തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 പേരെ പിടികൂടി പിഴ ചുമത്തിയതായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ‘ഇന്നലെ രാത്രിയിൽ നഗരത്തിൽ വനിതകളുടെ ഹെൽത്ത് സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നത്. മൂന്ന് ടീമുകളായി വിവിധഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ ആമയിഴഞ്ചാൻ തോടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 പേരെ വാഹനമടക്കം പിടികൂടി. ആകെ 45090 രൂപ വീതം പിഴ ചുമത്തി.
ഒരു മനുഷ്യജീവൻ നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയാൻ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതിനൊന്നും യാതൊരു ന്യായീകരണവും ഇല്ല. കർശനമായ നടപടികൾ തന്നെ സ്വീകരിക്കും. ആദ്യപടിയായി മാത്രമാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. കൂടുതൽ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികൾ തുടർന്ന് എടുക്കും.
നേരത്തെ വ്യക്തമാക്കിയത് പോലെ മാലിന്യം നഗരസഭയുടെയോ സർക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്തമല്ല. നമുക്കോരോരുത്തർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. നമ്മുടെ നഗരം മലീമസമായാൽ അത് നമ്മുടെ എല്ലാവരുടെയും വീഴ്ചയായി തന്നെ കാണണം. മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണം. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനം നഗരസഭയ്ക്കുണ്ട്. അതിൽ എന്തെങ്കിലും സംശയമുള്ളവർ നഗരസഭയിൽ നേരിട്ടോ മേയറുടെ പരാതിപരിഹാര സെല്ലിലേയ്‌ക്കോ അതുമല്ലെങ്കിൽ മേയറുടെ 94473 77477 എന്ന ഈ നമ്പറിൽ നേരിട്ടോ ബന്ധപെടുക.
ദയവായി മാലിന്യം വലിച്ചെറിയാതിരിക്കുക. ജനങ്ങളുടെ ജാഗ്രതയും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ മേല്പറഞ്ഞ സംവിധാനങ്ങളിൽ അറിയിച്ചാൽ കർശനനടപടി എടുക്കുന്നതാണ്’.