Sun. Sep 8th, 2024

2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റിയതിനെ കുറിച്ച് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് തിരിമറി നടത്തിയിരിക്കുന്നത്

ട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കാര്‍ വാങ്ങാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും വകമാറ്റി ചെലവഴിച്ചതായി തെളിയിക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. സ്‌കോളര്‍ഷിപ്പ് പദ്ധതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നിയമസഭയില്‍വെച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റിയതിനെ കുറിച്ച് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് തിരിമറി നടത്തിയിരിക്കുന്നത്.

2019-ല്‍ ഡിജിഇ ഓഫീസിന്റെ ഉപയോഗത്തിനായി രണ്ടു പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍നിന്ന് 40.28 ലക്ഷം രൂപ ചെലവഴിച്ചു. സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ നിരീക്ഷണത്തിനായാണ് കാറുകള്‍ വാങ്ങിയതെന്നാണ് വിശദീകരണം.

2019 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ചുവരെ ഈ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഇന്‍ഷൂറന്‍സ് തുടങ്ങിയവയ്ക്കായി 10.58 ലക്ഷവും ചെലവഴിച്ചു. നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താനും എസി, ഐപാഡുകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ വാങ്ങാനുമായി 10.98 ലക്ഷം രൂപയും വകമാറ്റി.

ഇ-ഗ്രാന്റ് ലഭിക്കാന്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആദിവാസി ദളിത്‌ വിദ്യാര്‍ഥികള്‍ Screengrab, Copyright: Facebook

2017-18 മുതല്‍ 2021-22 കാലയളവില്‍ മറ്റു ചെലവുകള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍നിന്ന് 3.47 കോടി രൂപ അഡ്വാന്‍സെടുക്കാന്‍ ഡിജിഇ അനുമതി നല്‍കി. 2021 ജനുവരിയില്‍ നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ അഡ്വാന്‍സായി എടുത്ത 42.50 ലക്ഷം രൂപ തിരിച്ചുനല്‍കിയിട്ടില്ല.

ക്ലര്‍ക്ക് മുതല്‍ ഡിജിഇ വരെയുള്ള സ്ഥിരജീവനക്കാര്‍ക്ക് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പുറമേ, പ്രത്യേക പ്രതിഫലമായി 5.06 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍നിന്നും നല്‍കി.

എന്തുകൊണ്ടാണ് ഇ-ഗ്രാന്റ് നല്‍കാന്‍ കഴിയാഞ്ഞത്

2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പട്ടികജാതി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഒരു സര്‍വേയും നടത്തിയിട്ടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, ഇ-ഗ്രാന്റ് രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ 23,138 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നഷ്ടമായത്.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ ഭരണച്ചെലവുകള്‍ക്കുള്ള ഫണ്ട് കേന്ദ്രത്തില്‍നിന്ന് ക്ലെയിം ചെയ്യാത്തതിനാല്‍ 96.65 ലക്ഷം രൂപ നഷ്ടമായി. പട്ടികവര്‍ഗക്കാരുടെ 15.89 ലക്ഷം രൂപയും ക്ലെയിം ചെയ്തില്ല.

ഇതിനൊക്കെ പുറമേ ലംപ്‌സം ഗ്രാന്റ് നല്‍കുന്നതിലും വന്‍വീഴ്ചയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വരുത്തിയത്. 2017-18ല്‍ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ഥികളില്‍ 10 ശതമാനത്തിനും 2020-21ല്‍ പ്രവേശനം നേടിയ 4.12 ലക്ഷത്തില്‍ 12 ശതമാനത്തിനും ലംപ്‌സം ഗ്രാന്റ് നല്‍കിയില്ല.

