Sat. Jan 18th, 2025

 

കുട്ടികളുടെ മുങ്ങി മരണത്തിന് കാരണമായ ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് ചട്ടപ്രകാരമുള്ള ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്

കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ ഇരട്ട സഹോദരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട ചെങ്കല്‍ ക്വാറിയില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ക്വാറിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജില്ലയില്‍ നിലവില്‍ 18 ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മാത്രമാണ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.

ചെങ്കല്‍ പണകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. ഇരട്ട സഹോദരന്മാരുടെ മരണത്തിന് കാരണമായ ചെങ്കല്‍ ക്വാറിയ്ക്കും ഖനനം നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല.

ഏപ്രില്‍ മാസത്തില്‍ ഖനനം നിര്‍ത്തിവെക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നോട്ടീസ് നല്‍കിയിട്ടും ക്വാറി ഖനനം നിര്‍ത്താന്‍ തയ്യാറായില്ല എന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയില്‍ വ്യക്തമായി പറയുന്നുണ്ട്. ജില്ലയില്‍ ചെങ്കല്ല് ഖനനം ചെയ്യുന്നതിന് നിലവില്‍ ആര്‍ക്കും ഖനന അനുമതി നല്‍കിയിട്ടില്ല.

എന്നാല്‍ കരിങ്കല്ല് ഖനനം ചെയ്യുന്നതിന് മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ അനുമതിയോട് കൂടി പ്രവര്‍ത്തിക്കുന്ന കരിങ്കല്ല് 13 ക്വാറീയിംഗ് ലീസുകളും, കരിങ്കല്ല് ഖനനം ചെയ്യുന്നതിനുള്ള രണ്ട് രണ്ട് ക്വാറീയിംഗ് പെര്‍മിറ്റ്, സാധാരണ മണ്ണ് ഖനനം ചെയ്യുന്നതിനുള്ള രണ്ട് ക്വാറീയിംഗ് പെര്‍മിറ്റ് എന്നിവ നിലവിലുണ്ട്.

കാസര്‍ഗോഡ്‌ ചീമേനിയില്‍ ക്വാറിയില്‍ മുങ്ങി മരിച്ച ഇരട്ട സഹോദരങ്ങളായ സുദേവും ശ്രീദേവും Screengrab, Copyright: Mathrubhumi

ജൂണ്‍ പതിനേഴാം തീയതിയാണ് കാസര്‍ഗോഡ് ചീമേനിയില്‍ കനിയന്‍തോലിലെ ക്വാറിയില്‍ ഇരട്ടകുട്ടികളായ സുദേവും ശ്രീദേവും മുങ്ങി മരിക്കുന്നത്. ചീമേനി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായിരുന്ന സഹോദരങ്ങള്‍ കളിക്കാനെന്ന് പറഞ്ഞ് സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

ഏറെ വൈകിയിട്ടും കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് ചെങ്കല്‍ ക്വാറിയുടെ അടുത്ത് സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

സുബ്രഹ്‌മണ്യ ഭട്ട്, ലക്ഷ്മണ ഭട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അഷ്റഫ് ബദ്രിയ നടത്തിയിരുന്ന ക്വാറിയില്‍ വീണാണ് സുദേവും ശ്രീദേവും മരണപ്പെടുന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ക്വാറിയില്‍ വെള്ളം കുറവായിരുന്നു. നടന്നുപോകാനാകുമെങ്കിലും ഒരു മൂലയിലെ ആഴമുള്ള കുഴിയിലെ ചളിയില്‍ താഴുകയായിരുന്നു.

അഷ്‌റഫ് ബദ്രിയ ക്വാറി ഉപേക്ഷിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കയ്യൂര്‍ വില്ലേജ് ഓഫീസ് വ്യക്തമാക്കിയതാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറിയ്ക്ക് നേരത്തെ സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടുണ്ട്.

