Sun. Nov 17th, 2024

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ക്വാറി ഉപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറിയുള്ള ഭൂമിയുടെ സ്ഥിതി സാധാരണ നിലയില്‍ ആക്കേണ്ടതാണ്. എന്നാല്‍ അഷ്‌റഫ് ബദ്രിയയുടെ ഉടമസ്ഥതയിലുള്ള ക്വാറി അടച്ചുപൂട്ടിയെങ്കിലും ക്വാറി നിലനില്‍ക്കുന്ന ഭൂമി സാധാരണ നിലയിലേയ്ക്ക് ആക്കിയിട്ടില്ല

ജൂ ണ്‍ പതിനേഴാം തീയതിയാണ് കാസര്‍ഗോഡ് ചീമേനിയില്‍ കനിയന്‍തോലിലെ ക്വാറിയില്‍ ഇരട്ടകുട്ടികളായ സുദേവും ശ്രീദേവും മുങ്ങി മരിക്കുന്നത്. ചീമേനി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായിരുന്ന സഹോദരങ്ങള്‍ കളിക്കാനെന്ന് പറഞ്ഞ് സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

ഏറെ വൈകിയിട്ടും കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് ചെങ്കല്‍ ക്വാറിയുടെ അടുത്ത് സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ലക്ഷ്മണ ഭട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അഷ്‌റഫ് ബദ്രിയ നടത്തിയിരുന്ന ക്വാറിയില്‍ വീണാണ് സുദേവും ശ്രീദേവും മരണപ്പെടുന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ക്വാറിയില്‍ വെള്ളം കുറവായിരുന്നു. നടന്നുപോകാനാകുമെങ്കിലും ഒരു മൂലയിലെ ആഴമുള്ള കുഴിയിലെ ചളിയില്‍ താഴുകയായിരുന്നു.

അഷ്റഫ് ബദ്രിയ ക്വാറി ഉപേക്ഷിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കയ്യൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച വിവരാകാശത്തിനുള്ള മറുപടിയില്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ വിഭാഗം കാസര്‍ഗോഡ് ജില്ലാ കണ്‍വീനര്‍ എംവി ശില്‍പരാജ് നല്‍കിയ വിവരാകാശത്തിനുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്.

കാസര്‍ഗോഡ്‌ ചീമേനിയില്‍ ക്വാറിയില്‍ മുങ്ങി മരിച്ച ഇരട്ട സഹോദരങ്ങളായ സുദേവും ശ്രീദേവും Screengrab, Copyright: Mathrubhumi

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറിയ്ക്ക് നേരത്തെ സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടുണ്ട്. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ക്വാറിയുടെ പ്രവര്‍ത്തി തുടര്‍ന്നതിനാല്‍ ഖനനം നിര്‍ത്തിവെക്കുന്നതിന് സ്റ്റോപ്പ് മെമ്മോയും സ്ഥലം ബുക്ക് ചെയ്ത റിപ്പോര്‍ട്ടും സ്‌കെച്ചും 2023 ഫെബ്രുവരിയിലും ഡിസംബറിലും ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ക്വാറി സര്‍ക്കാരിലേയ്ക്ക് അടച്ച പിഴ എത്രയാണ്, എന്തിനൊക്കെ വേണ്ടിയാണ് അടച്ചത്, എന്നതിനെ കുറിച്ച് വിവരാവകാശ അപേക്ഷയില്‍ ചോദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നടപടികള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പാണ് കൈകാര്യം ചെയ്യുന്നത് എന്ന മറുപടിയാണ് വില്ലേജ് ഓഫീസില്‍ നിന്നും നല്‍കിയിരിക്കുന്നത്.

സ്റ്റോപ്പ് മെമ്മോ കിട്ടിയ ക്വാറി വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള പരിശോധന റിപ്പോര്‍ട്ട് ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് കയ്യൂര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള മറുപടിയിലുള്ളത്.

