Fri. Nov 22nd, 2024

വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യവും കടകളില്‍ നിന്നുള്ള മാലിന്യവും ആശുപത്രികളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യം കനോലി കനാലിലെയ്ക്ക് ഒഴുകി എത്തുന്നുണ്ട്

ശ്ചിമഘട്ടത്തിലെ ചെറുകളത്തൂരില്‍ നിന്നും ഉത്ഭവിക്കുന്ന കല്ലായിപ്പുഴ 22 കിലോമീറ്റര്‍ ഒഴുകി കോതിയിലെ അഴിമുഖത്തിലൂടെ അറബിക്കടലുമായി ചേരും. ഒരുകാലത്ത് കോഴിക്കോട് നഗരത്തിന്റെ പ്രധാന ജലസ്രോതസ്സും മത്സ്യത്തൊഴിലാളികളുടെ ഉപജീവനുമായിരുന്ന കല്ലായി പുഴ ഇന്ന് സംസ്ഥാനത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പുഴയാണ്.

ഈ പുഴയുടെ ആഴത്തെ ആശ്രയിച്ചാണ് ഒരുകാലത്ത് ഏറ്റവും സമൃദ്ധമായ മര വ്യവസായം കല്ലായിയില്‍ തഴച്ചുവളര്‍ന്നത്. ഇന്ന് ഈ വ്യവസായം ചെയ്യുന്ന സ്ഥാപനങ്ങള്‍ പുഴ കയ്യേറി എന്നുള്ളത് മറ്റൊരു വസ്തുത.

ഗൃഹ മാലിന്യം, ഹോട്ടല്‍ മാലിന്യം, ആശുപത്രി മാലിന്യം, കച്ചവട മാലിന്യം, കക്കൂസ് മാലിന്യം, രാസമാലിന്യം, പ്ലാസ്റ്റിക് തുടങ്ങി ഒരു പുഴയ്ക്ക് താങ്ങാവുന്നതിന്റെ എത്രയോ ഇരട്ടി മാലിന്യമാണ് കല്ലായിപ്പുഴയിലേക്ക് ഒഴുകിയെത്തുന്നത്. കൈവഴികളിലൂടെയും ഓടകളിലൂടെയും കനോലി കനാലിലൂടെയുമാണ് മാലിന്യം പുഴയിലേയ്ക്ക് ഒഴുകി എത്തുന്നത്.

കോരപ്പുഴ മുതല്‍ കല്ലായി പുഴ വരെയുള്ള കനോലി കനാലിന്റെ 11.4 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന നൂറുകണക്കിന് സ്ഥപനങ്ങള്‍ മാലിന്യം ഒഴുക്കുന്നത് കനാലിലേയ്ക്കാണ്. ഒപ്പം ഓടകളും മറ്റ് കൈവഴികളും വഴി കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ള എത്തിച്ചേരുന്നുണ്ട്.

കല്ലായിപ്പുഴ Screengrab, Copyright: The Hindu

ദേശീയ ഹരിത ട്രിബ്യൂണലിന്റെ പഠനം അനുസരിച്ച് രാജ്യത്തെ ഏറ്റവും മലിനമായ 351 നദികളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ ഒന്ന് കല്ലായിപ്പുഴയാണ്.

കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റവും മലിനമാക്കപ്പെട്ട പുഴയായി കണക്കാക്കുന്നത് കല്ലായിപ്പുഴയെ ആണ്. നൂറ് മില്ലി ലിറ്റര്‍ വെള്ളത്തിലെ കോളിഫോം ബാക്ടീരിയ മാത്രം 4,80,000 ആണ്.

