Wed. Dec 18th, 2024

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിരീക്ഷണത്തിൽ കഴിയുന്ന മൂന്ന് പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ സുഹൃത്ത് പനി ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഈ കുട്ടിയുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്.സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സ്രവവും പരിശോധയ്ക്ക് അയച്ചു. ഹൈറിസ്‌ക് കാറ്റഗറിയില്‍ ബാക്കിയുള്ള 35 പേരുടെ സ്രവം ഞായറാഴ്ച പരിശോധനക്കായി അയക്കും.

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കഴിഞ്ഞദിവസം നിപ ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഔദ്യോഗിക പരിശോധനാഫലം വന്നു. സംസ്ഥാനത്തു നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചിരുന്നു.