Mon. Dec 23rd, 2024

ദളിത്, ആദിവസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് തൊഴിലിലും ഗവേഷണത്തിലും യാതൊരു പ്രാതിനിധ്യവും നല്‍കാതെ സവര്‍ണ വിഭാഗത്തില്‍ പെട്ട ഉന്നത ഉദ്യോഗസ്ഥരാണ് ഈ സംവരണ അട്ടിമറികള്‍ നടത്തുന്നത്

സംവരണ അട്ടിമറിയുടെ കേന്ദ്രമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്നോളജി (സി-മെറ്റ്). ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം പാലിക്കാതെയാണ് സ്ഥിരം ജീവനക്കാര്‍, ശാസ്ത്രജ്ഞര്‍, പ്രോജക്റ്റ് സ്റ്റാഫ്, പ്രോജക്റ്റ് അസോസിയേറ്റ്‌സ്, പിഎച്ച്ഡി സ്‌കോളര്‍മാര്‍ എന്നിവരുടെ നിയമനങ്ങള്‍ സി-മെറ്റ് നടത്തുന്നത്. 

സംവരണം പാലിക്കാതെ നിയമനം നടത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 16 (1) എന്നിവയുടെ വ്യക്തമായ ലംഘനമാണ്. സി-മെറ്റിലെ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ എല്ലാ നിയമങ്ങളും സംവരണ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായാണ് നടന്നത്. 

എന്താണ് സി-മെറ്റ്

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്). ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. 

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഹൈദരാബാദ്, തൃശൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ഉപകേന്ദ്രങ്ങളുണ്ട്. ഓരോ സെന്ററുകളിലും 35 നടുത്ത് സ്ഥിരം ഉദ്യോഗാര്‍ഥികളുണ്ട്. 13 ശാസ്ത്രജ്ഞര്‍ വീതം ഓരോ സെന്ററുകളിലുമുണ്ട്. ബാക്കിയുള്ളവര്‍ ടെക്നിക്കല്‍, അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫുകള്‍ ആണ്. 

സി-മെറ്റിന്റെ തൃശൂര്‍ കേന്ദ്രം Screengrab, Copyright: C-Met Website

തദ്ദേശീയ വിഭവങ്ങളില്‍ നിന്നും രാജ്യത്തിന്റെ തന്ത്രപരവും വ്യാവസായികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഇലക്ട്രോണിക് മെറ്റീരിയലുകള്‍, ഘടകങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വികസിപ്പിച്ച് ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സി-മെറ്റ് വിഭാവനം ചെയ്യുന്നു.

ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്, ഐടി വ്യവസായത്തിലെ വികസനം കണക്കിലെടുത്ത് ഇലക്ട്രോണിക് മെറ്റീരിയലുകളെക്കുറിച്ചും അവയുടെ സംസ്‌കരണത്തെക്കുറിച്ചും സി-മെറ്റ് ഗവേഷണം നടത്തുന്നുണ്ട്. വിവിധ ദേശീയ അന്തര്‍ദേശീയ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന ധനസഹായത്തോടെയാണ് സി-മെറ്റ് ഏറ്റെടുത്ത് നടത്തുന്ന പല ഗവേഷണങ്ങളും മുന്നോട്ടുപോകുന്നത്. കൂടാതെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തില്‍ നിന്നുള്ള ഫണ്ടും ഗവേഷണങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. 

സാങ്കേതിക കൈമാറ്റവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സി-മെറ്റ് നിരന്തരമായി ഏര്‍പ്പെടുന്നുണ്ട്. ഇതുവഴി സി-മെറ്റ് തന്നെ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്ത് അത് ആവശ്യമുള്ള മേഖലകളിലേയ്ക്ക് കൈമാറുന്നു. മാത്രമല്ല, ഇന്ത്യയിലെ ഇ-മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ഒരു കേന്ദ്രവും സി-മെറ്റിന് കീഴിലുണ്ട്. 

സി-മെറ്റില്‍ തുടരുന്ന സംവരണ അട്ടിമറി

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഗവേഷണം നടത്തുകയും സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ചെയ്യുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം എല്ലാവര്‍ക്കും തുല്യമായാണ് അവസരം കൊടുക്കേണ്ടത്. എന്നാല്‍ തൊഴില്‍ നിയമനം മുതല്‍ ഗവേഷക വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ വരെ സി-മെറ്റ് സംവരണം പാലിക്കുന്നില്ലാ എന്നാണ് വോക്ക് മലയാളത്തിന്റെ സോഴ്‌സ് പറഞ്ഞത്. 