ക്വാറിയില്‍ നടത്തിയിട്ടുള്ള പരിശോധനകളുടെ മറ്റു വിവരങ്ങളും എപ്പോഴാണ് അവസാനമായി ക്വാറി തുറന്നുപ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തിയത് തുടങ്ങിയ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വില്ലേജ് ഓഫീസ് വ്യക്തമാക്കിയിട്ടില്ല.

സ്റ്റോപ്പ് മെമ്മോ കിട്ടിയ ക്വാറി അനുമതിയില്ലാതെ പ്രവര്‍ത്തിച്ചാല്‍ വില്ലേജ് എടുക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് കൃത്യമായി പറയാതെ വില്ലേജ് ഓഫീസില്‍ നിന്നും എടുത്ത നടപടികളുടെ വിവരങ്ങള്‍ ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരാവകാശ മറുപടിയിലുള്ളത്.

നിയമപ്രകാരം അല്ലാതെ നടത്തുന്ന ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിന് സാധ്യമല്ലെന്നും ലൈസന്‍സുള്ള സമയങ്ങളില്‍ ക്വാറി സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അതിനെതിരെ നടപടി എടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിവരാവകാശത്തില്‍ വ്യക്തമാക്കുന്നു.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ക്വാറി ഉപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറിയുള്ള ഭൂമിയുടെ സ്ഥിതി സാധാരണ നിലയില്‍ ആക്കേണ്ടതാണ്. എന്നാല്‍ അഷ്‌റഫ് ബദ്രിയയുടെ ഉടമസ്ഥതയിലുള്ള ക്വാറി അടച്ചുപൂട്ടിയെങ്കിലും ക്വാറി നിലനില്‍ക്കുന്ന ഭൂമി സാധാരണ നിലയിലേയ്ക്ക് ആക്കിയിട്ടില്ല.

സഹോദരങ്ങളുടെ മുങ്ങി മരണവുമായി ബന്ധപ്പെട്ട് എംവി ശില്‍പരാജ് നല്‍കിയ വിവരാവകാശത്തിന്റെ പകര്‍പ്പ് Screengrab, Copyright: MV Shilparaj

നിയമലംഘനവും ചട്ട ലംഘനവും നടത്തിയ ക്വാറിയ്‌ക്കെതിരെ കേസ് നടക്കുന്നുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ക്വാറിയ്‌ക്കെതിരെയുള്ള കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായതിന് ശേഷം ക്വാറിയുള്ള സ്ഥലം പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്നും വിവരാവകാശ മറുപടിയിലുണ്ട്.

പല ക്വാറികളും മഴക്കാലത്ത് മരണം പതിയിരിക്കുന്ന കേന്ദ്രങ്ങാണ്. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പൊതുവായ നിയമങ്ങള്‍ വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കുട്ടികളാണ് ഏറെയും ഇരയാകുന്നതെങ്കിലും യുവാക്കളുള്‍പ്പെടെ എല്ലാ പ്രായക്കാരും ദുരന്തത്തില്‍പെടാറുണ്ട്.

ഉപയോഗശൂന്യമായ ക്വാറികളിലെ വെള്ളക്കെട്ടുകളില്‍ മുങ്ങിമരണം കണക്കിലെടുത്ത് ഉപയോഗ ശൂന്യമായ പാറമടകള്‍ക്ക് സംരക്ഷണ മതില്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ 2017ല്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം കാണിച്ച് അന്നത്തെ റവന്യൂ വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ നസീര്‍, മീന സി യു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

ഉപയോഗശൂന്യമായ ക്വാറികളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതരും ജില്ലാ ജിയോളജിസ്റ്റുകളും ജില്ലാ കലക്ടര്‍മാര്‍ക്ക് ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍മാരും പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

