക്യൂരിറ്റി പ്രിസൺ 2019 ജൂലൈ മൂന്നിന് വിയ്യൂരിൽ ആരംഭിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജയിലിൽ ബാഗേജ്‌ സ്കാനർ, ബയോമെട്രിക് ഫിംഗർപ്രിന്റ് ലോക്ക് സംവിധാനം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. മറ്റു സെല്ലുകളിലെ തടവുകാർ പരസ്പരം കാണാത്ത രീതിയിലാണ് സെല്ലുകൾ നിർമ്മിച്ചിരിക്കുന്നത്. എല്ലാ മുറികളിലും സിസി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌.

ആരാണ് രാഷ്ട്രീയ തടവുകാര്‍?

ഒരു രാഷ്ട്രീയ തടവുകാരൻ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ഒരാളാണ്. അവരുടെ മതപരമോ ദാർശനികമോ ആയ വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെടുന്നവരും രാഷ്ട്രീയ തടവുകാരാണ്.

എന്താണ് മാവോയിസം?

ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങ്ങിന്റെ അഭിപ്രായങ്ങളിൽ നിന്ന് ഉദ്ഭവിച്ച രാഷ്ട്രതന്ത്രമാണ് മാവോയിസത്തിന് ആധാരം. ഇതു പിന്തുടരുന്നവരെ മാവോയിസ്റ്റുകൾ എന്നാണ് വിവക്ഷിക്കുക. ഇത് റിവിഷനിസത്തിനെതിരായ ഒരു മാർക്സിയൻ തത്ത്വചിന്തയായി പരിഗണിക്കപ്പെടുന്നു.

Quotes

“വൈകിയ അവകാശം നിഷേധിക്കപ്പെട്ട അവകാശമാണ്- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.