സ്ഥാപനത്തിനകത്ത് എസ് സി, എസ്ടി, പിഡബ്യൂഡി സംവരണം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ലെയ്‌സണ്‍  ഓഫീസറുടെ ചുമതലയാണ്. ലെയ്‌സണ്‍ ഓഫീസര്‍ ആവശ്യപ്പെട്ടാല്‍ തന്നെ സംവരണ റോസ്റ്റര്‍ നല്‍കാതിരിക്കുന്ന പ്രവണതയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ളത്. 

ദളിത്, ആദിവസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് തൊഴിലിലും ഗവേഷണത്തിലും യാതൊരു പ്രാതിനിധ്യവും നല്‍കാതെ സവര്‍ണ വിഭാഗത്തില്‍ പെട്ട ഉന്നത ഉദ്യോഗസ്ഥരാണ് ഈ സംവരണ അട്ടിമറികള്‍ നടത്തുന്നത്. ഇത് കൃത്യമായും ജാതി വിവേചനമാണ്. 

സി-മെറ്റില്‍ സംവരണം പാലിക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. സംവരണ റോസ്റ്റര്‍ ഫോര്‍മാറ്റ് അനുസരിച്ചാണ് സംവരണം നടപ്പാക്കേണ്ടത്. എത്ര ശാസ്ത്രജ്ഞരുടെ ഒഴിവുണ്ടോ അത്രയും സംവരണം പാലിക്കണം. എസ് സി, എസ്ടി, യുആര്‍ (Unreserved category), ജനറല്‍, ഒബിസി ഇങ്ങനെയാണ് സംവരണം വരുന്നത്. 

നിയമനം നടത്തിയ സംവരണ റോസ്റ്ററിന്റെ വിവരങ്ങള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഡയറക്റ്ററേറ്റ് ഓഫീസ്, അഡ്മിന്‍ ഓഫീസ് എന്നിവിടങ്ങളിലേയ്ക്ക് അറിയിപ്പ് കിട്ടിയിരുന്നു. എന്നാല്‍ സംവരണം പാലിക്കുന്നുണ്ട് എന്ന് വാക്കാല്‍ വ്യക്തമാക്കി സംവരണ റോസ്റ്റര്‍ മന്ത്രാലയത്തിന് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. 

ഇതിനിടെ താല്‍ക്കാലിക ഡയറക്ടര്‍ ജനറലായി സി-ഡാക് ഡിജി ചാര്‍ജെടുത്തു. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സംവരണ ക്രമം പാലിച്ചെന്ന് ഉറപ്പുവരുത്തുന്ന റോസ്റ്റര്‍ ലഭ്യമാക്കണമെന്ന് പുതിയ ഡിജിയും ഡയറക്റ്ററേറ്റ് ഓഫീസ്, അഡ്മിന്‍ ഓഫീസ് എന്നിവിടങ്ങളിലേയ്ക്ക് നിര്‍ദേശം കൊടുത്തെങ്കിലും ഇവരാരും അനുസരിക്കാന്‍ തയ്യാറായില്ല. 

റിസേര്‍ച്ചില്‍ പ്രോജക്റ്റ് സ്റ്റാഫ് നിയമനം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 1968 സെപ്റ്റംബര്‍ 24 ന് ഇറക്കിയ ഉത്തരവ് പ്രകാരം 45 ദിവസത്തിനു മുകളിലുള്ള ഏതൊരു നിയമനവും സംവരണം പാലിക്കണം എന്നാണ്. എന്നാല്‍ റിസേര്‍ച്ച് സയന്റിസ്റ്റ് എന്ന തസ്തികയില്‍ 17 പേരെ നിയമിച്ചതില്‍ യാതൊരു തരത്തിലുള്ള സംവരണവും പാലിച്ചില്ല. 