പുഴയിലെ വെള്ളം കാല് കഴുകാന്‍ പോലും പറ്റാത്തത്ര മലിനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സിജന്‍ അളവ് 0.7 മാത്രമാണ്. വെള്ളത്തില്‍ ഓക്‌സിജന്റെ അളവുകുറഞ്ഞതോടെ മത്സ്യ സാന്നിധ്യവും ഇല്ലാതായി. ഇതോടെ മത്സ്യബന്ധനം, എരിന്ത് എടുക്കല്‍ തുടങ്ങിയവ നടത്തി ഉപജീവനം നടത്തിയിരുന്നവര്‍ ആ തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ഇരുവശത്തെയും കയ്യേറ്റങ്ങള്‍ പുഴയുടെ നടുക്കുവരെ എത്തിയ അവസ്ഥയാണ്. 65 ഓവുചാലുകളാണ് കനോലി കനാലിലേക്ക് തുറക്കുന്നത്. പലഭാഗത്തുനിന്നുള്ള ചെളിമുഴുവന്‍ വന്നടിഞ്ഞ് പുഴയുടെ ഒഴുക്ക് പൂര്‍ണമായി നിലച്ചു. പുഴയുടെ പലഭാഗങ്ങളിലും മണ്‍തിട്ടകള്‍ രൂപംകൊണ്ട് തുരുത്ത് പോലെയായി. ചെളിനീക്കി ഒഴുക്ക് പുനസ്ഥാപിക്കുകയും മലിനീകരണം പൂര്‍ണമായും തടയുകയും ചെയ്താലേ പുഴയെ സംരക്ഷിക്കാന്‍ കഴിയൂ.

കയ്യേറ്റവും അക്ഷരാര്‍ത്ഥത്തില്‍ പുഴയെ ഇല്ലാതെയാക്കി. മരക്കമ്പനികള്‍ക്ക് ലീസിന് നല്‍കിയിരുന്ന പുഴ പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടങ്ങള്‍ നിര്‍മിച്ച സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല, ഈ ഭൂമി വ്യാജരേഖകള്‍ ഉണ്ടാക്കിയും മറ്റും മറിച്ചു വില്‍ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ലീസിനെടുത്ത് ഭൂമി തിരിച്ച് നല്‍കാത്തവര്‍ക്കെതിരെ നടപടി ഉണ്ടായെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

കയ്യേറ്റം സംബന്ധിച്ച് വിശദമായ സര്‍വേ നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കല്ലായി അഴിമുഖം മുതല്‍ മൂര്യാട് വരെ പുഴയുടെ വടക്ക് ഭാഗം സര്‍വേ നടത്തിയപ്പോള്‍ 23.5 ഏക്കര്‍ ഭൂമിയുടെ കൈയേറ്റം കണ്ടെത്തി. ഇതനുസരിച്ച് റവന്യൂ വകുപ്പ് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചുവെങ്കിലും വൈകാതെ ഇത് കാണാതെയായി. തുടര്‍ന്ന് വനാതിര്‍ത്തിയിലേതു പോലെ ജണ്ട കെട്ടാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചു. ജണ്ട കെട്ടാനായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടെന്ന് മനസ്സിലാകുന്നത്. കൈയേറ്റ ഭൂമി കൈവശം വെച്ചവരാണ് സര്‍ക്കാര്‍ നടപടിക്ക് സ്റ്റേയ്ക്ക് ശ്രമിച്ചത്.

‘കല്ലായിപ്പുഴ ഉത്ഭവിക്കുന്നത് ചെറുകുളത്തൂര്‍ മല നിരകളില്‍ നിന്നാണ്. ആദ്യ കാലങ്ങളില്‍ ചെറുകുളത്തൂര്‍ മല നിരകളില്‍ ഒരു വില്ലേജ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അത് നാല് പഞ്ചായത്തുകളിലും ഒരു കോര്‍പറേഷന്‍ പരിധിയിലുമായി വിഭജിക്കപ്പെട്ടു. അതോടുകൂടി ഈ മലകളുടെ പരിരക്ഷണം ഇല്ലാതെയായി.

കല്ലായിപ്പുഴയിലെ മലിനീകരണം Screengrab, Copyright: The Hindu

പൊന്‍മ്പുറക്കുന്ന് മാവൂര്‍ പഞ്ചായത്തിലും നരിയോറമല പെരുവയല്‍ പഞ്ചായത്തിലും ഐഐടി കുന്ന്, അതുപോലെ മയിലാടും കുന്ന് കോര്‍പറേഷന്‍ പരിധിയിലും അങ്ങനെ പല സ്ഥലങ്ങളിലായി ഇത് വിഭജിക്കപ്പെട്ടു. ഈ മലനിരകളില്‍ നിന്നും വന്നിരുന്ന നീരൊഴുക്ക് ഒന്നിച്ചിട്ടാണ് കല്ലായിപ്പുഴ രൂപപ്പെട്ടത്. ഇന്ന് ഇവിടെയെല്ലാം കയ്യേറ്റങ്ങളായി.