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ക്വാറിയുടെ പ്രവര്‍ത്തി തുടര്‍ന്നതിനാല്‍ ഖനനം നിര്‍ത്തിവെക്കുന്നതിന് സ്റ്റോപ്പ് മെമ്മോയും സ്ഥലം ബുക്ക് ചെയ്ത റിപ്പോര്‍ട്ടും സ്‌കെച്ചും 2023 ഫെബ്രുവരിയിലും ഡിസംബറിലും ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറിയതാണ്. സ്റ്റോപ് മെമ്മോ കിട്ടിയിട്ടും ക്വാറി പ്രവര്‍ത്തനം തുടര്‍ന്നു എന്നാണ് കാസര്‍ഗോഡ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കയ്യൂര്‍ വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള ക്വാറി അനധികൃത ചെങ്കല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഏപ്രില്‍ അഞ്ചാം തീയതി മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സ്ഥലം സന്ദര്‍ശിക്കുകയും അനധികൃത ചെങ്കല്‍ ഖനനം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമുടകളായ സുബ്രഹ്‌മണ്യ ഭട്ട്, ലക്ഷ്മണ ഭട്ട് എന്നിവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ക്വാറിയിലെ ഖനനം നിര്‍ത്തിവെപ്പിക്കുകയും തുടര്‍ നടപടികള്‍ക്കായി ഏപ്രില്‍ 29ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഓഫീസില്‍ ഹാജരായി കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സുബ്രഹ്‌മണ്യ ഭട്ട്, ലക്ഷ്മണ ഭട്ട് എന്നിവര്‍ മെയ് ആറാം തീയതി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് മറുപടി നല്‍കി.

എന്നാല്‍ ഈ മറുപടി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് നിയമപരമായി അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ട് ചട്ടപ്രകരമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് എന്നാണ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് പറയുന്നത്.

ക്വാറി പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായാണ് എന്ന് വ്യക്തമാക്കുന്ന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖ Screengrab, Copyright: MV Shilparaj

ഏപ്രില്‍ അഞ്ചാം തീയതി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നടത്തിയ സ്ഥല പരിശോധനയില്‍ സുബ്രഹ്‌മണ്യ ഭട്ട്, ലക്ഷ്മണ ഭട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്നും 1350 ക്യൂബിക് മീറ്റര്‍ ചെങ്കല്ല് അനധികൃതമായി ഖനനം നടത്തിയതായി തെളിഞ്ഞിരുന്നു.

തുടന്ന് ഈ ചെങ്കല്ലിന് റോയല്‍റ്റി, വില, കോംബൌണ്ടിംഗ് ഫീ എന്നിവ സര്‍ക്കാരിലേയ്ക്ക് നല്‍കണമെന്ന് വാക്കാലുള്ള നിര്‍ദേശം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും നല്‍കി. എന്നാല്‍ ഡിമാന്‍ന്റ് നോട്ടീസ് നല്‍കിയിരുന്നില്ല.

ഇരട്ട സഹോദരങ്ങള്‍ ചെങ്കല്‍ ക്വാറിയില്‍ മുങ്ങി മരിക്കുന്നതിന് മുമ്പുതന്നെ നിയമവിരുദ്ധമായാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത് എന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അന്വേഷങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. കുട്ടികള്‍ മരണപ്പെട്ടതിന് ശേഷവും ജൂണ്‍ 25ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ക്വാറിയില്‍ പരിശോധന നടത്തിയിരുന്നു.

പരിശോധനയില്‍ ചെങ്കല്‍ ക്വറി കൂടുതല്‍ വിപുലീകൃതമായുള്ളതായും അതിന്റെ അളവുകള്‍ നിര്‍ണയിച്ചിട്ടുള്ളതും ചട്ട പ്രകാരമുള്ള തുടര്‍ നടപടികള്‍ സുബ്രഹ്‌മണ്യ ഭട്ട്, ലക്ഷ്മണ ഭട്ട് എന്നിവര്‍ക്കെതിരെ നടക്കുന്നുണ്ടെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് വ്യക്തമാക്കി.

കൂടാതെ ഖനനത്തിന് ഉപയോഗിച്ച ജെസിബി, മൂന്ന് ടെല്ലര്‍ മെഷീന്‍, ഒരു കട്ടിംഗ് മെഷീന്‍ എന്നിവ ചീമേനി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതുവരെ പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുകൊടുത്തിട്ടില്ല.

കുട്ടികളുടെ മുങ്ങി മരണത്തിന് കാരണമായ ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് ചട്ടപ്രകാരമുള്ള ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെ വെള്ളക്കെട്ടില്‍ കുട്ടികളും മുതിര്‍ന്നവരും അപകടത്തില്‍ പെടുന്നത് കേരളത്തില്‍ നിത്യസംഭവമാണ്. എന്നാല്‍ നിബന്ധന പാലിക്കാതെയുള്ള ഖനനം മൂലം മനുഷ്യരിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, മലിനീകരണം, പരിസ്ഥിതിയ്ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍, ക്വാറികളിലെ അപകട മരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ആധികാരികമായ പഠനങ്ങള്‍ ഇതുവരെ കേരളത്തില്‍ നടന്നിട്ടില്ല.