45 ദിവസത്തിനു മുകളിലുള്ള ഏതൊരു നിയമനവും സംവരണം പാലിക്കണം എന്ന് വ്യക്തമാക്കുന്ന ഉത്തരവ് Copyright: Woke Malayalam

എസ് സി വിഭാഗത്തില്‍ നിന്നും 88 പേര്‍, എസ് ടി വിഭാഗത്തില്‍ നിന്നും എട്ടു പേര്‍, 197 ഒബിസി അപേക്ഷകര്‍, 22 മുന്നോക്കക്കാരില്‍ പിന്നോക്കക്കാരായ അപേക്ഷകര്‍, 313 ജനറല്‍ വിഭാഗക്കാര്‍ എന്നിങ്ങനെയാണ് റിസേര്‍ച്ച് അസിസ്റ്റന്റ്‌റ് പോസ്റ്റിലേയ്ക്ക് അപേക്ഷിച്ചവരുടെ കണക്ക്. ഇതില്‍ നിന്നും 17 ജനറല്‍ വിഭാഗക്കാരെ മാത്രമാണ് സി-മെറ്റ് നിയമിച്ചത്. ആകെ 10 എസ് സി, എസ്ടി, ഒബിസി അപേക്ഷകരെ വൈറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് സി-മെറ്റ് ചെയ്തത്. 

മന്ത്രലത്തിന്റെ അനുമതിയോടു കൂടിയാണ് ഈ നിയമനം നടത്തിയത്. മൂന്ന് വര്‍ഷത്തേയ്ക്കുള്ള നിയമനമാണ്. പിഎച്ച്ഡി കഴിഞ്ഞവര്‍ക്ക് 90000 രൂപയാണ് മാസ ശമ്പളം. ഈ നിയമനത്തില്‍ സംവരണം പാലിച്ചിരുന്നെങ്കില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള എത്രയോ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി കിട്ടുമായിരുന്നു. 

നിലവില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ കാലാവധി കഴിഞ്ഞാല്‍ അടുത്ത നിയമനത്തിനുള്ള ഇന്റര്‍വ്യൂ വിളിച്ചാല്‍ എക്സ്പീരിയന്‍സ് ഉണ്ടെന്ന് പറഞ്ഞ് ഇവരെ തന്നെ സ്ഥിരപ്പെടുത്തും. അപ്പോള്‍ വീണ്ടും സംവരണം അട്ടിമറിക്കപ്പെടും. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവര്‍ പുറത്തുനില്‍ക്കും. 

ഇതിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ സി-മെറ്റ് ഡയറക്ടറോട്  വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു. എന്തുകൊണ്ട് സംവരണം പാലിക്കുന്നില്ലാ എന്ന് കമ്മീഷന്‍ ചോദിച്ചപ്പോള്‍, റിസേര്‍ച്ച് സയന്റിസ്റ്റ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സ് ആണ്, ഇതില്‍ സംവരണം പാലിക്കേണ്ട കാര്യമില്ലാ എന്നാണ് മറുപടി നല്‍കിയത്. 

ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗാര്‍ഥികളും സംവരണ വിഭാഗ ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയ്ക്കും പ്രധാന മന്ത്രിയ്ക്കും രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും നാളിതുവരെയായി സ്വീകരിച്ചിട്ടില്ല. മന്ത്രാലത്തില്‍ നിന്നും അണ്ടര്‍ സെക്രട്ടറി ഒപ്പിട്ട ഒരു കത്ത് വാങ്ങി നല്‍കിയാണ് തൃശൂര്‍ സെന്‍റര്‍ ഹെഡ് ഈ സംവരണ അട്ടിമറിക്ക് കൂട്ടുനിന്നത്.

കോവിഡ് സമയത്ത് ഇന്ത്യയൊട്ടാകെ നിയമനത്തിന് ഓണ്‍ലൈന്‍ വഴി ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗത്തെ സി-മെറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തഴയാന്‍ പറ്റിയില്ല. അതുകൊണ്ട് കുറച്ച് എസ് സി, എസ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചു. ഈ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ച ഉടനെ ഉന്നത ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി അവരെകൊണ്ട് രാജി വെപ്പിച്ചു. 

ജോലിയില്‍ പ്രവേശിച്ച് ഒരാഴ്ചക്കുള്ളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥി രാജിവെച്ചുപോയി. ഡയറക്ടര്‍മാരുടെ ഒത്താശയോടെ മുതിര്‍ന്ന ശാസ്ത്രഞ്ജര്‍ ആണ് ഇവരെ ഭീഷണിപ്പെടുത്തിയത്. ഇവര്‍ക്ക് ആവശ്യമുള്ള ജനറല്‍ കാറ്റഗറിയില്‍ ജോലിയ്ക്ക് കയറിയവര്‍ ഇപ്പോഴും തുടരുന്നുണ്ട്. 