മറ്റൊന്ന് കല്ലായി പുഴയുടെ തോട് തൂര്‍ത്തിട്ടാണ് കുറ്റിക്കാട്ടൂര്‍, കുന്ദമംഗലം എംഎല്‍എ റോഡ് നിര്‍മിച്ചത്. ഇതിന്റെ കിഴക്ക് ഭാഗത്ത് വലിയൊരു നീരുറവ തൂര്‍ത്തിട്ടാണ് മറ്റൊരു റോഡ് ഉണ്ടാക്കിയത്. തോടുകള്‍ തൂര്‍ത്തതും നീര്‍ ചാലുകളില്‍ കയ്യേറ്റം നടന്നതോടും കൂടി കല്ലായി പുഴ മരിച്ചു എന്ന് വേണമെങ്കില്‍ പറയാം.’, കേരള നദീ സംരക്ഷണ സമിതിയുടെ ജനറല്‍ സെക്രട്ടറി രാജന്‍ ടിവി വോക്ക് മലയാളത്തോട് പറഞ്ഞു.

‘നീര്‍ച്ചാലുകള്‍ യോജിച്ചുകൊണ്ട് കുട്ടിക്കാട്ടൂരില്‍ നിന്നാണ് പുഴ തുടങ്ങുന്നത്. കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ മാലിന്യം മുഴുവന്‍ വരുന്നത് പുഴയിലെയ്ക്കാണ്. അതുപോലെ വിവിധ മാര്‍ക്കറ്റുകളിലെ എല്ലാ ഓടകളും തുറന്നുവിടുന്നത് മാര്‍ക്കറ്റിലേയ്ക്കാണ്. കോഴിക്കോട് നഗരത്തിലെ കനോലി കനാനിലൂടെ വരുന്ന സര്‍വത്ര മാലിന്യവും കല്ലായി പുഴയിലെയ്ക്കാണ് എത്തുന്നത്.

യുവി ജോസ് ജില്ലാ കലക്ടര്‍ ആയിരുന്ന കാലത്ത് നടത്തിയ പഠനത്തില്‍ 74 ലധികം ഓടകള്‍ കനോലി കനാനിലേയ്ക്ക് തുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഓടകളില്‍ വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യവും കടകളില്‍ നിന്നുള്ള മാലിന്യവും ആശുപത്രികളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യം കനോലി കനാലിലെയ്ക്ക് ഒഴുകി എത്തുന്നുണ്ട്.

കനോലി കനാലില്‍ എല്ലാ കാലത്തും കറുത്ത വെള്ളം മാത്രമാണ് ഒഴുകുന്നത്. പഴയ കാലത്ത് കനോലി കനാലില്‍ വേലിയേറ്റ, വേലിയിറക്ക പ്രഭാവം ഉണ്ടായിരുന്നു. അതായത് കോരപ്പുഴയില്‍ നിന്നുള്ള വെള്ളം കല്ലായിപ്പുഴയില്‍ എത്തിയിരുന്നു. തിരിച്ച് കല്ലായിപ്പുഴയില്‍ നിന്നുള്ള വെള്ളം കോരപ്പുഴയില്‍ എത്തിയിരുന്നു. ഇന്ന് ചെളി നിറഞ്ഞ് കനാലിന്റെ അടിത്തട്ട് ഉയര്‍ന്ന് ഒഴുക്കില്ലാതായിരിക്കുകയാണ്.