കേന്ദ്രീയ വിദ്യാലയങ്ങളിലെ 5828 പട്ടികജാതി വിദ്യാര്‍ഥികള്‍ വിദ്യാലയ വികാസ് നിധിയുടെ വര്‍ധിപ്പിച്ച നിരക്കിലേക്കടച്ച 3.60 കോടി രൂപ തിരിച്ച് നല്‍കിയിട്ടില്ല.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇ-ഗ്രാന്റ് കിട്ടിയില്ലെന്ന് വ്യക്തമാക്കി ആദിവാസി, ദളിത്, ഗവേഷക വിദ്യാര്‍ഥികള്‍ തെരുവില്‍ സമരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്ന വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്നും അവര്‍ക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട പണം എവിടെപോയെന്നും ഇപ്പോഴിതാ സിഎജി റിപ്പോര്‍ട്ടും തുറന്നുകാണിച്ചിരിക്കുകയാണ്.

ലംപ്‌സം ഗ്രാന്റ്, ഹോസ്റ്റല്‍ അലവന്‍സുകള്‍, പോക്കറ്റ് മണി, ഡേ സ്‌കോളേഴ്‌സിനുള്ള അലവന്‍സ്, ഗവേഷക വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് എന്നിവയാണ് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ലഭിക്കേണ്ടത്. ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ് എന്നിവ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിനുള്ളതാണ്.

എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് എത്ര ഗ്രാന്റ് ലഭിക്കും

എസ്‌സി, എസ്ടി. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലംപ്സം ഗ്രാന്റ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1400 രൂപയും പിജി വിദ്യാര്‍ഥികള്‍ക്ക് 1900 രൂപയുമാണ്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര കോളേജുകളില്‍ എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട യുജി, പിജി ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നല്‍കേണ്ടത്.

ഇ-ഗ്രാന്റ് ലഭിക്കാന്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആദിവാസി ദളിത്‌ വിദ്യാര്‍ഥികള്‍ Screengrab, Copyright: Facebook

സര്‍ക്കാര്‍, കോളേജ് ഹോസ്റ്റല്‍ ലഭിക്കാത്ത എസ്സി വിദ്യാര്‍ഥികള്‍ സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുകയാണെങ്കില്‍ 1500 രൂപയും എസ്ടി വിദ്യാര്‍ഥികള്‍ക്ക് 3000 രൂപയുമാണ് പ്രതിമാസം നല്‍കേണ്ടത്. ഡേ സ്‌കോളേഴ്സിന് പ്രതിമാസം 800 രൂപയും നല്‍കേണ്ടതാണ്.

പ്രൊഫഷണല്‍ കോളേജുകളില്‍ (മെഡിക്കല്‍, എഞ്ചിനീയറിംഗ്) പ്രതിമാസം ഹോസ്റ്റല്‍ അലവന്‍സ് 4500 രൂപ എന്ന നിരക്കിലാണ് കുറേ വര്‍ഷമായി നിലനില്‍ക്കുന്നത്. പ്രതിമാസം 3500 രൂപ മാത്രമേ കിട്ടൂ എന്നതിനാല്‍ മിക്കവാറും എയ്ഡഡ്, സ്വകാര്യ കോളേജുകള്‍ ഹോസ്റ്റലുകളുണ്ടെങ്കിലും എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കില്ല. ശരാശരി 6500-8000 രൂപയാണ് ഹോസ്റ്റല്‍ ചെലവുകള്‍ക്കായി വിദ്യാര്‍ഥി നല്‍കേണ്ടി വരിക. പേയിങ്ങ് ഗസ്റ്റ് ഹോസ്റ്റലുകളിലും ഇത്രതന്നെ ചെലവ് വരും.

ഈ പരിമിതമായ പൈസയാണ് ദളിത്, ആദിവാസി, മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നല്‍കാതെ കാറ് വാങ്ങാനും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ചെലവഴിച്ചത്.