ഇങ്ങനെവന്ന ഒഴിവില്‍ 2023ല്‍ നിയമനം നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പട്ടികജാതി കമ്മീഷന്‍, ബന്ധപ്പെട്ട മന്ത്രാലയം എന്നിവിടങ്ങളിലേയ്ക്ക് ഈ വിഷയം ചൂണ്ടിക്കാണിച്ച് പരാതികള്‍ പോയെങ്കിലും ഒരു തരത്തിലും പ്രതികരിക്കാന്‍ തയ്യാറായില്ല. ദേശീയ പട്ടികജാതി കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു എങ്കിലും അതിലും തീരുമാനം ആയില്ല. പകരം ലെയ്‌സണ്‍ ഓഫീസറെ ചുമതലയില്‍ നിന്നും മാറ്റുകയാണ് ഉണ്ടായത്. 

സംവരണം സംബന്ധിച്ച് ദേശീയ പട്ടികജാതി കമ്മീഷന്‍ നല്‍കിയ മറുപടി Copyright: Woke Malayalam

തൊഴില്‍ നിയമനത്തില്‍ സംവരണം പാലിക്കുന്നില്ലാ എന്നത് സി-മെറ്റിന്റെ മൂന്ന് കേന്ദ്രങ്ങളിലും നടക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ റിസേര്‍ച്ച് സെന്റര്‍ കൂടിയായ സി-മെറ്റിന്റെ തൃശൂര്‍ അത്താണിയിലെ കേന്ദ്രത്തില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ കാര്യത്തിലും സംവരണം പാലിക്കുന്നില്ല. നാളിതുവരെ സംവരണം പാലിക്കാതെയാണ് ഗവേഷണ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഗവേഷണത്തിന് വിദ്യാര്‍ഥികളെ ക്ഷണിച്ച് ഇന്നുവരെ ഒരു പരസ്യവും എവിടെയും നല്‍കിയിട്ടില്ല. 

കാലിക്കറ്റ് സര്‍വകലാശാല പിഎച്ച്ഡി അഡ്മിഷനില്‍ സംവരണം പാലിക്കണം എന്ന് ഹൈക്കോടതി വിധിയുണ്ട്. ഈ ഉത്തരവും സി-മെറ്റ് പാലിക്കുന്നില്ല. വിഷയം ചൂണ്ടിക്കാണിക്കുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാനാണ് സി-മെറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. 

കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ ഉത്തരവ് പ്രകാരം ഗവേഷണത്തിന് ഓരോ സ്ഥാപനങ്ങളുടെ അവരുടെ വെബ്സൈറ്റില്‍ കാറ്റഗറി അടക്കമുള്ള സംവരണ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം എന്നുണ്ട്. എന്നാല്‍ ഇതും സി-മെറ്റ് തൃശൂര്‍ കേന്ദ്രം പാലിക്കുന്നില്ല. 

സി-മെറ്റില്‍ ഗൈഡ്ഷിപ്പുള്ള ജനറല്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ ജനറല്‍ കാറ്റഗറിയില്‍ തന്നെയുള്ള ആരെങ്കിലും ഒരാളെ കൊണ്ടുവരും, ഇന്റര്‍വ്യൂ നടത്തും, കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉടനെ രജിസ്റ്റര്‍ ചെയ്യും. എന്നിട്ട് അവര്‍ക്ക് ഗവേഷണം ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കും. 

ജനറല്‍ കാറ്റഗറി അല്ലാത്ത കുട്ടികള്‍ ഗവേഷണത്തിനുള്ള അനുമതി ചോദിച്ചാല്‍, ഇവിടെ പാര്‍ട്ട് ടൈം അനുവദിക്കില്ല, സിഎസ്ഐആര്‍ (Council of Scientific & Industrial Research) ഫെല്ലോഷിപ്പ് വേണം, അല്ലാത്തവര്‍ക്ക് കൊടുക്കില്ല എന്നൊക്കെ പറഞ്ഞ് അതിനെ മുടക്കും. ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെട്ട റിസേര്‍ച്ച് ഗൈഡുകള്‍ ബ്രാഹ്‌മണ ഉദ്യോഗാര്‍ഥികളെ മാത്രം പരിഗണിച്ച് അവര്‍ക്ക് പിഎച്ച്ഡി ചെയ്യാന്‍ അവസരം ഒരുക്കി കൊടുക്കും. 