ഇത്തരത്തില്‍ എല്ലാ നിബന്ധനകളും നിയമങ്ങളും ചട്ടങ്ങളും തെറ്റിച്ചാണ് ഇരട്ട സഹോദരങ്ങളുടെ മരണത്തിന് കാരണമായ ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. 1967-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരമാണ് കേരളത്തിലെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്.

ക്വാറികള്‍ ലൈസന്‍സ് നേടിയതിന് ശേഷം മാനദന്ധങ്ങള്‍ പാലിച്ചുകൊണ്ടാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കുകയും പരിസ്ഥിതി ആഘാത പഠനം കൃത്യമായ ഇടവേളകളില്‍ നടത്തുകയും ചെയ്യുന്നത് വഴി പരിസ്ഥിതിയ്ക്കും പരിസരവാസികള്‍ക്കും ദോഷം വരുത്തുന്ന ക്വാറി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുവാനോ നിര്‍ത്തലാക്കാനോ കഴിയുന്നതാണ്.

എന്നാല്‍ നിയമമുണ്ടായിട്ടും സുബ്രഹ്‌മണ്യ ഭട്ട്, ലക്ഷ്മണ ഭട്ട് എന്നിവരുടെ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ചെങ്കല്‍ ക്വാറി അടച്ചുപൂട്ടാന്‍ തയ്യാറാകാതെ വീണ്ടും പ്രവര്‍ത്തിപ്പിക്കുകയാണുണ്ടായത്.

പല ക്വാറികളും മഴക്കാലത്ത് മരണം പതിയിരിക്കുന്ന കേന്ദ്രങ്ങളാണ്. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പൊതുവായ നിയമങ്ങള്‍ വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കുട്ടികളാണ് ഏറെയും ഇരയാകുന്നതെങ്കിലും യുവാക്കളുള്‍പ്പെടെ എല്ലാ പ്രായക്കാരും ദുരന്തത്തില്‍പെടാറുണ്ട്.

ഉപയോഗശൂന്യമായ ക്വാറികളിലെ വെള്ളക്കെട്ടുകളില്‍ മുങ്ങിമരണം കണക്കിലെടുത്ത് ഉപയോഗ ശൂന്യമായ പാറമടകള്‍ക്ക് സംരക്ഷണ മതില്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ 2017ല്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം കാണിച്ച് അന്നത്തെ റവന്യൂ വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ നസീര്‍, മീന സി യു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

ഉപയോഗശൂന്യമായ ക്വാറികളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതരും ജില്ലാ ജിയോളജിസ്റ്റുകളും ജില്ലാ കലക്ടര്‍മാര്‍ക്ക് ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍മാരും പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

അപകടസാധ്യതയുള്ള ക്വാറികള്‍ക്കും പാറമടകള്‍ക്കും സമീപം അപായസൂചന നല്‍കുന്ന ബോര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം. ഇതിനുവേണ്ടി വരുന്ന ചെലവ് ക്വാറി ഉടമകളില്‍നിന്ന് ഈടാക്കാവുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഉചിതമെന്ന് തോന്നുന്നപക്ഷം, ഉപയോഗശൂന്യമായ ക്വാറികളും പാറമടകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം അവയുടെ ഉടമകളില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തുന്ന കാര്യം പരിഗണിക്കാകുന്നതാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

2009-ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിസ്ഥിതി നയം കേരളത്തില്‍ നിലവിലുണ്ട്. ഖനനവും പാറ പൊട്ടിക്കലും സംബന്ധിച്ച് അതില്‍ പറഞ്ഞിരിക്കുന്ന കര്‍മ്മ പരിപാടികള്‍ അതേവിധം നടപ്പാക്കിയാല്‍ത്തന്നെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്.