ഒഴുക്കില്ലാതായത്തോടെ മാലിന്യം കെട്ടിനിന്ന് വെള്ളം കറുത്ത നിറമായി. ഈ വെള്ളമാണ് മൂരാട് ഭാഗത്ത് വെച്ച് കല്ലായിയില്‍ എത്തുന്നത്. കല്ലായിയില്‍ എത്തുന്ന ഈ വെള്ളവും അങ്ങാടി മാലിന്യം നിറഞ്ഞ വെള്ളവും മഴ വെള്ളവും എല്ലാം കൂടി കോതി കടപ്പുറത്ത് വെച്ചാണ് കടലില്‍ ചേര്‍ന്നിരുന്നത്. ‘, രാജന്‍ ടിവി വോക്ക് മലയാളത്തോട് പറഞ്ഞു.

കല്ലായിപ്പുഴ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരം Screengrab, Copyright: DC

‘കല്ലായി പുഴയുടെ അടിത്തട്ട് ഉയരാന്‍ കാരണം നിര്‍മാണ പ്രവര്‍ത്തികളാണ്. ഉദാഹരണത്തിന് കോതി പാലം നിര്‍മിക്കുമ്പോള്‍ അവിടെ ഒരു തടയണ കെട്ടിയിരുന്നു. ആ തടയണ പൊളിച്ചു നീക്കാത്തത് കൊണ്ട് കൂടുതല്‍ ചെളി അടിഞ്ഞ് അവിടെ നികന്നു. ഇതുപോലെ കല്ലായി പാലം നിര്‍മിച്ച കാലത്ത് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തത് കൊണ്ട്, അന്നത്തെ തെങ്ങ് കുറ്റികളിലും ചാക്കിട്ട് നിറച്ച ഭാഗങ്ങളിലും എല്ലാം കൂടുതല്‍ മാലിന്യം അടിഞ്ഞുകൂടി ആ പ്രദേശം നികന്നു.

ഇതേ പ്രക്രിയ തന്നെ കടുപ്പിനി പാലത്തിന്റെ നിര്‍മാണത്തിലും സ്വീകരിച്ചത്. കല്ലായി പുഴയ്ക്ക് കുറുകെ കെട്ടിയ തെങ്ങ് കുറ്റികളും മണ്ണ് നിറച്ച ചാക്കും അവിടെ ഉള്ളതുകൊണ്ട് അവിടെയും പുഴ നികന്നു വരികയാണ്.

പുഴ സംരക്ഷിക്കുന്നതിനുവേണ്ടി ഇറിഗേഷന്‍ വകുപ്പ് അന്നത്തെ കരാറുകാരെ കൊണ്ട് ബണ്ട് കെട്ടിയത് കോരി മാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കേണ്ടിയിരുന്നു. പക്ഷേ, അതൊന്നും ചെയ്യാത്തത് കൊണ്ട് പുഴയില്‍ മാലിന്യം നിറഞ്ഞ് പുഴയിലേയ്ക്ക് ഒരാള്‍ക്കും ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്.

കോതി ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് ദുരന്തം അനുഭവിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ തോണികള്‍ പാര്‍ക്ക് ചെയ്തിരുന്നത് കോതി അഴുമുഖത്ത് നിന്നും ഉള്ളിലേയ്ക്കുള്ള കല്ലായിപ്പുഴയുടെ ഭാഗത്തായിരുന്നു. ആ ഭാഗത്തേയ്ക്ക് തോണികള്‍ കൊണ്ടുവരാന്‍ പറ്റാതെ തോണികളുടെ അടിത്തട്ടില്‍ അന്നത്തെ നിര്‍മാണ സമയത്ത് ഉപയോഗിച്ച കരിങ്കല്ലുകള്‍ മറ്റും തട്ടി തോണികളുടെ അടിഭാഗം പൊളിയുന്നത് മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുപാട് നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

വല കെട്ടാന്‍ പോലും സൗകര്യം ഇല്ലാത്ത സാഹചര്യമാണ്. ഇതിനു പുറമെയാണ് എസ്ടിപി പ്ലാന്റ് (മലിനജല സംസ്‌കരണ പ്ലാന്റ്) കല്ലായി പുഴയുടെ പുറമ്പോക്കില്‍ നിര്‍മിക്കാനുള്ള കോര്‍പറേഷന്റെ തീരുമാനം.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാലിന്യം നിറഞ്ഞ പുഴയായാണ് കല്ലായിപ്പുഴയെ നിര്‍ണയിച്ചിരിക്കുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഓക്‌സിജന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. മത്സ്യങ്ങള്‍ക്കോ ഉഭയജീവികള്‍ക്കോ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ആണെന്ന് കണ്ടെത്തി.’, രാജന്‍ ടിവി പറഞ്ഞു.