ഹോസ്റ്റല്‍ അലവന്‍സുകള്‍ പ്രതിമാസം 6500 രൂപയാക്കി എല്ലാ വിഭാഗക്കാര്‍ക്കും വര്‍ദ്ധിപ്പിക്കണമെന്ന് എസ്സി, എസ്ടി വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടും ധനകാര്യ വകുപ്പ് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഒരു വിദ്യാര്‍ത്ഥി കോളേജില്‍ പ്രവേശിച്ചാല്‍ ഉടന്‍ ഫ്രീഷിപ്പ് കാര്‍ഡ് നല്‍കും എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിനാല്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവേശന സമയത്ത് ഭീമമായ തുക വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയാണ്. വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഗ്രാന്റുകള്‍ വൈകി എത്തുന്നതിനാല്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കര്‍ശന തീരുമാനമെടുക്കേണ്ടി വരികയാണ്.

ബിരുദം, ബിരുദാനന്തര, ഗവേഷക വിദ്യാര്‍ഥികള്‍ ഗ്രാന്റ് ലഭിക്കാതെ പഠനം അവസാനിപ്പിക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. കോഴ്സുകള്‍ കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും ലഭിക്കാത്തതിനാല്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കുന്നില്ല.

പഠനകാലയളവില്‍ കൃത്യസമയത്ത് ഫീസ് നല്‍കാത്തതിനാല്‍ പരീക്ഷാഫീസുകള്‍ വിദ്യാര്‍ഥി സ്വന്തം കൈയില്‍ നിന്നും കൊടുക്കേണ്ടിവരുന്നു. ഹാള്‍ടിക്കറ്റുകളും റിസള്‍ട്ടും തടഞ്ഞുവെക്കുന്നതും സാധാരണമാണ്.

ദളിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗങ്ങളോട് കാണിക്കുന്ന ജാതീയവും വംശീയവുമായ വിവേചനങ്ങളുടെ തുടര്‍ച്ചയാണ് ജന്മാവകശമായുള്ള വിദ്യാഭ്യാസം നിഷേധിക്കല്‍. പഠനകാലത്ത് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് നല്‍കേണ്ട തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടും അത് അനുവദിച്ചു നല്‍കുന്നില്ല.

‘2021-22 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം മുഖേന മാത്രമേ അനുവദിച്ച് നല്‍കാന്‍ പാടുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന ഏര്‍പ്പെടുത്തി. എന്നാല്‍ ഇത് സംബന്ധിച്ച് സാങ്കേതിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയത് കാരണം സ്‌കോളര്‍ഷിപ്പ് കുടിശ്ശികയാവുന്ന സാഹചര്യമുണ്ടായി. സാങ്കേതിക സഹായം ലഭ്യമായ ഉടന്‍ തന്നെ കുടിശ്ശിക അടക്കമുള്ള മുഴുവന്‍ തുകയും വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചു. വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിലും സ്ഥാപനങ്ങള്‍ ഈ അപേക്ഷകള്‍ പരിശോധിച്ച് ഫോര്‍വേര്‍ഡ് ചെയ്യുന്നതിലും വന്ന കാലതാമസവും കുടിശ്ശിക വരുവാന്‍ കാരണമായി.’, ഇ-ഗ്രാന്റ് എന്തുകൊണ്ട് നല്‍കുന്നില്ല എന്നതിന് മുന്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞ മറുപടിയാണിത്.

ഇ-ഗ്രാന്റ് ലഭിക്കാന്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആദിവാസി ദളിത്‌ വിദ്യാര്‍ഥികള്‍ Screengrab, Copyright: Facebook

പരാതികള്‍ പറയുമ്പോള്‍ ഇ-ഗ്രാന്റ് ഇനത്തില്‍ കോടികള്‍ നല്‍കിയ കണക്കാണ് മന്ത്രി ഉള്‍പ്പെടെ പറയാറുള്ളത്. പക്ഷേ ആര്‍ക്ക്, ഏത് ഇനത്തില്‍ ഏത് മാസം വരെ എന്ന കണക്കുകള്‍ പറയുന്നില്ല. എന്നാല്‍ ഈ പണം പോകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മറ്റു ചെലവുകളിലേയ്ക്കാണ് എന്നത് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ പഠനകാലത്ത് ഉപജീവനത്തിനും പഠന ആവശ്യത്തിനും ലഭിക്കേണ്ട തുകകള്‍ നല്‍കാതെ വകമാറ്റി ചിലവഴികുന്നത് മനുഷ്യാവകാശ ലംഘനവും വിവേചനവുമാണ്.

