Wed. Dec 18th, 2024
Worldwide Services Impacted by Windows Outage

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക തകരാർ  നേരിടുന്നു. തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ആവുകയും ചെയ്യുന്നു.

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്.

വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിർത്തിവയ്ക്കേണ്ടിവന്നു.

വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം. ആഗോളമായി ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ പരിശ്രമം തുടരുകയാണെന്നാണ് ക്രൗഡ്സ്ട്രൈക്ക് നല്‍കുന്ന വിശദീകരണം.