‘കോഴിക്കോട് ജില്ലാ കലക്ടര്‍ അധ്യക്ഷനായ കനോലി കനാല്‍ സംരക്ഷണ സമിതി ഉണ്ടായിരുന്നു. ആ സമിതിയുടെ പ്രവര്‍ത്തനം 1985, 86 കാലഘട്ടത്തില്‍ കോഴിക്കോട് കോര്‍പറേഷന് കൈമാറി. 84ല്‍ സമിതിയുടെ യോഗത്തില്‍ വെച്ച് തീരുമാനിച്ചത് കനോലി കനാലിലേയ്ക്ക് വരുന്ന എല്ലാ തരം ഓടകള്‍ക്കും സൂയിസ് വാള്‍വ് ഘടിപ്പിച്ച് ചെളി മാറ്റി ശുദ്ധജലം മാത്രം പുഴയിലെയ്ക്ക് ഒഴുക്കുന്ന സംവിധാനം ഉണ്ടാക്കണം എന്നായിരുന്നു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ ഒന്നും ഇതുവരെ നടപ്പായിട്ടില്ല.

കനോലി കനാല്‍ സംരക്ഷണ സമിതി കോര്‍പറേഷന് കൈമാറിയ ശേഷം ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല. ജുഡീഷ്യല്‍ അധികാരത്തോട് കൂടിയതായിരുന്നു പണ്ടത്തെ സംരക്ഷണ സമിതി. അത് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. കനോലി കനാലിലേയ്ക്ക് ശുദ്ധ ജലം എത്തിക്കേണ്ടതുണ്ട്, കനാലിലേയ്ക്ക് തുറക്കുന്ന ഓടകളുടെ പരിസരത്ത് തന്നെ ശുചീകരണ സംവിധാനം ഒരുക്കണം.

കടുപ്പിനി ഭാഗത്തൊക്കെ പുഴയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് ത്വക്ക് രോഗങ്ങളും അസുഖങ്ങളും വരുന്നുണ്ട്. വെള്ളത്തില്‍ തൊട്ടുകഴിഞ്ഞാല്‍ ചൊറിയും. പണ്ട് കാലത്ത് മീന്‍ പിടിച്ചിരുന്ന, എരിന്ത് എടുത്തിരുന്ന, ജല ഗതാഗതം ഉണ്ടായിരുന്ന പുഴയാണിത്. അതൊക്കെ തിരികെ കൊണ്ടുവരണം.

ഇന്ന് മത്സ്യങ്ങള്‍ ഒന്നും വളരാനുള്ള സാഹചര്യം കല്ലായി പുഴയിലില്ല. കടലില്‍ നിന്നും മത്സ്യങ്ങള്‍ പുഴയിലേയ്ക്ക് വന്ന് പ്രജനനം നടത്തിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇന്ന് അത്തരം സാഹചര്യമില്ല. അതുകൊണ്ട് പുഴയെ ആശ്രയിച്ചുള്ള മത്സ്യബന്ധനം ഇന്ന് തീരെയില്ല. കുറ്റിക്കാട്ടൂര്‍, അത്തോളിത്താഴം എന്നീ ഭാഗത്ത് കുറച്ച തെളിഞ്ഞ വെള്ളം ഉള്ളതുകൊണ്ട് ആ ഭാഗത്ത് ചിലരൊക്കെ മീന്‍ പിടിക്കാറുണ്ട്.