ഇ- ഗ്രാന്റ് വിതരണം ചെയ്യാനുള്ള കുടിശ്ശിക

കേരളത്തില്‍ ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള കുടിശ്ശിക 548 കോടി രൂപയാണെന്നാണ് കണക്കുകള്‍. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 122.16 കോടിയും പട്ടികവര്‍ഗ വിഭാഗത്തിന് 16.53 കോടിയും പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 410.19 കോടി രൂപയും നല്‍കാനുണ്ട്.

പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റ് 6.26 കോടി, ഫീസ്, ഹോസ്റ്റല്‍ ഫീസ്-23.15 കോടി, ഫെലോഷിപ്പ് -2.40 കോടി, സംസ്ഥാന അക്കാദമിക് അലവന്‍സ്- 5.43 കോടി എന്നിങ്ങനെയാണ് ആകെയുള്ള കുടിശ്ശിക. പട്ടികവര്‍ഗ വിഭാഗത്തിന്റെ ഫീസ്,ഹോസ്റ്റല്‍ ഫീസ്-15.24 കോടി, മറ്റുള്ളവ- 1.29 കോടിയുമാണ്.

കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം വരെയുള്ള പോസ്റ്റ് മെട്രിക് പട്ടികജാതി വിദ്യാര്‍ഥികളുടെ ഫീസ്, കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവന്‍സ് എന്നീ ഇനങ്ങളിലെ ആകെ തുകയുടെ 40 ശതമാനം സംസ്ഥാന സര്‍ക്കാരും 60 ശതാമാനം കേന്ദ്ര സര്‍ക്കാരുമാണ് നല്‍കുന്നത്. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംസ്ഥാന സര്‍ക്കാരും 75 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കുന്നു. ശേഷിക്കുന്ന എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.

അതുകൊണ്ടുതന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഈ അട്ടിമറി നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസ ഗ്രാന്റുകള്‍ നല്‍കുന്നതിന് ഒരു ഏകീകൃത പോര്‍ട്ടല്‍ നടപ്പാക്കി 2021 ല്‍ ഒരു ഗൈഡ്ലൈന്‍ കൊണ്ടുവന്നിരുന്നു. വാര്‍ഷിക വരുമാനം 2.5 ലക്ഷം കൂടിയാല്‍ ഗ്രാന്റുകള്‍ നല്‍കേണ്ടെന്നും വര്‍ഷത്തില്‍ ആഗസ്റ്റ്, ഡിസംബര്‍, മാര്‍ച്ച് മാസങ്ങളില്‍ മൂന്ന് തവണയായി ഗ്രാന്റുകള്‍ നല്‍കിയാല്‍ മതിയെന്നും ഗൈഡ്ലൈനില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വകുപ്പാകട്ടെ വര്‍ഷത്തില്‍ ഒരു തവണമാത്രം ഒന്നിച്ച് നല്‍കിയാല്‍ മതി എന്ന് ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാനം നല്‍കേണ്ട വിഹിതം കൃത്യസമയത്ത് നല്‍കാതിരിക്കുകയും വര്‍ഷത്തില്‍ ഒരു തവണ നല്‍കുമെന്ന വാഗ്ദാനം പോലും പാലിക്കാത്ത സാഹചര്യത്തിലാണ് ഭീമമായ തുക കുടിശ്ശികയായി മാറിയത്.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന എസ്സി, എസ്ടി ഗവേഷകര്‍ ഫെല്ലോഷിപ്പ് മുടങ്ങിയതിനെ തുടര്‍ന്ന് ഗവേഷണം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്. പല ഗവേഷകരും ഗവേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കൂലിപ്പണിയ്ക്ക് പോകേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹായത്താല്‍ പഠനം നടത്തുന്ന 217 ഗവേഷകര്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് ജെആര്‍എഫ് ഇനത്തില്‍ 23250 രൂപയും എസ്ആര്‍എഫ് ഇനത്തില്‍ 26250 രൂപയുമാണ് മാസം നല്‍കുന്നത്. ഇവര്‍ക്ക് ഫെല്ലോഷിപ്പ് വിതരണത്തിന് പ്രതിമാസം 50 ലക്ഷത്തിന് താഴെയേ മതിയാകും. എന്നിട്ടും ഈ തുക സര്‍ക്കാര്‍ കുടിശ്ശിക വരുത്തുകയാണ്.

