കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ 2 ലെ ഒരു രംഗം വിവാദത്തില്‍. ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നതിന് 300 രൂപ വീതം കൈക്കൂലി വാങ്ങുന്ന ഇ-സേവ ജീവനക്കാരെ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ഇ-സേവ അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ജോലി ചെയ്യുന്നതിന് തങ്ങള്‍ കൈക്കൂലി വാങ്ങാറില്ലെന്നും തങ്ങളെ അപമാനിക്കുന്ന ഈ രംഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നു. രാജ്യത്ത് നടക്കുന്ന വലിയ കുറ്റകൃത്യങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്ന ചിത്രം ചെയ്യാത്ത കുറ്റം തങ്ങളില്‍ ആരോപിച്ച് തങ്ങളുടെ ജീവനക്കാരെ അപമാനിക്കുകയാണെന്നും സംഘടന ആരോപിക്കുന്നു. പ്രസ്തുത രംഗം നീക്കാന്‍ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ട് സംഘടന.