കല്ലായിപ്പുഴ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരം Screengrab, Copyright: The Hindu

കനോലി കനാലിന്റെ ഓരോ ഭാഗങ്ങളിലും ഒരുപാട് കയ്യേറ്റമുണ്ട്. കല്ലുത്താന്‍കടവ് ഭാഗത്ത് ഒരുപാട് വീതി കുറഞ്ഞിട്ടുണ്ട്. 1924ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ലിത്തോ മാപ്പിന്റെ അടിസ്ഥാനത്തിലാണ് പുഴകളെയും കനാലുകളെയും അളന്ന് തിട്ടപ്പെടുത്തേണ്ടത്. പുഴയുടെ വീതി എത്രയുണ്ടോ അതിന്റെ ഇരു കരകളിലും പുറമ്പോക്കായി നിലനിര്‍ത്തണം. ഇത്തരത്തിലുള പുഴ പുറമ്പോക്കുകള്‍ ഒന്നും ഇന്ന് കല്ലായി പുഴക്കില്ല.

അതുപോലെ കുറ്റിക്കറ്റൂര്‍, പെരുവയല്‍, ഒളവണ്ണ ഭാഗങ്ങളില്‍ സര്‍വേ നടത്തിയെങ്കിലും ആ റിപ്പോര്‍ട്ട് എവിടെയെന്ന് ആര്‍ക്കും അറിയില്ല. അന്ന് സ്വകാര്യ വ്യക്തികള്‍ കയ്യേറിയ ഭൂമി അളന്ന് കല്ലിട്ട് വേര്‍തിരിച്ചു എങ്കിലും പൂര്‍ണമായും ഏറ്റെടുത്തിട്ടില്ല. ഇന്ന് ഏകദേശം പഴയ പുഴയുടെ 30 ശതമാനത്തിന് താഴെ മാത്രമേ ജലത്തിന്റെ ഒഴുക്കൊള്ളൂ. പുഴയുടെ വീതിയും ഏകദേശം അതുപോലെ തന്നെ.’, കേരള നദീ സംരക്ഷണ സമിതിയുടെ ജനറല്‍ സെക്രട്ടറി രാജന്‍ ടിവി വോക്ക് മലയാളത്തോട് പറഞ്ഞു.

കല്ലായിപ്പുഴ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് നടന്നത്. സമരത്തുടര്‍ച്ചയുടെ ഭാഗമായി നാളെ ജനകീയ ധര്‍ണ്ണ നടത്തുകയാണ് പുഴ സംരക്ഷണ സമിതിയായ ഗ്രീന്‍ മൂവ്‌മെന്റ് കേരള. മാലിന്യമുക്തമായ പുഴയെ സംരക്ഷിക്കുക, കനോലി കനാലിലേയ്ക്ക് തുറക്കുന്ന എല്ലാ ഓടകളും അടക്കുക, കയ്യേറ്റ സ്ഥലങ്ങള്‍ നിര്‍ണയിച്ച് ഏറ്റെടുക്കുക, പുഴയുടെ ഉത്ഭവകേന്ദ്രമായ നരിയോറ മലനിരകള്‍ സംരക്ഷിക്കുക, നീര്‍ചോലകള്‍ സംരക്ഷിക്കുക, കനോലി കനാല്‍ സംരക്ഷണ സമിതിയുടെ യോഗം വിളിച്ചു ചേര്‍ക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യം.

FAQs

എന്താണ് കല്ലായിപ്പുഴ?

പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നദിയാണ് കല്ലായിപ്പുഴ. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്. ഈ പുഴയെ ചാലിയാർ പുഴയുമായി ഒരു മനുഷ്യനിർമ്മിത തോടുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.

എന്താണ് കനോലി കനാല്‍?

മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച് വി കാനോലി 1848-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ ഒരു വിശാല ജല ഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകൾ നിർമ്മിച്ചു കൂട്ടിയിണക്കി. ഇങ്ങനെയുണ്ടാക്കിയ തീരദേശ ജലഗതാഗതമാർഗ്ഗത്തെ കാനോലി കനാൽ എന്നു വിളിക്കുന്നു.

എന്താണ് മലിനീകരണം ?

മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. പരിസ്ഥിതിമലിനീകരണം, ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്.

Quotes

“നിങ്ങൾ ചെയ്യുന്നതെന്തും നിസ്സാരമായിരിക്കാം, പക്ഷേ നിങ്ങൾ അത് ചെയ്യേണ്ടത് വളരെ പ്രധാനമാണ് – മഹാത്മാഗാന്ധി.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.