അപകടസാധ്യതയുള്ള ക്വാറികള്‍ക്കും പാറമടകള്‍ക്കും സമീപം അപായസൂചന നല്‍കുന്ന ബോര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം. ഇതിനുവേണ്ടി വരുന്ന ചെലവ് ക്വാറി ഉടമകളില്‍നിന്ന് ഈടാക്കാവുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഉചിതമെന്ന് തോന്നുന്നപക്ഷം, ഉപയോഗശൂന്യമായ ക്വാറികളും പാറമടകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം അവയുടെ ഉടമകളില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തുന്ന കാര്യം പരിഗണിക്കാകുന്നതാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഓരോ വര്‍ഷവും ആയിരത്തി ഇരുന്നൂറിലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്. എന്നാല്‍ മുങ്ങിമരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വകുപ്പുകളില്‍ ലഭ്യമല്ല. മുങ്ങി മരണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി പോലെ ഒരു അതോറിറ്റിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1170 പേര്‍ മുങ്ങി മരിച്ചു. ഇതില്‍ 232 പേര്‍ കുട്ടികളാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മുങ്ങി മരിച്ചത് മലപ്പുറത്താണ്. 14 വയസിന് താഴെയുള്ള 98 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും മുങ്ങി മരിച്ചു.

14 നും 18 നും ഇടയില്‍ പ്രായമുള 99 ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമാണ് മരിച്ചത്. നീന്തല്‍ അറിയാത്തതാണ് മുങ്ങി മരണത്തിന്റെ പ്രധാന കാരണം എന്നാണ് സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ പറയുന്നത്. മലപ്പുറം ജില്ലയില്‍ 47 കുട്ടികളും തൃശ്ശൂര്‍ ജില്ലയില്‍ 33 കുട്ടികളും മുങ്ങി മരിച്ചു. ഈ വര്‍ഷം ഇതുവരെ അഞ്ഞൂറിലധികം പേര്‍ മുങ്ങി മരിച്ചു. ഇതിലും നിരവധി ഭൂരിഭാഗവും കുട്ടികളാണ്.

കാലവര്‍ഷം ശക്തമാകാറുള്ള മേയ് മുതല്‍ നവംബര്‍വരെയുള്ള കാകാലത്ത് സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങളിലെ ആള്‍നാശത്തില്‍ 55 മുതല്‍ 70 ശതമാനംവരെ മുങ്ങിമരണമാണ്. മണ്ണിടിച്ചില്‍, മിന്നല്‍ തുടങ്ങിയ മറ്റു ദുരന്തങ്ങള്‍ വഴിയുള്ള മരണം 30 മുതല്‍ 45 ശതമാനമേ വരൂ എന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷ കാലത്ത് തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 157 മുങ്ങിമരണങ്ങളുണ്ടായി. തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ 1100നും 1500നും ഇടയിലാണ് മുങ്ങിമരണങ്ങള്‍. ഒരുദിവസം മൂന്നിനും നാലിനുമിടയില്‍ ആളുകള്‍ കേരളത്തില്‍ മുങ്ങിമരിക്കുന്നുണ്ട്.

പത്തുവര്‍ഷത്തെിനിടെ 10,918 പേരാണ് കേരളത്തില്‍ മുങ്ങിമരിച്ചത്. മരിച്ചവര്‍ 8164 പുരുഷന്മാരും 2754 സ്ത്രീകളുമാണ്. പത്തു കൊല്ലത്തിനിടെ ഏറ്റവും കൂടുതല്‍ മുങ്ങിമരണമുണ്ടായത് തൃശ്ശൂര്‍ ജില്ലയിലാണ്. 1765 പേരാണ് ജില്ലയില്‍ മരിച്ചത്. 1307 പേര്‍ മരിച്ച പാലക്കാട് ജില്ലയാണ് രണ്ടാമത്.

മുങ്ങിമരിക്കുന്നവരില്‍ 60 ശതമാനവും നീന്തല്‍ അറിയാവുന്നവരാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നു. വര്‍ഷംതോറും സംസ്ഥാനത്ത് മുങ്ങിമരിക്കുന്ന 1500 പേരില്‍ 900 പേരും നീന്തല്‍ അറിയാവുന്നവരാണെന്നാണ് കണക്ക്. ഒഴിവാക്കാവുന്ന മരണങ്ങള്‍ സംഭവിക്കുന്നത് അശ്രദ്ധയും അനാവശ്യമായ സാഹസികതയും മൂലമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.