അഡ്മിന്‍ ഓഫീസറുടെ അറിവോടെയാണ് തൃശൂര്‍ കേന്ദ്രത്തിലെ എല്ലാവിധ നിയമലംഘനങ്ങളും നടക്കുന്നത്. ദേശീയ പട്ടികജാതി കമ്മീഷന് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്, 1991 മുതല്‍ സി-മെറ്റ് സംവരണ റോസ്റ്റര്‍ പാലിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ ഈ റോസ്റ്റര്‍ പരിശോധിക്കാന്‍ ചോദിച്ചാല്‍ ലഭ്യമാക്കുകയുമില്ല. സി-മെറ്റ് ദേശീയ പട്ടികജാതി കമ്മീഷന് നല്‍കിയിട്ടുള്ള മറുപടി വസ്തുതാ വിരുദ്ധവും നിയമ വിരുദ്ധവുമാണ്. ഇത് പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല. 

സി-മെറ്റ് ഫണ്ടഡ് പ്രോജക്റ്റുകള്‍ ആണ് ചെയ്യുന്നത്. മാത്രമല്ല, അര്‍ഹത ഉണ്ടായിട്ടും സ്ഥാപനത്തിന്റെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കാന്‍ എസ് സി, എസ്ടി, മറ്റു പിന്നാക്ക വിഭാഗക്കാരെ അനുവദിക്കാതെ അവരുടെ പ്രമോഷന്‍, ഗൈഡ്ഷിപ്പുകള്‍ അടക്കം തടഞ്ഞുവെക്കുകയാണ്. തൃശൂര്‍ കേന്ദ്രത്തിലെ നിലവിലെ സെന്റര്‍ ഹെഡ് തന്നെ എസ് സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത  പോസ്റ്റിലാണ് സയന്റിസ്റ്റ് ബി ആയി ഇവിടെ നിയമനം നേടിയിരിക്കുന്നത്. 

സര്‍ക്കരിന്റെയും അതിന്റെ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമനം നടത്തേണ്ടത് അതിനായി സ്ഥാപിച്ച നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലാണ്. അവസര സമത്വം എല്ലായിടങ്ങളിലും ഉണ്ടാവേണ്ടതുണ്ട്. സമത്വം ഉറപ്പാക്കാനുള്ള ക്രിയാത്മകമായ നടപടിയും ഭരണഘടനയില്‍ പ്രതിബാധിക്കുന്നുണ്ട്. അതുകൊണ്ട് ഏതൊരു തൊഴില്‍ മേഖലയും ഭരണഘടനയെ അടിസ്ഥാനമാക്കിയാവണം പ്രാതിനിധ്യം ഉറപ്പിക്കേണ്ടത്. എന്നാല്‍ സി-മെറ്റ് ആവട്ടെ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് കാലങ്ങളായി നടപ്പാക്കികൊണ്ടിരിക്കുന്നത് സവര്‍ണ പ്രാതിനിധ്യം ഉറപ്പിക്കലും പിന്നാക്ക പ്രാതിനിധ്യത്തെ അദൃശ്യമാക്കലുമാണ്. 

FAQs

എന്താണ് സി-മെറ്റ്?

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്). ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്.

എന്താണ് സംവരണം?

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സംവരണം സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വമുള്ള, വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവുമുള്ള, അധികാരത്തിൽ പങ്കാളിത്തവും കെട്ടുറപ്പുമുള്ള ഒരു ജനവിഭാഗത്തെയും സാമൂഹത്തെയും തലമുറയേയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.

എന്താണ് ദേശീയ പട്ടികജാതി കമ്മീഷൻ?

പട്ടികജാതി , ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റികളെ അവരുടെ സാമൂഹികവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ സംരക്ഷണം നൽകുന്നതിനായി ഇന്ത്യൻ ഗവൺമെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ അധികാരപരിധിയിലുള്ള ഒരു ഇന്ത്യൻ ഭരണഘടനാ സ്ഥാപനമാണ് ദേശീയ പട്ടികജാതി കമ്മീഷൻ.

Quotes

“നിങ്ങൾ സാമൂഹിക സ്വാതന്ത്ര്യം നേടാത്തിടത്തോളം കാലം, നിയമം നൽകുന്ന സ്വാതന്ത്ര്യം നിങ്ങൾക്ക് പ്രയോജനപ്പെടില്ല- ബിആര്‍ അംബേദ്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.