ചെങ്കല്‍ ക്വാറി Screengrab, Copyright: Wikimedia Commons

”ഖനനവും പാറ പൊട്ടിക്കലും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി നിയന്ത്രിച്ച് പാരിസ്ഥിതികാഘാതങ്ങള്‍ പരമാവധി കുറയ്ക്കുക. അതും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട നടപടികള്‍ പാലിച്ചു മാത്രം” എന്ന് പരിസ്ഥിതി നയത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഖനനം നടത്തുന്നവരും ക്വാറി നടത്തിപ്പുകാരും ഈ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെ ഖനനം നടത്തുന്നു. നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നുമില്ല.

ഏകദേശം 80000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപയോളമാണ് പ്രതിവര്‍ഷം ക്വാറിയുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക ഇടപാട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ചെറിയ എണ്ണത്തില്‍നിന്നു മാത്രമാണ് കേരള സര്‍ക്കാരിനു വരുമാനം ലഭിക്കുന്നത്.

ഒരു ടണ്‍ പാറ പൊട്ടിക്കാന്‍ ജിയോളജി വകുപ്പിനു കൊടുക്കേണ്ടത് തുച്ഛമായ തുക മാത്രമാണ്. പഞ്ചായത്ത് ലൈസന്‍സിനുവേണ്ടി പരമാവധി കൊടുക്കേണ്ടത് 10,000 രൂപയാണ്. തൊഴില്‍ക്കരം 2500 രൂപയും. സര്‍ക്കാര്‍ കണക്കനുസരിച്ച് 630 ക്വാറികളാണുള്ളത്. യഥാര്‍ത്ഥത്തില്‍ ആറായിരത്തോളം ക്വാറികളുണ്ട് എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്ക്.

ഖനനത്തിനും പാറ പൊട്ടിക്കലിനും അനുമതി നല്‍കുന്നതിനു മുന്‍പ് അംഗീകൃത സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാക്കണം എന്നാണ് പരിസ്ഥിതി നയത്തിലെ കര്‍മ്മ പരിപാടികളില്‍ ആദ്യത്തേത്. പക്ഷേ, നടപ്പാകാറില്ലെന്നു മാത്രം. പാരിസ്ഥിതികാഘാത പഠനം നടത്തിയാല്‍ കേരളത്തിലെ ഒരൊറ്റയിടത്തും നിയമവിരുദ്ധ ഖനനവും പാറ പൊട്ടിക്കലും നടക്കില്ല എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ഖനനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട ഭൂമി അതിനുത്തരവാദികളെക്കൊണ്ടുതന്നെ പുനരുജ്ജീവിപ്പിക്കുന്നതിന് വ്യവസ്ഥ ഉണ്ടാക്കുക, ഖനനം നടന്ന സ്ഥലം മണ്ണിട്ട് മൂടി മരങ്ങള്‍ നടുന്നുവെന്ന് ഉറപ്പാക്കുക, ഖനനം നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആ സ്ഥലത്ത് അതിന്റെ പാരിസ്ഥിതിക പുനരുജ്ജീവനം ഉറപ്പു വരുത്തുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പോലുള്ള അംഗീകൃത സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന പരിസ്ഥിതി പരിപാലന നടപടികള്‍ ഉറപ്പാക്കുക, കുന്നുകളിലെ ഖനനവും പാറ പൊട്ടിക്കലും തടയുക, ഖനനത്തില്‍ നിന്നുണ്ടാകുന്ന ഉപ ഉല്‍പന്നങ്ങളും പാഴ് വസ്തുക്കളും പരിസ്ഥിതിക്കു ദോഷം വരാത്തവിധം സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നിങ്ങനെയാണ് പരിസ്ഥിതി നയത്തിലെ കര്‍മ്മ പരിപാടികള്‍. ഇതില്‍ ഒന്നുപോലും നടപ്പാക്കപ്പെടുന്നില്ല.

FAQs

എന്താണ് മുങ്ങിമരണം?

ഏതെങ്കിലും ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നതിനെയാണ് മുങ്ങിമരണം എന്ന് പറയുന്നത്.

എന്താണ് വിവരാവാകാശ നിയമം?

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എന്താണ് എന്താണ് ക്വാറി?

കല്ല്‌, പാറ, മണല്‍ തുടങ്ങിയവ കുഴിച്ചെടുക്കുന്ന തുറന്ന ഖനികലാണ് ക്വാറികള്‍.

Quotes

“”സംസ്കാരം എന്നത് മനസ്സിൻ്റെയും ആത്മാവിൻ്റെയും വിശാലതയാണ്- ജവഹർലാൽ നെഹ്റു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.