1980 ന് ശേഷം കേരളത്തില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചിട്ടില്ല. മാത്രമല്ല, നിലവിലുള്ള ഹോസ്റ്റലുകള്‍ പര്യാപ്തവുമല്ല. അതുകൊണ്ടുതന്നെ പണം നല്‍കി കോളേജ്, സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ഗ്രാന്റ് കിട്ടിയില്ലെങ്കില്‍ അത് പഠനത്തെയും മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗ്രാന്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 100 ല്‍ പരം യുജി, പിജി വിദ്യാര്‍ത്ഥികള്‍ വിവിധ കലാലയങ്ങളില്‍ നിന്നും പഠനം അവസാനിപ്പിച്ചതായാണ് ആദിശക്തി സമ്മര്‍ സ്‌കൂള്‍ പറയുന്നത്.

ഗ്രാന്റ് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ സമരങ്ങള്‍ നയിക്കുന്ന ആദിവാസി, ദളിത് വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ആദിശക്തി സമ്മര്‍ സ്‌കൂള്‍. ഈ മാസം 20 ന് ആദിവാസി, ദളിത് വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ് സംരക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ച് ആദിശക്തി സമ്മര്‍ സ്‌കൂളും ആദിവാസി, ദളിത് വിദ്യാര്‍ഥികളും സെക്രട്ടറിയേറ്റ് ധര്‍ണയും രാജ്ഭവന്‍ മാര്‍ച്ചും നടത്തുകയാണ്. പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.

ഇ- ഗ്രാന്റ് വരുമാനപരിധി രണ്ടര ലക്ഷം എന്നത് എടുത്തു കളയുക, വിദ്യാര്‍ഥിക്ക് ലഭിക്കേണ്ട എല്ലാ ഗ്രാന്റുകളും പ്രതിമാസം നല്‍കുക, ഇ-ഗ്രാന്റ് കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ക്കുക, ഹോസ്റ്റല്‍ അലവന്‍സുകള്‍ അനുയോജ്യമായ നിലയില്‍ വര്‍ദ്ധിപ്പിക്കുക, വര്‍ഷത്തില്‍ ഒറ്റ തവണയായി വിദ്യാഭ്യാസ അലവന്‍സുകള്‍ കൊടുത്താല്‍ മതിയെന്ന കേരള സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് ഈ ആവശ്യങ്ങള്‍.

FAQs

എന്താണ് സ്കോളര്‍ഷിപ്പ്?

തുടർ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് സ്കോളർഷിപ്പ്.

എന്താണ് ഇ-ഗ്രാന്റ്?

ആദിവാസി, ദളിത്‌ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സാമ്പത്തിക സഹായ പദ്ധതിയാണ് ഇ-ഗ്രാന്റ്.

എന്താണ് ആദിശക്തി സമ്മര്‍ സ്കൂള്‍?

ആദിവാസി, ദളിത്‌ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ആദിശക്തി സമ്മര്‍ സ്കൂള്‍. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ 2015ൽ കണ്ണൂർ ജില്ലയിലെ ആറളത്താണ് ആദിശക്തി സമ്മർ സ്കൂൾ ആദ്യമായി ആരംഭിച്ചത്.

Quotes

“ലോകത്തെ മാറ്റാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം- നെൽസൺ മണ്ടേല.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.