സഹോദരങ്ങളുടെ മുങ്ങി മരണവുമായി ബന്ധപ്പെട്ട് എംവി ശില്‍പരാജ് നല്‍കിയ വിവരാവകാശത്തിന്റെ പകര്‍പ്പ് Screengrab, Copyright: MV Shilparaj

സംസ്ഥാനത്ത് നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. നീന്തല്‍ പഠനത്തിനായി എല്ലാ നിയോജകമണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിങ് പൂളുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തതാണ്. ബാലാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും ഡയറക്ടറോടും ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതുവരെയും പദ്ധതി നടപ്പായില്ല.

മുങ്ങിമരങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് മാത്രമല്ല, ഇന്‍ഷൂറന്‍സോ മറ്റു സഹായങ്ങളോ മരിച്ചുപോകുന്നവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നുമില്ല. മുങ്ങിമരണം ദുരന്ത പട്ടികയിലില്ലാത്തതുമൂലമാണ് കേന്ദ്ര-സംസ്ഥാന സഹായം ലഭിക്കാതെ പോകുന്നത്.

സംസ്ഥാനത്ത് മുങ്ങിമരണങ്ങളുടെ തോത് വര്‍ധിക്കുമ്പോഴും ഇത്തരം മരണങ്ങള്‍ ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. നിരവധി കുടുംബങ്ങളാണ് ഉറ്റവരുടെ മുങ്ങിമരണത്തെ തുടര്‍ന്ന് ആശ്രയം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. അര്‍ഹമായ ധനസഹായം കിട്ടണമെന്ന ഇവരുടെ ആവശ്യം കാലങ്ങളായി അവഗണിക്കപ്പടുകയാണ്.

നിലവില്‍ ഇത്തരം മരണങ്ങളില്‍ ചെറിയ ധനസഹായമാണ് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നത്. അത് എംഎല്‍എമാരോ മറ്റ് ജനപ്രതിനിധികളോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കുന്ന തുകയില്‍ ഒതുങ്ങുന്നു.

മറ്റ് പല സംസ്ഥാനങ്ങളിലും മുങ്ങിമരണങ്ങളില്‍ പ്രകൃതിക്ഷോഭങ്ങളിലും മറ്റ് ദുരന്തങ്ങളിലുമൊക്കെ ഇരയാവുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നതിന് സമാനമായ നല്ലൊരു തുക സഹായമായി കിട്ടുന്നുണ്ട്. ഒഡിഷയില്‍ നാലുലക്ഷംവരെ ധനസഹായം നല്‍കുന്നു.

എന്നാല്‍, സംസ്ഥാനത്തിന് ധനസഹായത്തിനായി ശുപാര്‍ശ ചെയ്യാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

FAQs

എന്താണ് മുങ്ങിമരണം?

ഏതെങ്കിലും ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നതിനെയാണ് മുങ്ങിമരണം എന്ന് പറയുന്നത്.

എന്താണ് വിവരാവാകാശ നിയമം?

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എന്താണ് ബാലാവകാശ കമ്മീഷന്‍ ?

2013 ജൂൺ മൂന്നിനാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നത്. ഒരു ചെയർപേഴ്സണും ആർ അംഗങ്ങളും ഉൾപെടുന്നതാണ് കമ്മീഷന്റെ ഘടന. കുട്ടികൾക്കായുള്ള ക്ഷേമ പദ്ധതികളും സുരക്ഷാ ഏർപ്പാടുകളും പരിശോധിക്കുകയും പുനപ്പരിശോധിക്കുകയും ചെയ്യുക, കുട്ടികളുടെ അവകാശലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുക, കുട്ടികൾക്കായുള്ള സേവനം ലഭ്യമല്ലാത്തപക്ഷം സ്വമേധയാ നടപടികൾ സ്വീകരിക്കുക, പ്രശ്നങ്ങൾക്ക് പരിഹാരത്തിനാവശ്യമായ ശുപാർശകൾ നൽകുക എന്നിവയൊക്കെയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ.

Quotes

“കുട്ടികളോടൊപ്പമാണെങ്കില്‍ ആത്മാവ് സുഖം പ്രാപിക്കുന്നു- ഫയദോര്‍ ദസ്തയേവ്സ്കി.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.